
മാവേലിക്കര: വർഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കി സ്ഥലം പൂർവസ്ഥിതിയിലാക്കാൻ പുതിയകാവ് ചന്തയിൽ ബയോമൈനിംഗ് പദ്ധതിക്ക് തുടക്കമാവുന്നു. പദ്ധതിയുടെ ഭാഗമായി ട്രോമൽ യന്ത്രം സ്ഥലത്തെത്തിച്ചു. ലോകബാങ്കിന്റെ സഹായത്തോടെ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. ബയോമൈനിംഗിന് ശേഷം 81.27സെന്റ് ഭൂമിയാണ് വീണ്ടെടുക്കാനാവുക. ഇത് പിന്നീട് മറ്റ് വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. നഗരസഭാ ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന ബാബു, ക്ലീൻസിറ്റി മാനേജർ ആർ.ബിനോയ്, ജെ.എച്ച്.ഐ ആശാദേവി, കെ.എസ്.ഡി.ബ്ല്യു.എം.പി എൻജിനീയർ സുകന്യ നായർ എന്നിവരുടെ നേതൃത്വത്തിലാണ് ട്രോമൽ യന്ത്രം സ്ഥാപിക്കുന്ന നടപടികൾ.
81 സെന്റ് ഭൂമി വീണ്ടെടുക്കും
മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കും
2001 മുതലാണ് മാർക്കറ്റ് പരിസരത്ത് മാലിന്യങ്ങൾ നിക്ഷേപിക്കാൻ തുടങ്ങിയത്. പുതിയകാവിൽ 5.9മീറ്റർ ആഴത്തിലായി 13,000 മീറ്റർ ക്യൂബ് മാലിന്യം നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. വർഷങ്ങളായി കുന്നുകൂടിയ മാലിന്യങ്ങളെ പ്രകൃതിക്ക് ദോഷമില്ലാത്ത രീതിയിൽ ശാസ്ത്രീയമായി സംസ്കരിക്കുകയാണ് ചെയ്യുന്നത്. ആദ്യഘട്ടത്തിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ ജെ.സി.ബി ഉപയോഗിച്ച് ഇളക്കി, പ്രത്യേക ബയോകൾച്ചർ ലായനികൾ തളിച്ച് ജീർണനം വേഗത്തിലാക്കും. തുടർന്ന് ട്രോമൽ യന്ത്രം ഉപയോഗിച്ച് മാലിന്യങ്ങൾ തരതിരിച്ച് പ്ലാസ്റ്റിക്, തുണി, റബ്ബർ എന്നിവ വേർതിരിച്ച് സിമന്റ് ഫാക്ടറികളിൽ ഇന്ധനമായി ഉപയോഗിക്കാനുള്ള ആർ.ഡി.എഫായും പൂർണമായി മണ്ണിനോട് ചേർന്ന ജൈവാംശങ്ങൾ വേർതിരിച്ച് കൃഷിക്കും തറ നിരപ്പാക്കാനും ഉപയോഗിക്കാവുന്ന ബയോ എർത്തായും ഉപയോഗിക്കും. മിച്ചം വരുന്ന കല്ല്, ഇഷ്ടിക കഷ്ണങ്ങൾ എന്നിവ റോഡ് നിർമ്മാണത്തിന് എടുക്കാനുമാണ് തീരുമാനം.
തുടർന്ന് ട്രോമൽ യന്ത്രം ഉപയോഗിച്ച് മാലിന്യങ്ങൾ തരംതിരിച്ച് പ്ലാസ്റ്റിക്, തുണി, റബ്ബർ എന്നിവ ആർ.ഡി.എഫ് ഇന്ധനമായും ജൈവാംശങ്ങൾ ബയോ എർത്ത് ആയും ഉപയോഗിക്കും. കല്ലും ഇഷ്ടികക്കഷണങ്ങളും റോഡ് നിർമാണത്തിനായി മാറ്റിവയ്ക്കും. ട്രോമൽ യന്ത്രം സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |