
മലബാർ ഭാഗത്ത് വളരെ പ്രശസ്‌തമായൊരു പലഹാരമാണ് ചിരിമുട്ട. പേരുപോലെതന്നെ കഴിക്കുന്നവരുടെ മുഖത്ത് പുഞ്ചിരി വിടർത്തുന്ന ഈ പലഹാരം വൈകുന്നേരങ്ങളിൽ ചായയ്‌ക്കൊപ്പം കഴിക്കാൻ ഉത്തമമാണ്. ബ്രഡിന്റെ മൊരിഞ്ഞ രുചിയും ഉള്ളിലെ മുട്ടയും മസാലയും കൂടി ചേരുമ്പോൾ ഈ പലഹാരത്തിന്റെ സ്വാദ് ഒന്നുവേറെ തന്നെയാണ്.
ചേരുവകൾ
ബ്രെഡ്
മുട്ട മൂന്നെണ്ണം
ബ്രെഡ്ക്രംബ്സ്
പുഴുങ്ങിയ മുട്ട നാലെണ്ണം
സവാള മൂന്നെണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1 ടേബിൾസ്പൂൺ
പച്ചമുളക് മൂന്നെണ്ണം
കറിവേപ്പില
മഞ്ഞൾപ്പൊടി-1/4 ടീസ്പൂൺ
മുളകുപൊടി-1 ടേബിൾസ്പൂൺ
ഗരം മസാല-1/2 ടീസ്പൂൺ
കുരുമുളകുപൊടി-1 ടീസ്പൂൺ
മല്ലിയില
തയ്യാറാക്കുന്ന വിധം
ബ്രെഡ് വൃത്താകൃതിയിൽ മുറിച്ചെടുക്കുക. ഒരു പാത്രത്തിൽ മൂന്ന് മുട്ട പൊട്ടിച്ചൊഴിച്ച് അതിൽ കുരുമുളകും ഉപ്പും ചേർത്ത് ഇളക്കിയെടുക്കുക. വൃത്താകൃതിയിൽ മുറിച്ച ബ്രെഡ് ഇതിൽ മുക്കിയെടുത്ത് ബ്രെഡ്‌ക്രംസിൽ പൊതിയണം. ഇത്തരത്തിൽ തയ്യാറാക്കിയ രണ്ട് ബ്രെഡുകൾ ഒന്നിച്ചുവയ്‌ച്ചശേഷം അവ ബ്രെഡ്‌ക്രംബ്‌സിൽ ഒരിക്കൽകൂടി പൊതിഞ്ഞ് എണ്ണയിൽ വറുത്തെടുക്കാം.
ചിരിമുട്ടയിൽ വയ്‌ക്കാനുള്ള ഫില്ലിംഗിനായി ഒരു പാനിൽ എണ്ണ ചൂടാക്കിയ ശേഷം അതിലേക്ക് സവാള പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റണം. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേർത്ത് വീണ്ടും വഴറ്റിയെടുക്കാം. ശേഷം നേരത്തെ വറുത്ത് മാറ്റിവച്ചരിക്കുന്ന ബ്രെഡിന്റെ ഒരു വശം ചെറുതായി മുറിച്ച് അതിനുള്ളിലേക്ക് ഈ ഫില്ലിംഗ്‌സ് നിറയ്‌ക്കാം. അതിനുമുകളിലേക്ക് പുഴുങ്ങിയ മുട്ടയുടെ പകുതികൂടി വയ്‌ക്കാം. ആവശ്യമെങ്കിൽ മയോണൈസും ചേർക്കാം. ഇതോടെ പുഞ്ചിരി മുട്ട തയ്യാറായിക്കഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |