SignIn
Kerala Kaumudi Online
Sunday, 12 July 2026 11.27 AM IST

' ആഗ്രഹത്തിന് എന്ത് പ്രായം' : 71-ാം വയസിൽ നീറ്റ് പരീക്ഷ എഴുതി അശോക് ബഹർ

ashok-bahar

ലക്നൗ : പ്രായം ഒന്നിനും ഒരു തടസ്സമല്ല. ആത്മാർത്ഥമായി പരിശ്രമിച്ചാൽ ഏത് പ്രായത്തിലും ആഗ്രഹിച്ച കാര്യങ്ങൾ യാഥാർഥ്യമാക്കാൻ സാധിക്കും. പ്രായം എല്ലാത്തിനും തടസ്സമാണെന്ന് ചിന്തിക്കുന്നവര്‍ക്ക് ഇടയില്‍ ശ്രദ്ധ നേടുകയാണ് ലക്നൗ സ്വദേശിയായ 71 വയസുകാരൻ അശോക് ബഹർ. അശോക് 71-ാം വയസ്സിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചുകൊണ്ട് ഡോക്ടറാവുക എന്ന ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കുന്നതിനാണ് അദ്ദേഹം ഈ പ്രായത്തിലും മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയത്.

താൻ ഒരു ഡോക്ടറാകണമെന്ന അമ്മയുടെ അവസാന ആഗ്രഹം നിറവേറ്റാൻ പ്രായം ഒരു പ്രശ്നമല്ലെന്ന് അശോക് പറയുന്നു. ആദ്യം വളം നിർമ്മാണ കമ്പനിയിൽ മാർക്കറ്റിംഗ് മാനേജറായി ജോലി ചെയ്തിരുന്ന അശോകിന് മെഡിക്കൽ മേഖലയോടുള്ള ദീർഘകാല താൽപ്പര്യമാണ് നീറ്റ് പരീക്ഷ എഴുതാനുള്ള തീരുമാനത്തിന് പിന്നിലെ മറ്റൊരു കാരണം. അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലവും തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ബഹറിന്റെ ഭാര്യ ഡോ. മഞ്ജുൾ ബഹർ അമേരിക്കയിൽ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുകയാണ്. കുടുംബാംഗങ്ങളിൽ പലരും ഡോക്ടർമാരാണ്. വർഷങ്ങളായി മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്നതിനാൽ മരുന്നുകളെക്കുറിച്ച് തനിക്ക് ധാരണയുണ്ടെന്നും എന്നാൽ ചികിത്സിക്കാൻ ആവശ്യമായ യോഗ്യത ഇല്ലെന്നും ബഹർ പറഞ്ഞു.

തന്റെ പഠനരീതികളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയില്ലെങ്കിലും വലിയൊരു ഇടവേളയ്ക്ക് ശേഷം പഠനത്തിലേക്ക് മടങ്ങിവരുന്നത് അല്പം പ്രയാസകരമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പ്രായത്തിന്റേതായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും തന്റെ ‌സ്വപ്നം ഉപേക്ഷിക്കാൻ തയ്യാറല്ല.

പ്രായം ഒന്നിനും ഒരു തടസമാകരുതെന്ന സന്ദേശമാണ് ബഹറിന് നൽകാനുള്ളത്. ലക്ഷ്യം വ്യക്തമാണെങ്കിൽ, കഠിനാധ്വാനം ചെയ്യാൻ മനസ്സുണ്ടെങ്കിൽ, ഏത് ഘട്ടത്തിലും ഒരാൾക്ക് മുന്നോട്ട് പോകാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. നീറ്റ് പരീക്ഷയുടെ ഫലം അശോകിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്. താൻ വർഷങ്ങളായി മാറ്റിവച്ച സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് ഈ പരീക്ഷ ഫലം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEET EXAM, LUCKNOW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE