SignIn
Kerala Kaumudi Online
Monday, 06 July 2026 9.57 PM IST

കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സർക്കാരിന്റെ ലേബർ കോഡ്: പിണറായി വിജയൻ

pinarayi-vijayan

തിരുവനന്തപുരം: യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോഡിംഗ് കമ്പനിയായ കോറോ ഹെൽത്തിലെ ആയിരത്തോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിന് കാരണം ​കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. കോർപ്പറേറ്റ് മൂലധന ശക്തികൾക്കായി കേന്ദ്രം കൊണ്ടുവന്ന ലേബർ കോഡുകൾ തൊഴിലാളികളെ അങ്ങേയറ്റം ദോഷകരമായാണ് ബാധിക്കുക എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ കൂട്ടപ്പിരിച്ചുവിടലെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിൽ ചൂഷണങ്ങൾക്ക് നിയമസാധുത നൽകുന്ന ലേബർ കോഡുകൾ കേരളത്തിൽ നടപ്പാക്കില്ല എന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്നത്. കേരളത്തിൽ പുതിയ ലേബർ കോഡുകൾ വിജ്ഞാപനം ചെയ്ത് നടപ്പിലാക്കിയിട്ടില്ലാത്തതിനാൽ, നിലവിലുള്ള 'ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട് 1947' പ്രകാരമാണ് കാര്യങ്ങൾ മുന്നോട്ട് പോകേണ്ടത്. ഇതനുസരിച്ച് സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരം കൂട്ടപ്പിരിച്ചുവിടൽ നടത്തുന്നത് നിയമവിരുദ്ധമാണ്. എന്നിട്ടും പരസ്യമായി നിയമം ലംഘിക്കാൻ കമ്പനിക്ക് ധൈര്യം വരുന്നത് സംസ്ഥാന സർക്കാരിന്റെയും തൊഴിൽ വകുപ്പിന്റെയും നിസ്സംഗത കൊണ്ടാണ്. കോർപ്പറേറ്റുകൾ തൊഴിലാളികളെ തെരുവിലേക്ക് തള്ളിയിടുമ്പോൾ നോക്കുകുത്തിയായി നിൽക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും പിണറായി ആരോപിച്ചു.

പിരിച്ചുവിടപ്പെട്ട മുഴുവൻ ജീവനക്കാരെയും അടിയന്തരമായി തിരിച്ചെടുക്കാനും, അതുവരെ അവർക്ക് അർഹമായ വേതനം ഉറപ്പാക്കാനുമുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CORRO HEALTH, PINARAYI VIJAYAN, CORROHEALTH LAYOFFS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA