SignIn
Kerala Kaumudi Online
Thursday, 18 June 2026 12.33 PM IST

ഓട്ടിസം ഒരു വൈകല്യമല്ല, വൈവിദ്ധ്യമാണ്

child

ലോകത്തെ തികച്ചും വ്യത്യസ്തമായൊരു കോണിലൂടെ കാണാനും മനസിലാക്കാനും കഴിയുന്നവരാണ് ഓട്ടിസമുള്ളവർ. ജൂൺ 18ന് ലോകം 'ഓട്ടിസ്റ്റിക് പ്രൈഡ് ഡേ' ആചരിക്കുമ്പോൾ സമൂഹത്തിന് നൽകാനുള്ള സന്ദേശവും ഇതുതന്നെയാണ് 'ഓട്ടിസം എന്നത് ചികിത്സിച്ചു മാറ്റേണ്ട ഒരു രോഗമല്ല, മറിച്ച് മനുഷ്യ മസ്തിഷ്‌കത്തിന്റെ സ്വാഭാവികമായ ഒരു വൈവിധ്യമാണ്'.

ഒരുവ്യക്തിയുടെ ആശയവിനിമയ ശേഷി, ചിന്താരീതി, പെരുമാറ്റം, സാമൂഹിക ഇടപെടലുകൾ എന്നിവയെ സ്വാധീനിക്കുന്ന ഒരു അവസ്ഥയാണ് ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ. ഈ അവസ്ഥയിലുള്ള കുട്ടികൾക്ക് സമൂഹത്തിൽ നിന്നും സഹതാപമല്ല, മറിച്ച് അർഹിക്കുന്ന പരിഗണനയും കരുതലുമാണ് ലഭിക്കേണ്ടത്.

ഇവരെ പ്രത്യേകമായി സ്‌കൂളുകളിലേക്കോ മറ്റിടങ്ങളിലേക്കോ മാറ്റിനിർത്താതെ മറ്റ് കുട്ടികൾക്കൊപ്പം വിദ്യാഭ്യാസം നൽകാനും സാമൂഹിക ഇടപെടലുകൾ നടത്താനുമായി പ്രോത്സാഹിപ്പിക്കുക. അവർക്ക് സാമൂഹിക അംഗീകാരവും അനിവാര്യമാണെന്നും അതോടൊപ്പം മുൻവിധികളില്ലാതെ അവരുടെ കുറവുകളെ മനസിലാക്കി അവരുടെ സവിശേഷമായ കഴിവുകളെ തിരിച്ചറിഞ്ഞ് മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ നമുക്ക് സാധിക്കണം.

ഓട്ടിസത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ

വളർച്ചയുടെ ആദ്യ വർഷങ്ങളിൽ തന്നെ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരു പീഡിയാട്രീഷ്യനെയോ ചൈൽഡ് സൈക്കോളജിസ്റ്റിന്റയോ വിദഗ്‌ദോപദേശം തേടുക:

  • സംസാരിക്കുമ്പോഴോ പേര് വിളിക്കുമ്പോഴോ മറ്റുള്ളവരുടെ കണ്ണുകളിലേക്ക് നോക്കാൻ മടികാണിക്കുക.
  • പ്രായത്തിന് അനുസരിച്ചുള്ള സംസാരശേഷി കൈവരിക്കാതിരിക്കുകയോ, പഠിച്ച വാക്കുകൾ പിന്നീട് മറന്നുപോവുകയോ ചെയ്യുക.
  • കൈകൾ തുടർച്ചയായി വീശുക, ശരീരം മുന്നോട്ടും പിന്നോട്ടും ആട്ടുക, അല്ലെങ്കിൽ ഒരേ വാക്കുകൾ തന്നെ ആവർത്തിച്ചു പറയുക.
  • മറ്റ് കുട്ടികളോടൊപ്പം കളിക്കാൻ താല്പര്യമില്ലാതിരിക്കുക, തന്റേതായ ലോകത്ത് ഒതുങ്ങിക്കൂടുക, ദിനചര്യകളിലോ ചുറ്റുപാടുകളിലോ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും കുട്ടിയെ കടുത്ത അസ്വസ്ഥതയിലാക്കുക.
  • മറ്റുള്ളവരുടെ സങ്കടമോ സന്തോഷമോ തിരിച്ചറിയാനും പ്രതികരിക്കാനും കഴിയാതെ വരിക.

