SignIn
Kerala Kaumudi Online
Saturday, 17 October 2026 3.42 PM IST

എണ്ണവിലയിൽ ആശ്വാസം പ്രതീക്ഷിക്കാം; മാസങ്ങൾക്കകം ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളർ ആയേക്കുമെന്ന് റിപ്പോർട്ട്

crude-oil
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: അടുത്ത വർഷത്തോടെ എണ്ണ വിതരണം സാധാരണ നിലയിലേക്ക് എത്തുമെന്ന് ഗോൾഡ്മാൻ സാക്സ് റിസർച്ച്. ആഗോള വിപണിയിൽ ആവശ്യത്തേക്കാൾ കൂടുതൽ എണ്ണ ലഭിക്കുന്ന സാഹചര്യം രൂപപ്പെടുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറായി കുറയാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അമേരിക്ക–ഇസ്രയേൽ–ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായാൽ എണ്ണവില പ്രതീക്ഷിച്ചതിലും കൂടുതൽ കാലം ഉയർന്നുനിൽക്കാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

റിപ്പോർട്ടനുസരിച്ച്, ആഗോള വിപണിയിലെ പ്രധാന എണ്ണ ഇനമായ ബ്രെന്റ് ക്രൂഡിന്റെ വില 2026 ഡിസംബറിൽ ബാരലിന് 90 ഡോളറിലെത്തും. തുടർന്ന് 2027ൽ ബ്രെന്റ് ക്രൂഡിന്റെ ശരാശരി വില ബാരലിന് 80 ഡോളറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോൾഡ്മാൻ സാക്സിലെ ആഗോള ചരക്ക് വിപണി ഗവേഷണ വിഭാഗത്തിന്റെ സഹമേധാവിയും എണ്ണവിപണി ഗവേഷണ വിഭാഗം മേധാവിയുമായ ഡാൻ സ്ട്രൂവനാണ് റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയത്.

പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതി വീണ്ടെടുത്തതും പേർഷ്യൻ ഗൾഫിന് പുറത്തുള്ള രാജ്യങ്ങളിൽ ഉൽപ്പാദനം വർദ്ധിച്ചതും ആഗോള എണ്ണവിതരണത്തിലെ കുറവിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം, എണ്ണയ്ക്കുള്ള ആഗോള ആവശ്യകത കുറഞ്ഞതും വിപണിയിലെ സമ്മർദം നീക്കുന്നു. 2026 മാർച്ചിൽ ആഗോള എണ്ണവിതരണം ആവശ്യത്തേക്കാൾ പ്രതിദിനം 72 ലക്ഷം ബാരൽ കുറവായിരുന്നു. എന്നാൽ സെപ്തംബറോടെ ഈ കുറവ് പ്രതിദിനം മൂന്ന് ലക്ഷം ബാരലായി ചുരുങ്ങി.

അതായത്, ആവശ്യവും വിതരണവും തമ്മിലുള്ള അന്തരം ഗണ്യമായി കുറഞ്ഞു. ഈ വർഷം അവസാനത്തോടെ എണ്ണ വിപണി മിച്ചത്തിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ക്രൂഡ് ഓയിൽ വില കുറയാൻ കാരണമായേക്കുമെന്നാണ് ഗോൾഡ്മാൻ സാക്സ് റിസർച്ച് വ്യക്തമാക്കുന്നത്.

English Summary

Goldman Sachs Research forecasts global oil supply normalization by next year, anticipating a market surplus that could push crude oil prices down to $80 per barrel. This is due to recovering Middle East exports, increased production, and reduced global demand. However, escalating US-Israel-Iran tensions could prolong elevated prices, with Brent crude averaging $80 in 2027.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRUDE OIL PRICE, OIL PRICE FORECAST 2027, GOLDMAN SACHS OIL REPORT, BRENT CRUDE OIL, GLOBAL OIL SUPPLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE