
കാറുകൾ ഉൾപ്പെടെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് വൻ ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. കാറുകൾ വാങ്ങുമ്പോൾ നാലുലക്ഷം രൂപവരെ കുറവുണ്ടാകും. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് തെലങ്കാന സർക്കാരിന്റെ നടപടി. വാഹന നിർമ്മാതാക്കളുമായി സർക്കാർ നേരിട്ട് പങ്കാളിത്തത്തിൽ ഏർപ്പെട്ടാണ് വിലക്കുറവ് സാദ്ധ്യമാക്കിയത്. മഹീന്ദ്ര ഇലക്ട്രിക്, ഓല ഇലക്ട്രിക്, ഏഥർ എനർജി, ഗ്രാവ്ടൺ മോട്ടോഴ്സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായി ഇതിനകം കരാറുകളിൽ ഒപ്പിട്ടു കഴിഞ്ഞു. ടാറ്റയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനൊപ്പം കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ ആവുമോ എന്നും പരിശോധിക്കുന്നുണ്ട്. അഞ്ച് ലക്ഷത്തിലധികം വരുന്ന സർക്കാർ ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കരാറിന്റെ ഭാഗമായി വാഹന നിർമാതാക്കൾ 20 ശതമാനം വരെ വിലക്കുറവാണ് ജീവനക്കാർക്ക് നൽകുന്നത്. ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്കും ഈ ആനുകൂല്യം ലഭ്യമാകും. മുന്തിയ ഇനം ഇലക്ട്രിക് കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നാലുലക്ഷം രൂപ വരെ ലാഭിക്കാൻ ഈ പദ്ധതിയിലൂടെ കഴിയും എന്നാണ് റിപ്പോർട്ട്.
ഷോറൂം വിലയിൽ കുറവുവരുത്തിയാണ് വിലക്കുറവ് സാദ്ധ്യമാക്കുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 20 ലക്ഷം രൂപ ഷോറൂം വിലയുള്ള ഒരു ഇലക്ട്രിക് കാറിന് 20 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുമ്പോൾ വിലയിൽ നാലുലക്ഷം രൂപയുടെ കുറവുണ്ടാകും. ഒരുലക്ഷം മുതൽ ഒന്നര ലക്ഷം വരെ വിലയുള്ള ഇരുചക്ര വാഹനങ്ങൾക്ക് ഏകദേശം 20,000 മുതൽ 30,000 രൂപവരെ ഇളവ് പ്രതീക്ഷിക്കുന്നുണ്ട്.
വാഹന നിർമാതാക്കൾ നൽകുന്ന ഇളവുകളാണ് ഇതെങ്കിൽ സർക്കാരും മറ്റുചില ഇളവുകൾ നൽകുന്നുണ്ട്. സ്വകാര്യ കാറുകൾ, കൊമേഴ്സ്യൽ വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിഭാഗം ഇലക്ട്രിക് വാഹനങ്ങൾക്കും റോഡ് ടാക്സും രജിസ്ട്രേഷൻ ഫീസും 100 ശതമാനം ഒഴിവാക്കിയിട്ടുണ്ട്. 2026 ഡിസംബർ 31 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതുകൂടിയാകുമ്പോൾ വാഹനം വാങ്ങുന്നതിന് വീണ്ടും ചെലവ് കുറയും. ഇതോടെ ഇലക്ട്രിക് വാഹനങ്ങളും പെട്രോൾ/ഡീസൽ വാഹനങ്ങളും തമ്മിലുള്ള വില വ്യത്യാസം ഇല്ലാതാകും. ഇത് ജീവനക്കാരെ പൂർണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് അടുപ്പിക്കും എന്നാണ് സർക്കാർ പ്രതീക്ഷ.
ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത് പ്രധാന ഓഫീസുകൾ ഉൾപ്പെടെയുള്ളിടങ്ങളിൽ കൂടുതൽ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കുറഞ്ഞ വൈദ്യുതി നിരക്കായിരിക്കും ഇവിടങ്ങളിൽ ഏർപ്പെടുത്തുക. ഇതും പ്രോത്സാഹനമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |