ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥ 'ബിലോങ്ങിംഗ് എ ജേർണി ഓഫ് ലവ്' ഹാർപ്പർകോളിൻസ് ഇന്ത്യ പ്രസിദ്ധീകരിക്കും. പുസ്തകം നവംബർ 10ന് ആഗോളതലത്തിൽ പുറത്തിറങ്ങുമെന്നാണ് വിവരം. സോണിയ ഗാന്ധിയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറിയതിന് പിന്നാലെയാണ് ഹാർപ്പർകോളിൻസിന്റെ പ്രഖ്യാപനം. പെൻഗ്വിൻ ഹൗസ് പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
യുദ്ധാനന്തര ഇറ്റലിയിലെ തന്റെ ബാല്യകാലം മുതൽ ഇന്ത്യയിലെ പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ യാത്ര ഉൾപ്പെടെയാണ് പുസ്തകത്തിൽ വിവരിക്കുന്നത്. ‘നമ്മുടെ കാലത്തെ ഏറ്റവും അധികം പ്രതീക്ഷിക്കപ്പെടുന്ന രാഷ്ട്രീയ ആത്മകഥകളിലൊന്നാണ്’ സോണിയ ഗാന്ധിയുടെ പുസ്തകമെന്ന് ഹാർപ്പർകോളിൻസ് വിശേഷിപ്പിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക യാത്രയെക്കുറിച്ചുള്ള അപൂർവമായ കാഴ്ചപ്പാട് പുസ്തകം നൽകുമെന്നും പ്രസാധകർ വ്യക്തമാക്കി.
പുസ്തകത്തിലെ ചില ഭാഗങ്ങൾ മാറ്റാൻ സോണിയ ഗാന്ധി വിസമ്മതിച്ച സാഹചര്യത്തിലാണ് പെൻഗ്വിൻ ഹൗസ് പിന്മാറിയത് എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ സോണിയ ഗാന്ധിയുമായി പുസ്തകത്തിലെ വസ്തുതകളെക്കുറിച്ച് സംസാരിച്ചെന്ന് സ്ഥിരീകരിച്ച പെൻഗ്വിൻ പ്രസിദ്ധീകരണം ഏറ്റെടുക്കാത്തതിന് പിന്നിലെ കാരണം ഇതല്ല എന്നായിരുന്നു വിശദീകരിച്ചത്. ഇതോടെ വിഷയം രാഷ്ട്രീയ വിവാദമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ്, ഇന്ത്യ-ചൈന ബന്ധം എന്നിവയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ പുസ്തകത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് പെൻഗ്വിൻ ആവശ്യപ്പെട്ടിരുന്നുവെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.
പ്രസാധകർ പുറത്തുനിന്നുള്ള സമ്മർദത്തിന് വഴങ്ങിയെന്നും ചില കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പെൻഗ്വിൻ പിന്മാറിയതിനെ കോൺഗ്രസ് നേതാക്കൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്നും ജനാധിപത്യത്തിന് ആശങ്കയുണ്ടാക്കുന്ന നടപടിയാണെന്നും വിമർശിച്ചു. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് സംഘടന, മോദി സർക്കാരിന്റെ കാലത്തെ ചൈനയുടെ ഇന്ത്യൻ പ്രദേശങ്ങളിലെ അധിനിവേശം എന്നിവയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നീക്കം ചെയ്യാൻ പെൻഗ്വിനുമേൽ സമ്മർദമുണ്ടായെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.
അതേസമയം, തങ്ങളുടെ തീരുമാനത്തിന് പിന്നിൽ യാതൊരു ബാഹ്യ സമ്മർദവും ഉണ്ടായിരുന്നില്ലെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ വ്യക്തമാക്കി. ചർച്ചകൾക്കിടെ ഒരു പ്രത്യേക വിഷയത്തിൽ ഇരുകൂട്ടർക്കും ധാരണയിലെത്താൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും പ്രസാധകർ അറിയിച്ചു.
HarperCollins India will publish Sonia Gandhi's autobiography, 'Belonging: A Journey of Love,' globally on November 10. This follows Penguin Random House India's controversial withdrawal from the project. Congress leaders alleged Penguin faced pressure to remove references to PM Modi and RSS. Penguin denied external influence, stating an inability to reach consensus on a specific topic during discussions caused the split.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |