SignIn
Kerala Kaumudi Online
Thursday, 20 August 2026 4.22 PM IST

ധർമേന്ദ്ര പ്രധാന് ശേഷം അടുത്തത് മനൻ മിശ്ര? എന്തുകൊണ്ട് ബിസിഐ മേധാവിയുടെ രാജിക്ക് സിജെപി പിന്തുണ നൽകുന്നു?

-manan-mishra-
മനൻ കുമാർ മിശ്ര , അഭിജീത് ദിപ്‌കെ,

ന്യൂഡൽഹി: ജന്തർ മന്ദറിൽ നടന്ന പ്രതഷേധത്തിന് പിന്നാലെ മറ്റൊരു സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോക്ക്രോച്ച് ജനത പാർട്ടി (സിജെപി). ഇത്തവണ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ (ബിസിഐ) ചെയർമാൻ മനൻ കുമാർ മിശ്ര രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

എന്നാൽ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത് സിജെപിയല്ല. ഓൾ ഇന്ത്യ യംഗ് അഡ്വക്കേറ്റ്സ് അസോസിയേഷൻ ആണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ, ദേശീയ വക്താവ് സൗരവ് ദാസ്, നിയമകാര്യ വിഭാഗം മേധാവി രത്ന സിംഗ്, ആശുതോഷ് റങ്ക എന്നിവർ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാൽസാർ യൂണിവേഴ്സിറ്റി ഓഫ് ലോ, ഹൈദരാബാദിലെ ബിരുദ വിദ്യാർഥികൾക്കെതിരെ ബിസിഐ സ്വീകരിച്ച നടപടി, പിന്നീട് അത് പിൻവലിച്ചത്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെടെയുള്ളവരിൽ നിന്നുണ്ടായ വിമർശനം എന്നിവയാണ് പുതിയ പ്രതിഷേധത്തിന് പിന്നിലെ മുഖ്യ കാരണങ്ങൾ.

നാൽസാറിലെ ചില വിദ്യാർഥികൾ സർവകലാശാല വൈസ് ചാൻസലർ, രജിസ്ട്രാർ, അദ്ധ്യാപകർ എന്നിവർക്ക് കത്തയച്ചതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനെതിരെ വിദ്യാർഥികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ, നാൽസാറിലെ നിലവിലെ ബിരുദ ബാച്ചിലെ വിദ്യാർഥികളെ ഒരു അറിയിപ്പുണ്ടാകുന്നതുവരെ അഭിഭാഷകരായി എൻറോൾ ചെയ്യരുതെന്ന് സംസ്ഥാന ബാർ കൗൺസിലുകൾക്ക് ബിസിഐ നിർദേശം നൽകി.

abhijith-deepke
മനൻ കുമാർ മിശ്ര , അഭിജീത് ദിപ്‌കെ

ചീഫ് ജസ്റ്റിസിന്റെ ബിരുദദാന ചടങ്ങിലെ പങ്കാളിത്തത്തിനെതിരെ നടന്ന പ്രചാരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പരശോധിക്കുകയാണെന്നും ഇതിന് ഉത്തരവാദികളെന്ന് കരുതുന്ന വിദ്യാർഥികളെ കണ്ടെത്താൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മനൻ കുമാർ മിശ്ര വ്യക്തമാക്കിയിരുന്നു. എന്നാൽ ബിസിഐയുടെ നടപടി കടുത്ത വിമർശനത്തിന് ഇടയാക്കി. തുടർന്ന് മണിക്കൂറുകൾക്കകം ഉത്തരവ് പിൻവലിച്ചു.

പിന്നീട് പുറത്തിറക്കിയ പരിഷ്‌കരിച്ച ഉത്തരവിൽ, ഭൂരിഭാഗം വിദ്യാർഥികളും നിരപരാധികളാണെന്നും ആരോപണവിധേയരായ ഏതാനും പേരുടെ നടപടികളുടെ പേരിൽ മുഴുവൻ വിദ്യാർഥികളെയും ശിക്ഷിക്കരുതെന്നും ബിസിഐ വ്യക്തമാക്കി. ബിസിഐയുടെ ഇടപെടലിനെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിമർശിച്ചതോടെ വിവാദം കൂടുതൽ ശക്തമായി. വിദ്യാർഥികൾക്ക് പ്രതിഷേധിക്കാനുള്ള അവകാശത്തിൽ ബിസിഐ ഇടപെടേണ്ട ആവശ്യമില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്. നിയമപരവും സമാധാനപരവുമായ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം വിദ്യാർഥികൾക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർഥികളും താനും തമ്മിലുള്ള വിഷയമാണിതെന്നും മറ്റാരും അതിൽ ഇടപെടേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞതോടെ ബിസിഐയുടെ നടപടിക്കെതിരെ വിമർശനം ശക്തമായി. ഇതോടെ വിവാദം ഒരു ഉത്തരവ് പിൻവലിച്ചതിൽ മാത്രം ഒതുങ്ങാതെ, ബിസിഐ ചെയർമാന്റെ ഉത്തരവാദിത്തവും സ്ഥാനവും സംബന്ധിച്ച ചർച്ചകളിലേക്ക് കാര്യങ്ങൾ നീങ്ങി.

മാപ്പുപറഞ്ഞിട്ടും പ്രതിഷേധം അവസാനിച്ചില്ല

വിവാദത്തിന് പിന്നാലെ മനൻ കുമാർ നിയമവിദ്യാർഥികളോട് ക്ഷമാപണം നടത്തിയെങ്കിലും പ്രതിഷേധം അവസാനിച്ചില്ല. സ്വാതന്ത്ര്യദിനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിൽ, വിവാദവുമായി ബന്ധപ്പെട്ട തന്റെ വാക്കുകളോ കത്തോ വിദ്യാർഥികളുടെ വികാരങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ആത്മാർഥമായി ഖേദിക്കുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സമാധാനപരമായ പ്രതിഷേധത്തിനും അഭിപ്രായവ്യത്യാസത്തിനും ജനാധിപത്യത്തിൽ സ്ഥാനമുണ്ടെന്നും മിശ്ര പറഞ്ഞു. ബിരുദദാന ചടങ്ങിൽ പങ്കെടുക്കണമോ വിട്ടുനിൽക്കണമോ എന്നത് വിദ്യാർഥികളുടെ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

-protest
ബിസിഐ ഓഫീസിന് പുറത്ത് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനെതിരെ പ്രതിഷേധ പ്രകടനം നടത്തുന്ന അഭിഭാഷകർ

നാൽസാർ സ്റ്റുഡന്റ് ബാർ കൗൺസിൽ മിശ്രയോട് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ബംഗളൂരുവിലെ നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളും പൂർവവിദ്യാർഥികളും ഉൾപ്പെടെയുള്ളവർ സംയുക്ത പ്രസ്താവന പുറത്തിറക്കി. മിശ്രയും ചീഫ് ജസ്റ്റിസും തങ്ങളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നതിനെ എതിർക്കുകയും മിശ്രയോട് മാപ്പ് ആവശ്യപ്പെടുകയും ചെയ്തു.

ചീഫ് ജസ്റ്റിസിന്റെ വിമർശനത്തിന് പിന്നാലെ തന്നെ മനൻ കുമാർ മിശ്ര ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കണമെന്ന് സിജെപി ദേശീയ വക്താവ് സൗരവ് ദാസും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് AIYAA മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പ്രതിഷേധത്തിന് അഭിഭാഷകരുടെ പിന്തുണ തേടി സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയും രംഗത്തെത്തി.

സിജെപി നേതാക്കൾ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നേതൃത്വം നൽകുന്നത് എഐവൈഎഎ തന്നെയാണെന്ന് സൗരവ് ദാസ് വ്യക്തമാക്കി. സ്ഥാനത്തിരിക്കുന്നവർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള സമാധാനപരമായ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. സിജെപി നിയമകാര്യ വിഭാഗം മേധാവി രത്ന സിംഗും നേതാവ് ആശുതോഷ് റങ്കയും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു.

English Summary

The All India Young Advocates Association is protesting in Delhi, demanding the resignation of Bar Council of India Chairman Manan Kumar Mishra. This follows BCI's controversial directive to state bar councils temporarily barring NALSAR students from enrollment after they protested Chief Justice Suryakant's convocation appearance. The directive, criticized by the Chief Justice, was later withdrawn, though Mishra apologized. Cockroach Janata Party leaders support the protest.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXPLAINER, CJP, MANAN MISHRA, PROTEST, ABHIJIT DIPKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360