ഓട്ടിസത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ എന്തെല്ലാം

ജനിതകവും പാരിസ്ഥിതികവുമായ പല ഘടകങ്ങൾ ഓട്ടിസത്തിന് കാരണമാകാം:

  • ജനിതക ഘടകങ്ങൾ: കുടുംബത്തിൽ ആർക്കെങ്കിലും ഓട്ടിസം ഉണ്ടെങ്കിൽ അടുത്ത തലമുറയിലുള്ള കുട്ടികളിൽ ഓട്ടിസത്തിനുള്ള സാദ്ധ്യത കൂടുതലാണ്.
  • മാതാപിതാക്കളുടെ പ്രായം: ഗർഭധാരണ സമയത്ത് മാതാപിതാക്കളുടെ പ്രായം പ്രത്യേകിച്ച് പിതാവിന്റെ കൂടുതലാണെങ്കിൽ ജനിക്കുന്ന കുട്ടിക്ക് ഓട്ടിസം വരാനുള്ള സാദ്ധ്യതയുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
  • ഗർഭകാലത്തെ സങ്കീർണതകൾ: മാസം തികയാതെയുള്ള പ്രസവം, ജനനസമയത്ത് കുട്ടിക്ക് ഭാരം വളരെ കുറവായിരിക്കുക തുടങ്ങിയ കാര്യങ്ങൾ റിസ്‌ക് വർദ്ധിപ്പിക്കുന്നു.

അംഗീകാരമാണ് ഏറ്റവും വലിയ ചികിത്സ

കുട്ടികളിൽ ഒന്നര മുതൽ രണ്ട് വയസിനുള്ളിൽ തന്നെ കൃത്യമായ പരിശോധനകളിലൂടെ ഓട്ടിസം കണ്ടെത്താനാകും. തലച്ചോറിന്റെ വളർച്ച അതിവേഗം നടക്കുന്ന ഈ ഘട്ടത്തിൽ തന്നെ സ്പീച്ച് തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ബിഹേവിയറൽ തെറാപ്പി എന്നിവ നൽകുന്നത് കുട്ടികളുടെ ആശയവിനിമയ ശേഷിയും സാമൂഹിക ഇടപെടലുകളും ഗണ്യമായി മെച്ചപ്പെടുത്താൻ സഹായിക്കും. രോഗനിർണയത്തിന് ശേഷം ഇവരെ പ്രത്യേക സ്‌കൂളുകളുടെ നാല് ചുവരുകൾക്കുള്ളിലേക്ക് മാത്രം ഒതുക്കാതെ, സാദ്ധ്യമാകുന്ന സാഹചര്യങ്ങളിലെല്ലാം മറ്റ് കുട്ടികൾക്കൊപ്പം ഇടപഴകാൻ അവസരം ഒരുക്കേണ്ടത് അനിവാര്യമാണ്.

അതിലൂടെ ഓട്ടിസമുള്ള കുട്ടികളുടെ സാമൂഹിക കഴിവുകൾ വർദ്ധിപ്പിക്കുക മാത്രമല്ല, എല്ലാത്തരം വൈവിധ്യങ്ങളെയും അംഗീകരിക്കാനും സഹാനുഭൂതിയോടെ പെരുമാറാനും മറ്റ് കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുന്നു. അമിതമായ ശബ്ദമോ പ്രകാശമോ ഇല്ലാത്ത, ശാന്തവും സൗഹൃദവുമായ ഒരു അന്തരീക്ഷം അവർക്കായി വീട്ടിലും സ്‌കൂളിലും ഉറപ്പാക്കാൻ ശ്രദ്ധിക്കണം.

ഓരോ കുട്ടിക്കും അവരുടേതായ പ്രത്യേകതകളും കഴിവുകളുമുണ്ട്. ചിത്രരചന, സംഗീതം, ഗണിതം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് തുടങ്ങി പല മേഖലകളിലും അസാധാരണമായ വൈദഗ്ധ്യം പ്രകടിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞേക്കാം. അതിനാൽ അവരുടെ പരിമിതികളെക്കുറിച്ച് ആശങ്കപ്പെടുന്നതിന് പകരം, സവിശേഷമായ ഈ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ഓട്ടിസം എന്നത് ചികിത്സിച്ചു ഭേദമാക്കേണ്ട ഒരു രോഗമല്ല മറിച്ച് മനുഷ്യ മസ്തിഷ്‌കത്തിന്റെ വ്യത്യസ്തമായ ഒരു പ്രവർത്തനരീതി മാത്രമാണെന്ന് സമൂഹം തിരിച്ചറിയണം. അവരെ സഹതാപത്തോടെയല്ല, തുല്യ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും ഉൾക്കൊള്ളാൻ നമുക്ക് കഴിയണം.

muhammad-reshad

ഡോ. മുഹമ്മദ് റെഷാദ്,

സീനിയർ കൺസൾട്ടന്റ് പീഡിയാട്രിക്സ് & നിയോനാറ്റോളജി,
ആസ്റ്റർ മിംസ് കോട്ടക്കൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, LIFESTYLE HEALTH, AUTISM, AUTISM PRIDE DAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY