SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.24 PM IST

സ്വപ്‌നങ്ങൾ സ്‌ക്രീനിൽ കണ്ടു; അമ്പരപ്പും സന്തോഷവും മിന്നിമറഞ്ഞു, കൈയടിച്ച് സോഷ്യൽ മീഡിയ

students
ആഗ്രഹിച്ചവേഷത്തിൽ തങ്ങളെ സ്‌ക്രീനിൽ കാണുമ്പോൾ അമ്പരക്കുന്ന കുട്ടികൾ

ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ ഭാവിയിൽ ആരാകാനാണ് ആഗ്രഹമെന്ന അദ്ധ്യാപകരുടെ ചോദ്യത്തിന് വ്യത്യസ്‌തങ്ങളായ ഉത്തരങ്ങൾ നൽകിയവരാകും നമ്മളിൽ പലരും. ചിലർ ലക്ഷ്യങ്ങൾ നേടിയെടുത്തപ്പോൾ മറ്റുള്ളവരെ ജീവിതം വ്യത്യസ്‌തങ്ങളായ വഴികളിലേക്ക് നയിച്ചിട്ടുണ്ടാകാം. പക്ഷേ ആ ചോദ്യം ഇന്നും എല്ലാ ക്ലാസ്‌മുറികളിലും ആവർത്തിച്ചുകൊണ്ടിരിക്കുന്നു.

ഇപ്പോഴിതാ, കുട്ടികളുടെ ഉള്ളിലെ അത്തരം ആഗ്രഹങ്ങൾക്ക് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ രൂപം നൽകിയതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഡോക്‌ടർ, ടീച്ചർ, എഞ്ചിനീയർ, പൈലറ്റ് തുടങ്ങി കുട്ടികൾ ആരാവാനാണോ ആഗ്രഹിച്ചത് അതേ വേഷത്തിലും രൂപത്തിലും അവരെ കാണിച്ചുതരികയാണ് എഐ ചിത്രങ്ങൾ. ക്ലാസ്‌മുറിയിലെ പ്രോജക്‌ടർ സ്‌ക്രീനിൽ മനസിൽ ആഗ്രഹിക്കുന്ന വിധത്തിൽ തങ്ങളെ കണ്ടപ്പോൾ കുട്ടികൾക്ക് സന്തോഷം അടക്കാനാകുന്നില്ല. ചിലരുടെ മുഖത്ത് അമ്പരപ്പും ചിലരിൽ ചെറിയ നാണവും മറ്റുചിലരിൽ അഭിമാനവുമെല്ലാം മിന്നിമറിയുന്നത് ദൃശ്യങ്ങളിൽ കാണാം.

'അവരുടെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമായപ്പോൾ' എന്ന ക്യാപ്‌ഷനോട് കൂടിയാണ് വീ‌ഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ കാണുമ്പോൾ കണ്ണുനിറയുന്നു, രണ്ടാം ക്ലാസിൽ പഠിച്ചപ്പോൾ മേരി ടീച്ചർ ചോദിച്ചത് ഓർമ്മവന്നു, കുട്ടികളുടെ ആഗ്രഹങ്ങളെല്ലാം സഫലമാകട്ടെ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്.

എഐ സാങ്കേതികവിദ്യയുടെ ഏറ്റവും മനോഹരമായ ഉപയോഗങ്ങളിലൊന്നാണിതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഈ ഒരു ചെറിയ കാര്യം അവരിൽ നിറയ്‌ക്കുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും കുട്ടികളുടെ ആഗ്രഹത്തിന് രൂപം നൽകാൻ കൂടെനിന്ന അദ്ധ്യാപികയ്‌ക്കാണ് യഥാർത്ഥത്തിൽ കൈയടി നൽകേണ്ടതെന്നും ചിലർ പറയുന്നു.

അതേസമയം, പതിവുപോലെ ഹാസ്യം നിറയ്‌ക്കുന്ന കമന്റുകളുമായി ചിലർ രംഗത്തെത്തി. ഒരു പത്തുകൊല്ലം മുൻപായിരുന്നെങ്കിൽ ആ സ്‌ക്രീനിൽ ആന പാപ്പാനെയും പ്രൈവറ്റ് ബസിലെ കിളിയെയും കാണാമായിരുന്നെന്നാണ് അവരുടെ കമന്റ്.

A post shared by @_diariesof_sha_


English Summary

AI brings children’s dreams to life as a viral classroom video shows students seeing their future selves as doctors, engineers, teachers, and pilots.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CLASSROOM VIRAL VIDEO, AI, DREAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY