
കോട്ടയം: 'രണ്ട് വർഷമായുള്ള എന്റെ കഷ്ടപ്പാടിന്റെ ഫലമാണ് ഈ വിജയം.ഞാൻ മാത്രമല്ല, അപ്പയും അമ്മയും അനിയനുമൊക്കെ ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്''-നീറ്റ് പരീക്ഷയിൽ 69-ാം റാങ്ക് നേടി മലയാളികളിൽ ഒന്നാമനായ ചങ്ങനാശേരി സ്വദേശി ജൊഹാൻ ജോബ് പറഞ്ഞു.ജോബ് കെ.ജോസഫിന്റെയും ആൻ നീതു മാത്യുവിന്റെയും മകനായ ജൊഹാന്റെ കുടുംബം ബംഗളൂരുവിൽ സ്ഥിരതാമസക്കാരാണ്.പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലെ ഓൺലൈൻ ബാച്ചിലായിരുന്നു പരിശീലനം.ബാംഗ്ളൂർ പ്രസിഡൻസി സ്കൂൾ വിദ്യാർത്ഥിയാണ്.കർണാടക സംസ്ഥാനത്ത് നിന്നാണ് ജൊഹാൻ പരീക്ഷ എഴുതിയത്.720ൽ 695 മാർക്കും ജൊഹാൻ സ്വന്തമാക്കി.ചിട്ടയായ പഠനരീതിയായിരുന്നു ജൊഹാന്റേത്.എൻട്രൻസ് പരീശീലനത്തിന്റെ ഭാഗമായി പതിവായുള്ള മോഡൽ പരീക്ഷകളിൽ ജയിക്കണമെന്ന് ലക്ഷ്യമിട്ടല്ലായിരുന്നു പഠനം.മെയിൻ പരീക്ഷയായിരുന്നു എപ്പോഴും മുന്നിൽ.ഡൽഹി എയിംസിൽ പഠിക്കാനാണ് ആഗ്രഹം.പാവങ്ങളായ രോഗികളെ കണ്ട് അലിവു തോന്നി ചെറുപ്പം മുതലേ മനസിൽ ഇടംപടിച്ചതാണ് ഡോക്ടറാകാനുള്ള ആഗ്രഹം.ബയോളജിയും ഫിസിക്സും ഏറെ ഇഷ്ടപ്പെട്ടപ്പോൾ കെമിസ്ട്രിയായിരുന്നു പ്രയാസം.വൈകിട്ട് ആറിന് പഠനം തുടങ്ങും.എത്ര ഭാഗം പഠിച്ച് തീർക്കണമെന്ന് മനസിൽ കരുതിയിട്ടുണ്ടാവും.എത്ര വൈകിയാലും മനസിൽ കരുതിയത് അത്രയും പഠിച്ചതിന് ശേഷമേ വിശ്രമമുള്ളൂ.വായിക്കുമ്പോൾ ചെറിയ പോയിന്റുകളാക്കി നോട്ടുകൾ തയ്യാറാക്കും.കബോർഡുകളിലും മറ്റും പഠിക്കാനുള്ള ചെറുകുറിപ്പുകൾ പതിപ്പിച്ചു. നടക്കുമ്പോഴൊക്കെ ഇത് നോക്കി മനസിലാക്കുമായിരുന്നുവെന്നും ജൊഹാൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |