
മുംബയ്: സ്വന്തമായി 1 കോടി രൂപ വിലവരുന്ന ആഡംബര ഫ്‌ളാറ്റ് വാങ്ങുവാന്‍ എത്ര വര്‍ഷം കഷ്ടപ്പെടണം. നന്നേ ചെറുപ്പത്തില്‍ ജോലിയും ഉയര്‍ന്ന ശമ്പളവും ഉണ്ടെങ്കില്‍ പോലും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കാം ഈ നേട്ടം സ്വന്തമാക്കാന്‍. എന്നാല്‍ അഭിഷേക് വൈശ്യ എന്ന യുവാവ് ഈ നേട്ടം കൈവരിച്ചത് തന്റെ 21ാം വയസ്സിലാണ്. പച്ചക്കറി കച്ചവടം നടത്തുന്ന പിതാവിനെ സഹായിച്ചും അതിനൊപ്പം പഠനം മുന്നോട്ട് കൊണ്ടുപോയുമാണ് കഷ്ടപ്പാടുകള്‍ക്ക് നടുവില്‍ നിന്ന് അഭിഷേക് ഉയരങ്ങള്‍ കീഴടക്കിയത്.
മുംബയ് വിക്രോളിയിലെ 150 സ്‌ക്വയര്‍ ഫീറ്റിലെ ചെറിയ മുറിയിലായിരുന്നു അഞ്ചംഗ കുടുംബത്തിന്റെ താമസം. പച്ചക്കറി കച്ചവടത്തില്‍ നിന്ന് പിതാവിന് ദിവസേന ലഭിച്ചത് 200 - 400 രൂപ മാത്രം. ചില ദിവസങ്ങളില്‍ കച്ചവടത്തിന് ശേഷം ബാക്കിയാകുന്നത് നഷ്ടത്തിന്റെ കണക്ക് മാത്രവും. എന്നാല്‍ ഈ പ്രതികൂല സാഹചര്യങ്ങളെ പഴിച്ച് വെറുതേയിരിക്കാതെ കഠിനാധ്വാനം ചെയ്ത അഭിഷേക് രാജ്യാന്തരതലത്തില്‍ മികവ് കൊണ്ട് ശ്രദ്ധേയനായ ഒരു സിഎ ആയി മാറുകയും ഒപ്പം നിക്ഷേപം നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു.
സ്‌കൂള്‍ പഠന കാലം മുതലെ കഷ്ടതകളോടുള്ള പോരാട്ടം ആരംഭിച്ചതാണ് അഭിഷേക്. ക്ലാസിന് പോകുന്നതിന് മുമ്പ് പുലര്‍ച്ചെ പച്ചക്കറി മാര്‍ക്കറ്റില്‍ അച്ഛനെ സഹായിക്കാനായി പോകും. കോളേജിലും ഈ പതിവ് തുടര്‍ന്നു. ഒരു മാസം പരമാവധി 30,000 രൂപ വരെ മാത്രമായിരുന്നു ശമ്പളമെങ്കിലും അഭിഷേകിന്റെ പിതാവ് തന്റെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ഏറെ ശ്രദ്ധിച്ചിരുന്നു. പുലര്‍ച്ചെ മാര്‍ക്കറ്റില്‍ അച്ഛനെ സഹായിക്കാന്‍ പോകുന്നതിന് മുന്‍പ് തന്നെ ഉണര്‍ന്ന് പഠിക്കുക. അതിനുശേഷം കോളജ് ക്ലാസുകളിലും സിഎ ആര്‍ട്ടിക്കിള്‍ഷിപ്പിലും പങ്കെടുക്കുക, രാത്രി വൈകിയും പഠനം തുടരുക ഇതായിരുന്നു അഭിഷേക് സ്വന്തമായി പിന്തുടര്‍ന്ന ദിനചര്യ.
പ്രതിദിനം 15 മുതല്‍ 18 മണിക്കൂര്‍ വരെ പഠനത്തിനായി മാറ്റി വച്ചിരുന്നു അഭിഷേക്. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഒരു കോടിയുടെ ഫ്‌ളാറ്റ് വാങ്ങാനുള്ള തീരുമാനത്തെക്കുറിച്ചും അഭിഷേക് പറയുന്നു. 'ഇത് ഒരു വലിയ റിസ്‌ക് ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അതിനായി തയ്യാറെടുത്തത്. എന്നാല്‍ വളരെ പരിമിതമായ സാഹചര്യങ്ങളില്‍ നിന്നും മാതാപിതാക്കള്‍ കഷ്ടപ്പെട്ട് പഠിപ്പിച്ചു. അവരെ മെച്ചപ്പെട്ട സൗകര്യങ്ങളോടെയുള്ള വീട്ടിലേക്ക് മാറ്റണമെന്ന തോന്നലാണ് ഫ്‌ളാറ്റ് വാങ്ങിയതിന് പിന്നില്‍.'
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |