SignIn
Kerala Kaumudi Online
Saturday, 23 May 2026 6.15 PM IST

ജയിലിൽ നിന്നിറങ്ങിയ അപ്പൻ മകളോട് പറഞ്ഞത് ഒറ്റക്കാര്യം; ''മോളേ നീ ഒരു പൊലീസാവണം'', സിനിമയെ വെല്ലും ട്വിസ്റ്റ്

baby-varghese

തിരുവനന്തപുരം: മുച്ചീട്ടു കളിച്ച സക്കായിയെ പൊലീസ് പിടിച്ചു! അതൊരു പുതിയ സംഭവമല്ലെങ്കിലും, ഇത്തവണ ജാമ്യം ലഭിച്ചില്ല. അപ്പനെ പൊലീസ് തല്ലുമോ എന്ന പേടിയിൽ കുഞ്ഞു ബേബി വീട്ടിൽ കരച്ചിലായി. അപ്പനെ കാണാൻ ആ നാലുവയസുകാരി വാശിപിടിച്ചു. രാവിലെ പൊലീസ് സ്റ്റേഷനിലെത്തി. സെല്ലിനുള്ളിൽ തളർന്നു നിൽക്കുന്ന അപ്പച്ചനെ കണ്ടവൾ കരഞ്ഞു. അയാളും.

ജാമ്യം ലഭിച്ചപ്പോൾ സബ് ജയിലിൽനിന്ന് ഷർട്ടുപോലുമിടാതെ ഇറങ്ങിവന്ന അപ്പന്റെ തോളിൽ ചാടിക്കയറി. ''അപ്പച്ചനെ അവരു തല്ലിയോ...? വേദനയെടുത്തോ...'' ''മോളേ നീ നന്നായി പഠിച്ച് ഒരു പൊലീസാവണം...'' അതായിരുന്നു അപ്പന്റെ മറുപടി.

എറണാകുളം വനിതാ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബേബി വർഗീസ് യൂണിഫോം അണിഞ്ഞതിന് നന്ദി പറയുന്നത് മുച്ചീട്ടുകളിക്കാരനായിരുന്ന അപ്പനോടാണ്. ഒരുകാലത്ത് തിരുവാങ്കുളത്തുകാർക്ക് പ്രിയങ്കരനായിരുന്നു ട്രാക്ടർ ഡ്രൈവർ വർഗീസ്. പിന്നീട് മുച്ചീട്ടുകളിൽ കേമനായതോടെ നാട്ടുകാരിട്ട പേരാണ് 'സക്കായി".

ബിരുദ പഠനത്തിനു ശേഷമാണ് ബേബി പി.എസ്.സി ടെസ്റ്റ് എഴുതിയത്. ഒറ്റ ടെസ്റ്റേ എഴുതിയുള്ളൂ; അത് പൊലീസ് കോൺസ്റ്റബിളാകാനാണ്. തൃപ്പൂണിത്തുറയിലെ മൈതാനത്ത് നടന്ന കായികക്ഷമതാ പരീക്ഷ കാണാൻ വർഗീസും എത്തി. അവസാന ഇനത്തിലും മകൾ വിജയിച്ചതോടെ കൈയടിച്ച് തുള്ളിച്ചാടിയ വർഗീസ് തൊട്ടടുത്ത കാനയിലേക്കു വീണുപോയി.

എറണാകുളം സൗത്ത് സ്റ്റേഷനിലായിരുന്നു ആദ്യ പോസ്റ്റിംഗ്. മകൾ പൊലീസായി ആറു വർഷം കഴിഞ്ഞപ്പോൾ വർഗീസ് വിട പറഞ്ഞു. ഇപ്പോൾ കാക്കിയണിഞ്ഞതിന്റെ 25-ാം വർഷത്തിലെത്തിയിരിക്കുകയാണ് ബേബി. റോസമ്മ വ‌ർഗീസാണ് അമ്മ. ഭർത്താവ് ബിജു വർഗീസ് ബിസിനസുകാരനാണ്. മകൾ മന്ന മറിയ ബിജു ബിരുദ വിദ്യാർത്ഥിനിയാണ്. ഈ ജീവിത മുഹൂർത്തങ്ങൾ ഉൾക്കൊള്ളുന്ന ഒരു സിനിമ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ടെന്ന് ബേബി വർഗീസ് പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BABY VARGHESE, KERALA POLICE, KERALA WOMEN POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY