
18-ാം നൂറ്റാണ്ടിൻ്റെ പകുതിയോടെയാണ് രാത്രി കാലങ്ങളിൽ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ രക്ത ദാഹികളെക്കുറിച്ച് ആദ്യമായി സാഹിത്യത്തിൽ എഴുതപ്പെടുന്നത്. ഹെൻറിച്ച് ഓഗസ്റ്റും, റോബേർട്ട് സൗതേയും , മാത്യൂ ലെവിസും , ക്ലയർ റീവും, വില്യം പോളിയോറിയും , ഷെരിഡൻ ലെ ഫന്നും തുടങ്ങി നിരവധിയായ ‘വാംപയർ‘സാഹിത്യകാരൻമാർ അജ്ഞാതവും അസംഭവ്യവുമായ ഇടങ്ങളെ സ്വസ്ഥവും, സമാധാനവുമുള്ള വായനക്കാരൻ്റെ വായനാമുറികളെ ഭയം കൊണ്ട് വിറപ്പിക്കുകയും ഉദ്യോഗം കൊണ്ട് വായിപ്പിക്കുകയും ചെയ്യ്തു.
1897-ലാണ് പ്രണയ നോവലുകൾ എഴുതി പരാജയപ്പെട്ട ബ്രാം സ്റ്റോക്കർ എന്ന എഴുത്തുകാരൻ ഡ്രാക്കുള എന്ന ലോകസാഹിത്യത്തിലെ തന്നെ ഏറ്റവും ഭീതി നിറഞ്ഞ നോവലുമായി രംഗ പ്രവേശം ചെയ്യുന്നത് അവിടെ നിന്ന് ഇങ്ങോട്ട് ഹൊറർ എന്ന സാഹിത്യമേഖല മറ്റൊരു തരത്തിലേക്ക് രൂപപ്പെടുന്നത് ലോകത്തെമ്പാടും നമുക്ക് കാണാനാകും. സാഹിത്യത്തിലെ അതികായന്മാർ പലരും തങ്ങളുടെ കഥകളുമായി ഈ സാഹിത്യ മേഖലയിലേക്ക് കടന്നുവന്നു.
എഡ്ഗാർ അലൻ പോയും, ആർതർ കോനൽ ഡോയലും, ആർ. എൽ സ്‌റ്റീവൻസണും തുടങ്ങി പലരും ഉദാഹരണങ്ങൾ അതിൻ്റെയൊക്കെ അനുരണനങ്ങൾ മലയാള സാഹിത്യത്തിലും കാണാം എ.ആറും ബഷീറും, മലയാറ്റൂരും നീലകണ്ഠൻ പരമാരയും, കോട്ടയം പുഷ്പനാഥും തുടങ്ങി പലരും തങ്ങളുടെ എഴുത്തുകൾ കൊണ്ട് ഈ മേഖലയിലേക്ക് കടന്നു വരുന്നു. നോവലുകളും,ചെറുകഥയുമായി ഭീതിസാഹിത്യം അവസാനിക്കാത്ത ആകാംക്ഷകൾ സൃഷ്ടിക്കുകയും ജനങ്ങളുടെ ഇടയിലേക്ക് ജനപ്രിയ സാഹിത്യമായി ഉരുവം കൊള്ളുകയും ചെയ്യ്തുവെങ്കിലും ഉന്നത സാഹിത്യത്തിൽ അല്ലെങ്കിൽ ഒന്നാം തരം സാഹിത്യത്തിൽ നിന്ന് ഇവ അൽപം പിൻവാങ്ങി നിൽക്കുന്നതായും കാണാം.
വർത്തമാനകാല സാഹിത്യരചനാമേഖലയിൽ മലയാളത്തിൽ വളരെ കുറച്ച് മാത്രം ശ്രദ്ധേയമായ രചനകൾ മാത്രമായി ചുരുങ്ങി നിൽക്കുന്ന ഈ സാഹിത്യമേഖലയിൽ വ്യത്യസ്ഥമായ നിൽക്കുന്ന ഭീതികഥകളുടെ സമാഹാരമാണ് എസ്.കെ. ഹരിനാഥിൻ്റെ ‘കുമരൻ ‘ എന്ന ചെറുകഥാസമാഹാരം
“ പ്രതികാരമുള്ള ആത്മാക്കളാണത്രേ പ്രേതങ്ങൾ. ആത്മാക്കളെല്ലാം പ്രതികാരദാഹികളോ പ്രേതങ്ങളോ അല്ലെന്നിരിക്കെ ഏതൊരു അജ്ഞാത ശക്തിയോടും മനുഷ്യർക്ക് ഒരേയൊരു വികാരം മാത്രം ഭയം… ഭയം മാത്രം “ എന്ന് തുടങ്ങുന്ന ഈ പുസ്തകം അഞ്ച് കഥകൾ മാത്രമുള്ള ഒരു ചെറിയ പുസ്തകമാണ്. ഈ കഥാസമാഹരത്തിലെ കഥകളും കഥാപരിസരങ്ങളും നമുക്കന്യമല്ല. നാം കേട്ടതോ അറിഞ്ഞതോ ഒക്കെയായ ഭയത്തിൻ്റെ ഏടുകളിലൂടെ മനുഷ്യൻ്റെ വൈകാരിക തലങ്ങളെ സ്പർശിക്കുകയും തീഷ്ണമായ ജീവിതാനുഭവങ്ങളെ വീണ്ടും നമുക്ക്മുന്നിലേക്ക് അവതരിപ്പിക്കുകയും ചെയ്യുന്നു.
ചൊവ്വയും, വെള്ളിയും ദിനങ്ങളും പൂത്ത പാലയും, ചങ്ങലമാടനും , കണ്ണേറ്റ നടകളും ഹൈമതിക്കുളവും, സുമതി വളവും ഭീതിയുടെ വിത്തുകൾ വീഴ്ത്തി നാട്ടിൻപുറങ്ങളിൽ പടരുന്ന ഒരു കാലത്തിൻ്റെ ഓർമ്മകളാണ് ഈ കഥകളിൽ നമുക്ക് കാണാൻ കഴിയുന്നത്. വയറ്റാട്ടിയമ്മൂമ്മ പറഞ്ഞ കഥയിൽ ദുർമരണപ്പെട്ട ഗർഭിണിയെക്കുറിച്ച് ഗർഭിണി മറുത എന്ന് പ്രയോഗിച്ചിരിക്കുന്നത് നമുക്കു കാണാം.
വിശ്വാസത്തിൻ്റെയും അവിശ്വാസത്തിൻ്റെയും അതിർത്തി നേർത്തതാണ് എന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ട് ആ ഇടത്താണ് ചാത്തൻ സേവ പോലുള്ള ചില കാര്യങ്ങൾ സംഭവിക്കുന്നത് തൻ്റെ ദേഹത്ത് കൂടിയ ബാധ ഒഴിപ്പിക്കുന്ന ഇത്തരത്തിലുള്ള വലിയ ചടങ്ങുകൾ (ഇത്തരം വിശ്വാസങ്ങളിൽ തന്നെയാണ് മലയാളികൾ ഇന്നും തുടരുന്നത് എന്ന കൗതുകകരമായ കാര്യവും ഓർക്കാം,ചാത്തനും, മാടനും എന്നൊക്കെപ്പറയുമ്പോൾ ഒരു മതത്തിൽ മാത്രമാണ് ഇത്തരം സംഭവങ്ങൾ എന്ന് ധരിക്കരുത് എല്ലാ മതങ്ങളും ഈ ‘ ഒഴിപ്പിക്കലുകൾ‘ കാണാം) അവിടെ നിന്ന് കുമരൻ എന്ന കഥയിലേക്കെത്തുമ്പോൾ വീട് എങ്ങനെയാണ് ഇത്തരം വിശ്വാസഅവിശ്വാസങ്ങളുടെ ഇടത്തേക്ക് പടരുന്നത് എന്നും അതെങ്ങനെയാണ് മനുഷ്യരെ ബാധിക്കുന്നത് എന്നും കാണാം. പ്രേതഭവനങ്ങളുടെ കാഴ്ചകൾ/കേൾവികൾ നമുക്ക് അന്യമല്ല എന്നിരിക്കെ തന്നെ ചില കാഴ്ചകൾ നമ്മെ ഭയപ്പെടുത്തുന്നു എന്ന് കാണാം. എന്നാൽ ഭയത്തേക്കാളുപരി വൈകാരികമായ ഒരു തലം ആ കഥയിലുട നീളം നമുക്കൊപ്പം സഞ്ചരിക്കുന്നതായി കാണാം.
‘“ കുഴിയിലെ ജീർണിച്ച് പൊടിഞ്ഞു പോയ ശവപ്പെട്ടിയിൽ ആ കുഞ്ഞ്കിടക്കുകയാണ്. തുടുത്ത കവിളുകളും ചുവന്ന ചുണ്ടുകളുമായി ഒരു ഉറക്കത്തിലെന്ന പോലെ ഒരു മാറ്റവുമില്ലാത്ത ജീവൻ തുടിക്കുന്ന ശരീരം !! അവൻ്റെ നെഞ്ചിൽ നിറം മങ്ങിയ ഒരു തത്തയുടെ റബ്ബർ കളിപ്പാട്ടം ചേർത്തുവച്ചിരുന്നു. “
“ എൻ കുമരാ……” എന്ന വൃദ്ധക്കരച്ചിലിൽ ആ കഥയവസാനിക്കുമ്പോൾ ഭയം എന്നത് വിട്ട് മനുഷ്യൻ കാലുഷ്യത്തിൻ്റ കലക്കങ്ങളിലേക്ക് വീഴും. വ്യക്തിപരമായി നിറം മങ്ങിയ തത്തയുടെ റബ്ബർ പാവകൾ കാണുമ്പോഴൊക്കെ ആ വിളി എന്നെ വിറപ്പിക്കുന്നുണ്ട്. കഥകളുടെ നിർമ്മാണത്തിൽ അതിസൂക്ഷ്മത പുലർത്തുന്ന ഒരു യുവ കഥാകൃത്ത് എന്ന നിലയിൽ സാഹിത്യത്തിൻ്റെ വിവിധ മേഖലകളിൽ തൻ്റെ എഴുത്തുകൊണ്ട് കടന്നെത്തുന്നുണ്ട് ഹരിനാഥ് അത് കറുത്തച്ചനിലൂടെ (നോവൽ), മണ്ണിലൂടെ (കഥ സമാഹരം), കുബേര എന്ന ബാലസാഹിത്യത്തിലൂടെയും ഒക്കെ. ആ യാത്രയിലെ ഒരു സുപ്രധാന ഏട് തന്നെയാണ് ഈ ഭീതികഥകളുടെ സമാഹാരവും എന്ന് നിസംശയം പറയാം.
കഥകളെക്കുറിച്ചുള്ള വിശദീകരണങ്ങൾ പരിമിതപ്പെടുത്തിയത് വായനയുടെ കൗതുകത്തെയും ജിജ്ഞാസയേയും കുറയ്ക്കാതിരിക്കാൻ വേണ്ടിയാണ് എന്നു കൂടി ഓർമ്മപ്പെടുത്തിക്കൊണ്ട് മലയാളത്തിൽ ട്രെൻഡ് എന്ന് പറഞ്ഞ് മുഖ്യധാര പടച്ച് വിടുന്ന വായിച്ച് ചിരിച്ച് പോകുന്ന ഭീതികഥകളുടെ ഇടയിൽ തലയെടുപ്പോടെ വേറിട്ട് നിൽക്കുന്നു ഈ കുമരൻ . ബുക്ക് ക്യാരി എന്ന പ്രസാധകൻ്റെ മികച്ച സാഹിത്യത്തോടുള്ള ആഗ്രഹം കൂടി ഈ പുസ്തകത്തിനകത്തുണ്ട് എന്നതു കൂടി വ്യക്തിപരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പങ്കുവയ്ച്ച് കൊണ്ട് ഈ പുസ്തകം വാങ്ങൂ ഭയത്തിൻ്റെ അനുഭവങ്ങളെ തൊട്ടറിയൂ.
എഴുത്ത്- കിരൺ പനയമുട്ടം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |