ഇനിമുതൽ വാഹനങ്ങളുടെ മലിനീകരണ പരിശോധനയിൽ (പൊല്യൂഷൻ ടെസ്റ്റ്) വിലയിരുത്തുക പുക മാത്രമല്ല. വാഹനത്തിന്റെ ബ്രേക്കുകൾ, ടയർ എന്നിവയടക്കം ഉണ്ടാക്കുന്ന മലിനീകരണവും വിലയിരുത്തപ്പെടും. പേരിനുവേണ്ടിയുള്ള വിലയിരുത്തൽ മാത്രമാകില്ല; എല്ലാം കർശനമായി പരിശോധിച്ചായിരിക്കും പൊല്യൂഷൻ സർട്ടിഫിക്കറ്റ് തരിക. ബിഎസ്-VII മലിനീകരണ നിയന്ത്രണങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന അടിമുടി മാറുന്നത്. രാജ്യത്തെ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളിൽ ഏറ്റവും വലിയ വിപുലീകരണത്തിനാണ് കേന്ദ്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
2029 ഏപ്രിൽ മുതൽ ബിഎസ്-VII മാനദണ്ഡങ്ങൾ ഘട്ടംഘട്ടമായി നടപ്പിലാക്കാൻ നിർദ്ദേശിച്ചുകൊണ്ട് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പുറത്തിറക്കിയ കരട് ഗസറ്റ് വിജ്ഞാപനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പുക പുറന്തള്ളാത്ത ഇലക്ട്രിക് വാഹനങ്ങളുടെ ബ്രേക്കിംഗിലൂടെ ഉണ്ടാക്കുന്ന മലിനീകരണം, ടയർ തേയ്മാനം, ബാറ്ററിയുടെ ഈടുനിൽപ്പ് എന്നിവയും പുതിയ പരിശോധനയിൽ വിലയിരുത്തപ്പെടും. യൂറോപ്പിലെ യൂറോ 7 ചട്ടക്കൂടുമായി വലിയ സാമ്യമുള്ളവയാണ് ബിഎസ്-VII മാനദണ്ഡങ്ങൾ.
ഇലക്ട്രിക് വാഹനങ്ങളുടെയും പ്ലഗ്ഇൻ ഹൈബ്രിഡുകളുടെയും ബാറ്ററിയുടെ ഈടുനിൽപ്പ് പുതിയ മാനദണ്ഡങ്ങൾ പ്രകാരം വിലയിരുത്തപ്പെടും. അഞ്ചുവർഷം അല്ലെങ്കിൽ ഒരുലക്ഷം കിലോമീറ്റർ വരെ ബാറ്ററികൾ അവയുടെ യഥാർത്ഥ ശേഷിയുടെ കുറഞ്ഞത് 75 ശതമാനവും, 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ വരെ 67 ശതമാനവും നിലനിർത്തണമെന്നാണ് പുതിയ വ്യവസ്ഥകൾ നിഷ്കർഷിക്കുന്നത്.
ടയർ തേയ്മാനത്തിലൂടെ ഉണ്ടാകുന്ന മലിനീകരണവും കർശനമായി വിലയിരുത്തുന്നതിനൊപ്പം അത് നിയന്ത്രിക്കാനുള്ള വ്യവസ്ഥകളും പുതിയ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നുണ്ട്. കാനഡ, യു.എസ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇതിനകം തന്നെ ടയർ ലെവി സിസ്റ്റം നടപ്പിലാക്കുന്നുണ്ട്. പുതിയ ടയർ വിൽപ്പനയിൽ ഈടാക്കുന്ന ഈ തുക ഉപയോഗിച്ച ടയറുകളുടെ പുനരുപയോഗത്തിനും പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത സംസ്കരണത്തിനും ധനസഹായം നൽകാൻ ഉപയോഗിക്കും.
പുതിയ മാനദണ്ഡങ്ങൾ വരുന്നതോടെ പരിശോധന ശക്തമാകും. മാത്രമല്ല വാഹനം ഉപയോഗിക്കുന്ന കാലത്തുടനീളം മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുളള സംവിധാനങ്ങളും നിലവിൽ വരും. നൂറുശതമായ കൃത്രിമം തടയുന്നതാകും ഇത്തരം പരിശോധനകൾ.
India is set to significantly expand vehicle pollution testing with BS-VII emission standards, phased in from April 2029. New assessments will go beyond exhaust emissions to include pollution from brakes and tire wear. Electric and hybrid vehicle battery durability will also be rigorously evaluated, ensuring comprehensive environmental compliance throughout a vehicle's operational life.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |