റൂമകെയറിന്റെ ലൂപ്പസ് ക്ലിനിക്ക് ഉദ്ഘാടനം
തിരുവനന്തപുരം: ലൂപ്പസ് രോഗികൾക്ക് സമഗ്ര ചികിത്സ ഉറപ്പാക്കുന്നതിനായി റൂമകെയറിന്റെ നേതൃത്വത്തിൽ നഗരത്തിലെ ആദ്യ സമർപ്പിത ലൂപ്പസ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. ശനിയാഴ്ച ഹോട്ടൽ എസ്.പി. ഗ്രാൻഡ് ഡേയ്സിൽ നടന്ന ചടങ്ങിൽ രാജ്ഭവനിലെ ഗവർണറുടെ സെക്രട്ടറി ഡോ. കെ. വാസുകി ഐ.എ.എസ്. ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലൂപ്പസ് രോഗത്തെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.
സിസ്റ്റമിക് ലൂപ്പസ് എറിത്തമറ്റോസസ് (എസ്.എൽ.ഇ.) എന്ന സ്വയംപ്രതിരോധ രോഗം ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കാവുന്ന സാഹചര്യത്തിൽ നേരത്തെയുള്ള രോഗനിർണയവും കൃത്യമായ ചികിത്സയും ഉറപ്പാക്കുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യം. സന്ധികൾ, ത്വക്ക്, വൃക്കകൾ, ഹൃദയം, ശ്വാസകോശം എന്നിവയെ രോഗം ബാധിക്കാം.
റൂമറ്റോളജി, ഡെർമറ്റോളജി, നെഫ്രോളജി, വേദനചികിത്സ എന്നീ വിഭാഗങ്ങളിലെ വിദഗ്ധർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. രോഗം ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്ന വിധത്തെക്കുറിച്ചും ദീർഘകാല രോഗനിയന്ത്രണത്തെക്കുറിച്ചും ഡോ. ഗ്ലാക്സൺ അലക്സും, എസ്.എൽ.ഇ. രോഗികളിലെ പ്രത്യുത്പാദന ആരോഗ്യത്തെക്കുറിച്ച് ഡോ. ഭുവനേഷ് എമ്മും വിശദീകരിച്ചു.
ലൂപ്പസ് മൂലമുണ്ടാകുന്ന ത്വക്ക് പ്രശ്നങ്ങളെക്കുറിച്ച് ഡോ. വിദ്യ ബി യും ഡോ. രഞ്ജിത രാജനും സംസാരിച്ചു. ലൂപ്പസ് നെഫ്രൈറ്റിസ്, വൃക്കകളുടെ സംരക്ഷണം എന്നിവയെക്കുറിച്ച് ഡോ. വിദ്യ കെ. സക്കറിയയും സ്വയംപ്രതിരോധ രോഗങ്ങളുമായി ബന്ധപ്പെട്ട വേദനയുടെ നിയന്ത്രണത്തെക്കുറിച്ച് ഡോ. വിനീത ജി. ഗോപാലും ക്ലാസുകൾ നയിച്ചു.
രോഗികൾക്കായി പ്രത്യേക ഹെൽപ്ലൈൻ, കാത്തിരിപ്പുസമയം കുറയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ, സബ്സിഡി നിരക്കിലുള്ള ഇമ്യൂണോതെറാപ്പി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മരുന്നും ചികിത്സാസഹായവും ലഭ്യമാക്കുന്നതിനുള്ള കമ്മ്യൂണിറ്റി ഡ്രഗ് ബാങ്ക് എന്നിവയും റൂമകെയർ പ്രഖ്യാപിച്ചു. പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളെ കൂടുതലായി ബാധിക്കാവുന്ന ലൂപ്പസ് നേരത്തേ കണ്ടെത്തുന്നത് രോഗസങ്കീർണതകൾ കുറയ്ക്കുന്നതിൽ നിർണായകമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
Thiruvananthapuram has opened its first dedicated lupus clinic under Rheumacare to provide comprehensive treatment for patients with systemic lupus erythematosus (SLE). Inaugurated by Governor’s Secretary Dr K. Vasuki, the clinic aims to ensure early diagnosis and effective care. It will offer a helpline, subsidised immunotherapy, reduced waiting times, and a community drug bank for financially disadvantaged patients.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |