SignIn
Kerala Kaumudi Online
Tuesday, 26 May 2026 8.30 PM IST

കടലിന്റെ ആഴങ്ങളിൽ വൻ സ്വർണശേഖരം; അമ്പരന്ന് ഗവേഷകർ, പിന്നിലെ സത്യം

gold

ലോകത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ലോഹമാണ് സ്വർണം. പല രാജ്യങ്ങളും സ്വർണഖനനത്തിലൂടെ പണം സമ്പാദിക്കുന്നുണ്ട്. അത്തരത്തിൽ അഗ്നിപർവതങ്ങളിൽ നിന്ന് സ്വർണം കണ്ടെത്തിയ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ന്യൂസീലൻഡിന് വടക്കുകിഴക്കായുള്ള പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിലാണ് ഗവേഷകർ സ്വർണം കണ്ടെത്തിയത്.

കെർമാഡെക് ദ്വീപസമൂഹത്തിന് സമീപം ആഴക്കടലിലെ അഗ്നിപർവതങ്ങൾ പ്രകൃതിദത്തമായ 'സ്വർണ ഫാക്ടറികളായി' പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ജർമനിയിലെ ജിയോമാർ ഹെൽഹോൾട്ട്സ് സെന്റർ ഫോർ ഓഷ്യൻ റിസർച്ചിലെ ക്രിസ്റ്റ്യൻ ടിമ്മിന്റെ നേതൃത്വത്തിൽ നടന്ന പഠനമാണ് പുതിയ കണ്ടെത്തൽ നടത്തിയത്.

ആഴക്കടലിലെ അഗ്നിപർവതങ്ങൾ എങ്ങനെയാണ് സ്വർണം ഉൽപാദിപ്പിക്കുന്നതെന്ന് നിങ്ങൾക്ക് തോന്നാം. അതിന് പ്രധാന കാരണം സബ്ഡക്ഷൻ സോണുകളാണ്. ഒരു ടെക്റ്റോണിക് പ്ലേറ്റ് മറ്റൊരു പ്ലേറ്റിന് അടിയിലേക്ക് തെന്നിനീങ്ങുന്ന പ്രതിഭാസമാണ് സബ്ഡക്ഷൻ സോണുകൾ. ഈ സബ്ഡക്ഷൻ പ്രക്രിയയിൽ സമുദ്രജലം പ്ലേറ്റുകൾക്കൊപ്പം ഭൂമിയുടെ ആഴങ്ങളിലേക്ക് എത്തുന്നു. ഉയർന്ന താപനിലയിൽ ഈ ജലം ചുറ്റുമുള്ള പാറകളെയും ധാതുക്കളെയും വേഗത്തിൽ ഉരുകാൻ സഹായിക്കുന്നു. ഉയർന്ന താപനിലയിൽ ഈ ജലം ചുറ്റുമുള്ള പാറകളെയും ധാതുക്കളെയും വേഗത്തിൽ ഉരുകുന്നു.

ഇതിനെ ഹെെഡ്രസ് മെൽറ്റിംഗ് എന്ന് പറയും. ഭൂമിയുടെ ഉൾഭാഗത്തുള്ള പാറകളിൽ സൾഫെെഡ് ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഈ സൾഫെെഡ് ധാതുക്കൾക്കുള്ളിലാണ് സ്വർണം ഒളിഞ്ഞിരിക്കുന്നത്. സബ്ഡക്ഷൻ സോണിലെ കടുത്ത ചൂടും ജലത്തിന്റെ സാന്നിദ്ധ്യവും ഈ സൾഫെെഡുകളെ ഉരുക്കുന്നതിന്റെ ഫലമായി അവയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന സ്വർണം ഉരുകിയ ലാവയിലേക്ക് പുറന്തള്ളപ്പെടുന്നു. ഈ ഉരുക്കൽ പ്രക്രിയ ആവർത്തിക്കപ്പെടുമ്പോൾ ലാവയിലെ സ്വർണത്തിന്റെ സാന്ദ്രത വർദ്ധിക്കുന്നു. കെർമാഡെക് മേഖലയിൽ നിന്ന് ശേഖരിച്ച 66 അഗ്നിപർവത സാംപിളുകൾ പരിശോധിച്ചപ്പോൾ സാധാരണ സമുദ്രനിരപ്പുകളിലുള്ള ലാവയേക്കാൾ പലമടങ്ങ് സ്വർണം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.

കടൽ വെള്ളത്തിൽ ലാവ പെട്ടെന്ന് തണുക്കുന്നു. ഈ സമയത്ത് രൂപപ്പെടുന്ന ഗ്ലാസ് ലാവ അതിന്റെ യഥാർത്ഥ രാസഘടന നിലനിർത്തുന്നു. ഇത് സ്വർണത്തിന്റെ സാന്നിദ്ധ്യം കൃത്യമായി അളക്കാൻ സഹായിക്കും. ഈ ലാവയിൽ സ്വർണത്തിനൊപ്പം ചെമ്പ്, വെള്ളി, സെലീനിയം, പ്ലാറ്റിനം തുടങ്ങിയ മൂലകങ്ങളുടെ സാന്നിദ്ധ്യവും പഠനവിധേയമാക്കിയിട്ടുണ്ട്. സാധാരണ പാറകളെക്കാൾ സ്വർണവും ചെമ്പും തമ്മിലുള്ള അനുപാതം ഇവിടെ വളരെ കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി. എന്നാൽ ഇവിടെനിന്ന് സ്വർണം ഖനനം ചെയ്തെടുക്കുന്നത് അസാദ്ധ്യമാണെന്നും വിദഗ്ധർ പറയുന്നു. നിലവിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് അവിടെ ഖനനം നടത്തുന്നത് വൻ സാമ്പത്തിക ബാദ്ധ്യയുണ്ടാക്കുന്നു. കൂടാതെ ലാവയിൽ ഒരിടത്ത് മാത്രമല്ല സ്വർണം അടങ്ങിയിരിക്കുന്നത്. ഇതും ഖനനത്തെ ബാധിക്കുന്നു. കൂടാതെ ഖനനം സമുദ്രത്തിലെ ജീവജാലങ്ങൾക്ക് ദോഷമായേക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GOLD, DEEP SEA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY