SignIn
Kerala Kaumudi Online
Thursday, 23 July 2026 7.05 PM IST

മുലയൂട്ടുന്ന അമ്മയുടെ ഭക്ഷണം: ഇക്കാര്യങ്ങൾ തീർച്ചയായും ഒഴിവാക്കണം

mother
പ്രതീകാത്മക ചിത്രം

പ്രസവശേഷമുള്ള അമ്മയുടെ ഭക്ഷണരീതി മുലപ്പാലിന്റെ ഗുണനിലവാരത്തെയും അമ്മയുടെ ആരോഗ്യത്തെയും നേരിട്ട് ബാധിക്കും. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും പ്രതിരോധ ശേഷിയ്ക്കും ഏറ്റവും മികച്ച ആഹാരമാണ് മുലപ്പാല്‍. അതിനാല്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം വളരെ പ്രധാനമാണ്.

ഊർജം

പ്രസവശേഷം അമ്മയ്ക്ക് ഊര്‍ജത്തിന്റെ ആവശ്യകത വളരെ കൂടുതലാണ്. ആദ്യത്തെ ആറുമാസം പ്രതിദിനം 500-550 കിലോ കലോറിയും തുടര്‍ന്നുള്ള 6-12 മാസം 400-450 കിലോ കലോറി അധിക ഊര്‍ജ്ജം ആവശ്യമാണ്. തവിട് കളയാത്ത അരി, മുഴുവന്‍ ഗോതമ്പ്, ഓട്‌സ്, റാഗി എന്നിവ ഊർജ ദായകമാണ്.

പ്രോട്ടീൻ

മുലപ്പാലിന്റെ ഉല്‍പാദനത്തിനും ശരീരകോശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനും പ്രോട്ടീന്‍ ആവശ്യമാണ്. കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ 6മാസം 19 ഗ്രാം പ്രോട്ടീനും പിന്നീടുള്ള 6-12 മാസം 13 ഗ്രാം പ്രോട്ടീനും അധികമായി ആവശ്യമാണ്. പാല്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ട, മീന്‍, കോഴിയിറച്ചി, പയര്‍ വര്‍ഗ്ഗങ്ങള്‍, അണ്ടിപ്പരിപ്പുകള്‍ എന്നിവ പ്രോട്ടീനുവേണ്ടി തിരഞ്ഞെടുക്കാം.

കൊഴുപ്പ്

മുലയൂട്ടുന്ന അമ്മമാര്‍ക്ക് ദിവസേനയുള്ള ഭക്ഷണത്തിന്റെ 30% ഊര്‍ജ്ജം ലഭിക്കുന്നത് കൊഴുപ്പില്‍ നിന്നാകണം. മുലയൂട്ടല്‍ കാലം ലിനോലെനിക് ആസിഡ്, ആല്‍ഫ ലിനോലെനിക് ആസിഡ് എന്നീ ഫാറ്റി ആസിഡുകളുടെ ആവശ്യം വര്‍ദ്ധിക്കുന്നു. ഫ്‌ലാക്‌സ് സീഡ്, ചിയാ സീഡ്, മത്തങ്ങ വിത്തുകള്‍, സൂര്യകാന്തി വിത്തുകള്‍, ഒലിവ് ഓയില്‍, കടുകെണ്ണ, സോയാബീന്‍ എണ്ണ എന്നിവ ഇതിന്റെ ഉറവിടങ്ങളാണ്.

കാര്‍ബോഹൈഡ്രേറ്റ്

മുലപ്പാല്‍ ഉല്പാദിപ്പിക്കാനും അമ്മയുടെ ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കാനും കാര്‍ബോഹൈഡ്രേറ്റുകള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തണം. മുഴുവന്‍ ധാന്യങ്ങള്‍, തൊലി നീക്കാത്ത പയര്‍ വര്‍ഗ്ഗങ്ങള്‍, ഇലക്കറികള്‍, പച്ചക്കറി സാലഡുകള്‍, പഴങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.


വിറ്റാമിനുകള്‍

കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളായ എ, ഡി, ഇ, കെ, വെള്ളത്തില്‍ ലയിക്കുന്ന ബി വിറ്റാമിനുകളും അമ്മയ്ക്ക് അത്യാവശ്യമാണ്. മുലയൂട്ടല്‍ കാലം അധിക ഊര്‍ജ്ജം ആവശ്യമാകയാല്‍ ബി വിറ്റാമിനുകള്‍ അടങ്ങിയ ആഹാരം കഴിക്കണം. വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങ വര്‍ഗ്ഗത്തില്‍പ്പെട്ട പഴങ്ങള്‍, നെല്ലിക്ക, പച്ചക്കറികള്‍, മുളപ്പിച്ച പയര്‍ എന്നിവ ഉള്‍പ്പെടുത്തണം. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

മിനറലുകള്‍ (ലവണങ്ങള്‍)

മുലയൂട്ടുന്ന അമ്മയ്ക്ക് കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, അയഡിന്‍ എന്നിവ വളരെ പ്രധാനമാണ്. കുഞ്ഞിന്റെയും അമ്മയുടെയും അസ്ഥിയുടെ ആരോഗ്യത്തിന് കാല്‍സ്യം ആവശ്യമാണ്. പാല്‍, പാലുല്‍പ്പന്നങ്ങള്‍, മുള്ളോടു കൂടിയ മത്സ്യം, എള്ള്, റാഗി, ഇലക്കറികള്‍ എന്നിവ കാൽസ്യത്തിന്റെ സ്രോതസ്സുകളാണ്. പ്രസവശേഷമുള്ള രക്തക്കുറവ് നികത്താന്‍ ഇരുമ്പ് ആവശ്യമാണ്. ഇലക്കറികള്‍, ഈന്തപ്പഴം, കരള്‍, റാഗി എന്നിവ ഇരുമ്പിന്റെ ഉറവിടങ്ങളാണ്.

വെള്ളം

ശരീരത്തിന്റെ താപനില ക്രമീകരിക്കാനും മുലപ്പാലിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ധാരാളം വെള്ളം ആവശ്യമാണ്. മുലയൂട്ടുന്ന കാലത്തെ നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ കരിക്കിന്‍ വെള്ളം, നാരങ്ങ വെള്ളം, ജ്യൂസുകള്‍, ഷേക്കുകള്‍ എന്നിവ നല്ലതാണ്. കാപ്പി, ചായ എന്നിവ പരമാവധി ഒഴിവാക്കാം.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

· ജങ്ക് ഫുഡുകള്‍, കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവ കുറയ്ക്കണം.
· ധാരാളം എരിവ്, മസാല, പുളിയുള്ള ഭക്ഷണങ്ങള്‍
· കാപ്പി, ചായ എന്നിവ മിതമായ അളവില്‍ മാത്രം
· മദ്യപാനം ഒഴിവാക്കുക

പോഷക സമ്പുഷ്ടവും സമീകൃതവുമായ ഭക്ഷണം, ആവശ്യത്തിന് വെള്ളം, വിശ്രമം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പാലിച്ച് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കാം.


Preethi R Nair
Chief Clinical Nutritionist
SUT Hospital, Pattom

English Summary

A mother's diet after childbirth directly affects both the quality of her breast milk and her overall health. Breast milk is the best source of nutrition for a baby's growth and immunity, making it essential for breastfeeding mothers to follow a balanced, nutrient-rich diet.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BREASTFEEDING DIET, FOODS TO AVOID WHILE BREASTFEEDING, BREASTFEEDING MOTHER FOOD, MULAYOOTTUNNA AMMA BHAKSHANAM, LACTATION DIET TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY