SignIn
Kerala Kaumudi Online
Saturday, 13 June 2026 6.49 AM IST

നീലഗിരി, സ്വർഗം താണിറങ്ങിയ സ്വ‌പ്‌നഗിരിയിൽ

ootty

ഊട്ടി റോഡിൽ,​ കോയമ്പത്തൂർ കഴിഞ്ഞ് മേട്ടുപ്പാളയം ആകുമ്പോഴേക്കും ഏക്കർകണക്കിൽ നീണ്ടുകിടക്കുന്ന കമുകിൻ തോട്ടങ്ങൾ. അതിനു നാടുവിലൂടെ ഓടുകയാണ് വാഹനം. ദൂരെ നീലമലകളുടെ നീണ്ടനിര. പിന്നെ മലകയറ്റമാണ്. നിബിഡവനത്തിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന കുത്തനെയുള്ള റോഡ്, അതിന്റെ പാർശ്വക്കാഴ്ചകൾ കാരണം,​ സ്വർഗത്തിലേക്കുള്ള വഴിയെന്നു തോന്നും. ഊട്ടി പുഷ്പോത്സവത്തിന്റെ കൗതുകത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു,​ ഞാൻ.

കാടും മലകളും തേയിലത്തോട്ടങ്ങളും തട്ടുതട്ടായ കൃഷിഭൂമിയും,​ കാരറ്റും കാബേജും കോളിഫ്ളവറും ഉരുളക്കിഴങ്ങും ബീറ്റ്‌റൂട്ടും വിളയുന്ന പച്ചവിരിച്ച പാടങ്ങളും. പൂക്കളും പൂന്തോട്ടങ്ങളും,​ യൂക്കാലിയുടെയും തേയിലയുടെയും മണം പേറുന്ന കാറ്റുമുള്ള വശ്യമനോഹരമായ ഊട്ടി! അവിടെയെത്തിയാൽ,​ കൗതുകമുണർത്തുന്ന പഴയ ജഡ്ക എന്ന കുതിരവണ്ടി, കമ്പിളിയുടുപ്പുകളും മഫ്ളറും വിൽക്കുന്ന കടക്കാർ, വഴിയോരങ്ങളിൽ വരിവരിയായി കാരറ്റും പുഴുങ്ങിയ ചോളവും വിൽക്കുന്ന തമിഴ് കലർന്ന മലയാളം സംസാരിക്കുന്ന തമിഴ് സ്ത്രീകൾ... എല്ലാം സന്ദർശകരെ കാത്തിരിക്കുന്നുണ്ടാകും.

പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ നീലഗിരി,​ തമിഴ്നാട്ടിലെ ചെറിയ ജില്ലകളിലൊന്നാണ്. തേയില വ്യവസായവും ടൂറിസവുമാണ് നീലഗിരിയുടെ സമ്പദ്ഘടനയുടെ നട്ടെല്ല്. ഏതാണ്ട് നല്ല കാലാവസ്ഥയുള്ള മാർച്ച് മുതൽ ജൂൺ ആദ്യം വരെയാണ് ഇവിടുത്തെ സീസൺ. ഈ മലമുകളിലെ ഏറ്റവും വലിയ ആഘോഷമാണ് ലോകപ്രശസ്തമായ ഊട്ടി ഫ്ളവർഷോ. ലക്ഷക്കണക്കിന് സന്ദർശകരെത്തുന്ന ഒരു മഹാമേള. ജില്ലാ ആസ്ഥാനവും ടൂറിസ്റ്റ് കേന്ദ്രവുമായ ഊട്ടിയിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണിത്.

ബൊട്ടാണിക്കൽ

ഗാർഡൻ

കൊളോണിയൽ കാലഘട്ടം മുതലുള്ളതാണ് ഈ മഹത്തായ ഉത്സവത്തിന്റെ വേരുകൾ. ബ്രിട്ടീഷ് ഇന്ത്യയിലെ കോയമ്പത്തൂർ കളക്ടറും ഈ ഭൂപ്രദേശം ജനവാസയേഗ്യമാക്കാനും ഊട്ടിയുടെ ആധുനിക വികസനത്തിന് മുൻകൈയെടുത്ത വ്യക്തിയുമായ ജോൺ സള്ളിവൻ,​ അക്കാലത്ത് ഇവിടെ സ്വന്തം ആവശ്യത്തിനായി പച്ചക്കറിക്കൃഷിക്കും മറ്റുമായി ഒരു ഒരു പറമ്പ് ഒരുക്കിയെടുത്തു. നീലഗിരിയിലെ ഏറ്റവും ഉയരമുള്ള ദൊഡ്ഡപ്പേട്ട കൊടുമുടിയുടെ താഴ്വാരത്താണ് പ്രസിദ്ധമായ ബൊട്ടാണിക്കൽ ഗാർഡൻ. അങ്ങനെ പച്ചക്കറികളും മറ്റും കൃഷി ചെയ്യുവാൻ ആദ്യകാലത്ത് ഉണ്ടാക്കിയ സ്ഥലമാണ് ഇന്നത്തെ ഗവണ്മെന്റ് ബൊട്ടാണിക്കൽ ഗാർഡൻ.

അന്ന് കുറ്റികാടുകളും കാട്ടുചെടികളും വളർന്ന വന്യമായ ഒരു ചെറിയ പറമ്പായിരുന്നു അവിടം. മേൽഭാഗത്ത് ചോലകളും കുറ്റിച്ചെടികളും വളർന്ന് കാടുപിടിച്ച സ്ഥലം . താഴെയുള്ള ഭാഗം കുറുകെ,​ ആഴത്തിലുള്ള മലയിടുക്കുകളും ചതുപ്പു നിലങ്ങളുമായിരുന്നു. താഴത്തെ ഭാഗം വെട്ടിത്തെളിച്ച് ചെരിവുള്ളതാക്കി. കുന്നും തടവുമായ സ്ഥലങ്ങൾ നിരപ്പുള്ള പുൽത്തകിടിയാക്കി,​ ചെറിയ കുളങ്ങളും തടാകങ്ങളും നിർമ്മിച്ചു. അല്പം ഉയരത്തിൽ അഷ്ടകോണാകൃതിയിലുള്ള തറയോടു കൂടിയ ഒരു ഇറ്റാലിയൻ പൂന്തോട്ടവും നിർമ്മിച്ചു.

1847-ന്റെ തുടക്കത്തിൽ, ഒരു ഹോർട്ടികൾച്ചർ സൊസൈറ്റിയും പൊതു ഉദ്യാനവും രൂപീകരിക്കുന്നതിനായി ജോൺ സള്ളിവൻ സംഭാവനകളും സബ്സ്‌ക്രിപ്ഷനുകളും മുഖേന ഒരു ഫണ്ട് സ്വരൂപിച്ചു. മുകളിലെ ചോലകൾ വെടിപ്പാക്കി,​ ഒരു നല്ല സ്വഭാവിക പൂന്തോട്ടമായി 1848- ൽ അതിനെ മാറ്റിയെടുക്കുകയായിരുന്നു. ഒരു വർഷത്തിനുശേഷം ലണ്ടനിലെ ക്യൂവിലെ റോയൽ ബൊട്ടാണിക് ഗാർഡനിൽ നിന്നുള്ള വില്യം ഗ്രഹാം മക്‌ഐവറിനായിരുന്നു ഇതിന്റെ ചുമതല. ദൊഡ്ഡപ്പേട്ട കൊടുമുടിയുടെ താഴ്ന്ന ചരിവുകളിലായി ഏകദേശം 55 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്നതാണ് ഇന്നത്തെ സസ്യോദ്യാനം.

ചരിത്രത്തിന്റെ

സുഗന്ധം

1896-ൽ നീലഗിരി അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ചെയർമാനായിരുന്ന, അന്നത്തെ നീലഗിരി കളക്ടർ ജെ.എച്ച്. ട്രെമെൻഹെറാണ് ആദ്യത്തെ പുഷ്പമേള സംഘടിപ്പിച്ചത്. നീലഗിരി അഗ്രിഹോർട്ടികൾച്ചറൽ സൊസൈറ്റിയിൽ നിന്ന്,​ 1980-ൽ സർക്കാർ നീലഗിരി ഫ്ളവർ ആൻഡ് ഫ്രൂട്ട് ഷോ കമ്മിറ്റി എന്ന പേരിൽ ഒരു കമ്മിറ്റി രൂപീകരിച്ച് പുഷ്പമേള ഏറ്റെടുത്തു. ഓരോ വർഷവും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ഈ പുഷ്പമേള ആകർഷിക്കുന്നു. ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം ഈ സമയം സന്ദർശകരെക്കൊണ്ട് നിറഞ്ഞിരിക്കും.

ആരംഭകാലം മുതൽ രണ്ട് ദിവസമാണ് പുഷ്പമേള നടത്തിയിരുന്നത്. പതിനായിരക്കണക്കിൽ ചെടിച്ചട്ടികൾ, പല ഇനം കട്ട് ഫ്ളവറുകൾ, വിവിധ തരം പൂക്കളും പച്ചക്കറികളും പഴങ്ങളുംകൊണ്ട് ഉണ്ടാക്കുന്ന ഭീമാകാരമായ രൂപങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിന് സജ്ജമാക്കുന്നു. പുഷ്പാലങ്കാരങ്ങൾ, ഇന്ത്യൻ- ജാപ്പനീസ് പുഷ്പ ക്രമീകരണങ്ങൾ, പച്ചക്കറി കൊത്തുപണികൾ, ഫ്ളവർ രംഗോലി, ബോൺസായ്, പലതരം കാക്‌റ്റസുകൾ തുടങ്ങിയവയാണ് പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങൾ. വീടുകളിലെ ചെറിയ ഹൗസ് ഗാർഡനുകൾക്കും സ്ഥാപനങ്ങൾക്കും തങ്ങളുടെ ഗാർഡനുളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കാം. തമിഴ്നാട് സർക്കാരിന്റെ ഹോർട്ടികൾച്ചർ വകുപ്പാണ് ഇത് പരിപാലിക്കുന്നത്.

കാലാനുസൃതമായ മാറ്റങ്ങൾ ഫ്ളവർ ഷോയ്ക്കും വന്നു. ആഴ്ചകൾക്കു മുമ്പേ മുന്നൊരുക്കങ്ങൾ തുടങ്ങും. പുഷ്പോത്സവത്തിന് അനുബന്ധമായി സഞ്ചാരികളെ ആകർഷിക്കുവാൻ വേറേയും ചില പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ബോട്ട് റേസ് , കുതിരപ്പന്തയം, വെജിറ്റബിൾ ഷോ, സ്‌പൈസസ് ഷോ, ഫാഷൻ ഷോ, ഡോഗ് ഷോ, വിവിധതരം സ്റ്റാളുകൾ, പലതരം പ്രദർശനങ്ങൾ തുടങ്ങി പലതുമുണ്ട്. ഇതിൽ ഏതാണ്ട് 130 വർഷമായി ഊട്ടിയിൽ നടത്തിവന്നിരുന്ന കുതിരപ്പന്തയം ഈ വർഷം മുതൽ നിറുത്തലാക്കിയിട്ടുണ്ട്. മാത്രമല്ല,​ സ്‌പൈസസ് ഷോ ഗൂഢല്ലൂരിലേക്കും,​ വെജിറ്റബിൾ ഷോ കോത്തഗിരിയിലേക്കും മാറ്റുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OOTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY