SignIn
Kerala Kaumudi Online
Wednesday, 08 July 2026 4.59 PM IST

മരുഭൂമിയിലെ നീല വിസ്മയം! സഞ്ചാരികളുടെ ഹൃദയം കവരാൻ ഇന്ത്യയുടെ 'സണ്‍ സിറ്റി'

jodhpur

മരുഭൂമികളും കാടുകളും ഒരുപോലെ നിറഞ്ഞ വർണവിസ്മയങ്ങളുടെ ഒരു പറുദീസയാണ് രാജസ്ഥാൻ. കണ്ണിനും മനസിനും ഒരുപോലെ കുളിർമയേകുന്ന കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. രാജസ്ഥാന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ചരിത്ര പ്രസിദ്ധവും ഇന്ത്യയുടെ 'സണ്‍ സിറ്റി' എന്നറിയപ്പെടുന്നതുമായ ജോധ്പൂര്‍ നഗരം. നീല പെയിന്റടിച്ച വീടുകൾക്ക് പേരുകേട്ട ഈ നഗരം 'ബ്ലൂ സിറ്റി' എന്നും അറിയപ്പെടുന്നു. ഥാർ മരുഭൂമിയോട് ചേർന്നു കിടക്കുന്ന ജോധ്പൂർ അതിന്റെ രാജകീയ പാരമ്പര്യം, മികച്ച വാസ്തുവിദ്യ, സജീവമായ വിപണികൾ, രുചികരമായ ഭക്ഷണങ്ങൾ എന്നിവയാൽ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്.

1429ല്‍ റാഥോഡ് രജപുത്ര കുടുംബത്തിന്റെ തലവനായ റാവു ജോധയാണ് നഗരം സൃഷ്ടിച്ചത്. ഒട്ടനവധി മനോഹരമായ കോട്ടകളും കൊട്ടാരങ്ങളും പരമ്പരാഗത ചന്തകളും ഈ നഗരത്തിൽ സ്ഥിതിചെയ്യുന്നുണ്ട്. മെഹ്‌റാന്‍ഗാധ് കോട്ട ജോധ്പൂരിലെ പ്രശസ്തമായ കോട്ടകളിലൊന്നാണ്. 400 അടി ഉയരമുള്ള കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ടയിൽ നിന്നാൽ നഗരത്തിലെ നീല വീടുകളുടെ മനോഹരമായ കാഴ്ച കാണാം. കോട്ടയ്ക്കകത്ത് മോത്തി മഹല്‍, ഫൂല്‍മഹല്‍, ശീഷ് മഹല്‍, ജാന്‍കി മഹല്‍ തുടങ്ങിയ മനോഹര കൊട്ടാരങ്ങളുണ്ട്. ചരിത്രപ്രധാനമായ ഏഴു വാതിലുകളുണ്ട് മെഹ്‌റാന്‍ഗാധ് കോട്ടയ്ക്ക്. ചരിത്രപരമായും ഐതിഹ്യങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്ന ഈ ചരിത്രസ്മാരകം ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഒന്നാണ്. സമ്പുഷ്ടമായ സാംസ്‌കാരികകലാ പാരമ്പര്യമുള്ള ഈ പുരാതന നഗരത്തിന്റെ നീലിമ ആരെയും ആകര്‍ഷിക്കുന്നതാണ്.

ഇവിടെത്തെ മറ്റൊരു പ്രധാന ആകർഷണമാണ് വെണ്ണക്കല്ലിൽ തീർത്ത ജസ്‌വന്ത് താഡ സ്മാരകം. 1899ല്‍ ജസ്‌വന്ത് സിംഗിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഓ‌ർമ്മയ്ക്കായി മകന്‍ സര്‍ദര്‍ സിംഗ് നിര്‍മ്മിച്ച സ്മാരകമാണിത്. കൊത്തു പണികള്‍കൊണ്ട് മനോഹരമാക്കിയ വെള്ള മാര്‍ബിളില്‍ തീര്‍ത്ത ഈ കെട്ടിടം മാര്‍വാറിലെ താജ് മഹല്‍ എന്നാണറിയപ്പെടുന്നത്. മാര്‍വാറിന്റെ രാജകുടുംബാംഗങ്ങളുടെ ശവകുടീരം കൂടിയാണ് ഇവിടം. പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച തൂർജി കാ ഝൽരാ എന്ന പടിക്കിണർ സഞ്ചാരികളുടെ ഒരു പ്രധാന ഫോട്ടോഗ്രാഫി കേന്ദ്രമാണ്. തിരക്കുകളിൽ നിന്ന് മാറി സമാധാനം ആഗ്രഹിക്കുന്നവർക്കായി ക്ഷേത്രങ്ങളും പച്ചപ്പും നിറഞ്ഞ മാൻഡോർ പൂന്തോട്ടമാണ് ജോധ്പൂരിൽ സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം.

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് ജോധ്പൂർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്ത് ഇവിടെത്തെ കാലാവസ്ഥ സഞ്ചാരികൾക്ക് കൂടുതൽ മനോഹരമായ അനുഭവങ്ങൾ സമ്മാനിക്കുന്നു. വിമാനം, ട്രെയിൻ, റോഡ് മാർഗങ്ങളിലൂടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം ജോധ്പൂരിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJASTHAN, TRAVEL, SUN CITY, INDIA, JODHPUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY