പട്‌ന: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജൂലായ് 25ന് ബീഹാറിൽ നടന്ന പ്രതിഷേധത്തിൽ വിദ്യാർത്ഥികൾക്ക് നേരെ എകെ 47 ഉപയോഗിച്ച് വെടിയുതിർത്ത പൊലീസ് കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്‌തു. ഇയാൾ അഞ്ച് റൗണ്ട് വെടിയുതിർത്തുവെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് രാജ്യസഭാ എംപി മനോജ് കുമാർ ഝാ സുപ്രീം കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹജി സമർപ്പിച്ചിട്ടുണ്ട്.
സസ്‌പെൻഷനിലായ അഭിഷേക് പട്ടേൽ വെടിയുതിർക്കുന്നതിന്റെ വീഡിയോ ചില ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. നീല ഹെൽമെറ്റും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ചെത്തിയാണ് അഭിഷേക് പ്രതിഷേധക്കാരെ ആക്രമിച്ചത്. വെടിവയ്‌പ്പിൽ പരിക്കേറ്റ മൂന്നുപേർ പട്‌നയിലെ ജയപ്രഭ മേദാന്ത ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമെന്നാണ് റിപ്പോർട്ട്. വെടിയേറ്റതിൽ 15 വയസുകാരനുമുണ്ട്. ഒരു കടയിൽ ജോലി ചെയ്യുന്ന കുട്ടിക്കാണ് വെടിയേറ്റത്. കട അടച്ച് മടങ്ങുന്നതിനിടെ കഴുത്തിൽ വെടിയേൽക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ശസ്‌ത്രക്രിയ നടത്തിയാണ് കുട്ടിയുടെ കഴുത്തിൽ നിന്നും വെടിയുണ്ട പുറത്തെടുത്തത്. സംസ്ഥാന വ്യാപകമായി നടന്ന ബന്ദിൽ നിരവധി ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. പലയിടത്തും വിദ്യാർത്ഥികളും പൊലീസുകാരും തമ്മിൽ ഏറ്റുമുട്ടി. അക്രമാസക്തരായ പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പലയിടത്തും പൊലീസ് ലാത്തിച്ചാർജ്, കണ്ണീർവാതകം, ജലപീരങ്കി എന്നിവ പ്രയോഗിച്ചു.
സേനയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്‌ചയുണ്ടായാൽ അതിനെ ഗൗരവകരമായി കാണുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിശദമായ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
A police constable in Bihar was suspended for firing an AK-47 at students protesting NEET exam irregularities on July 25. Three individuals, including a 15-year-old boy, were injured and are now stable. A Rajya Sabha MP has filed a PIL in the Supreme Court regarding the incident, which occurred amidst state-wide clashes between students and police. A departmental inquiry underway.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |