SignIn
Kerala Kaumudi Online
Saturday, 24 October 2026 12.42 AM IST

' പോയവരേക്കാൾ കൂടുതൽ പേർ പാർട്ടി​യി​ലേക്കെത്തി '​

ആലപ്പുഴ : തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഒരു ടേം കൂടി ആർ.നാസർ തന്നെ സി.പി.എം ജില്ലാ സെക്രട്ടറിയായി തുടർന്നേക്കും. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ - പൊതുപ്രവർത്തന രംഗത്തെത്തി ത്രിതല പഞ്ചായത്ത് ഭരണ സമിതികളിൽ ജനപ്രതിനിധിയെന്ന നിലയിലെ മികച്ച പ്രവർത്തനത്തിനൊടുവിലാണ് ആർ.നാസർ സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയത്. 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് ഹരിപ്പാട് ആരംഭിക്കാനിരിക്കെ രണ്ട് ടേമുകളിലായി ആറുവർഷം ജില്ലയിൽ പാർട്ടി സെക്രട്ടറിയായിരി​ക്കുന്ന ആർ.നാസർ കേരളകൗമുദിയോട് സംസാരിക്കുന്നു.

 പാർട്ടി സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി തെറ്ര് തിരുത്തൽ നടപടികൾക്ക് തുടക്കം കുറിച്ചിട്ടും വിഭാഗീയതയും പാർട്ടിവിട്ടുപോകലും തുടരുകയാണല്ലോ?

പാർട്ടിയിൽ നിന്ന് അപൂർവം ചിലർ മാത്രമാണ് പോകുന്നത്. അതൊരു ഒറ്റപ്പെട്ടസംഭവമാണ്. അതിൽ കൂടുതൽ പേർ പാർട്ടിയിലേക്ക് തിരികെയെത്തിയിട്ടുണ്ട്. ജെ.എസ്.എസിൽ നിന്ന് കെ.കെ ഷാജുവും ജനതാദളിൽ നിന്ന് ഷേയ്ക്ക് പി. ഹാരിസുമുൾപ്പെടെ മുൻനിരനേതാക്കളടക്കം ധാരാളം പേർ സി.പി.എമ്മിലേക്കെത്തിയവരാണ്. തെറ്റ് തിരുത്തൽ നടപടികൾ ശരിയായ വിധത്തിൽ നടപ്പാക്കിയതിനാലാണ് ലോക്കൽ , എരിയാ സമ്മേളനങ്ങളെല്ലാം അഭിപ്രായ വ്യത്യാസങ്ങളേതുമില്ലാതെ വിജയകരമായി പൂർത്തിയായത്.

 വീണ്ടും പാർട്ടി സെക്രട്ടറിയാകുമോ?

സജിചെറിയാൻ ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് മത്സരത്തിന് പോയതിനെ തുടർന്നാണ് സെക്രട്ടറിയായത്. കഴിഞ്ഞ രണ്ട് ടേമുകളായി തുടരുകയാണ്. സമ്മേളനമാണ് പുതിയ സെക്രട്ടറിയെ തീരുമാനിക്കുക.

 നിയമ സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ?

തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിൽ ആരു മത്സരിക്കണമെന്ന് പാർട്ടിയാണ് തീരുമാനിക്കുന്നത്.

 ജില്ലാസെക്രട്ടറിയെന്ന നിലയിലുള്ള പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ജില്ലയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ പാർട്ടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ സിറ്റിംഗ് സീറ്റ് നഷ്ടമാകാനിടയാക്കിയ വോട്ട് ചോർച്ചയും പാർട്ടി ഗൗരവമായി വിലയിരുത്തി. സംഘടനാപിഴവുകൾ പരിഹരിച്ച് ഒറ്റക്കെട്ടായി പാർട്ടിയെ മുന്നോട്ട് നയിക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. താഴെത്തട്ടിൽ പാർട്ടി പ്രവർത്തനം ശക്തമാക്കുന്നതിനും തെറ്റിദ്ധാരണകളുടെ പേരിൽ നിസ്സഹകരിച്ച് നിൽക്കുന്നവരെ കൂടി യോജിപ്പിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനുമാണ് ശ്രമിച്ചിട്ടുള്ളത്.

 എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ വഴി പാർട്ടി റിക്രൂട്ട് മെന്റ് ഇല്ലല്ലോ?

എസ്.എഫ്.ഐ കാമ്പസുകളിലും ഡി.വൈ.എഫ്.ഐ യുവജനങ്ങൾക്കിടയിലും സജീവമാണ്. യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കത്തക്കവിധമുള്ള പ്രവർത്തനശൈലിയിലൂടെ അരാഷ്ട്രീയ വാദത്തിലകപ്പെടാതെ യുവാക്കളെ പാർട്ടിയിലെത്തിക്കും.

 കായംകുളത്ത് വിഭാഗീയത അതിരൂക്ഷമാണല്ലോ?

സംഘടനാപരമായ ചിലപ്രശ്നങ്ങൾ അവിടെയുണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചിട്ടുണ്ട്. നിലവിൽ അവിടെ പ്രശ്നങ്ങളൊന്നുമില്ല.

 കുട്ടനാട് സീറ്റ് സി.പി.എം ഏറ്രെടുക്കുമോ?

മുന്നണി തലത്തിൽ തീരുമാനമെടുക്കേണ്ട വിഷയമാണത്. കുട്ടനാട്ടിലും ചേർ‌ത്തലയിലുമുൾപ്പെടെ സി.പി.എം വോട്ടിലാണ് ഘടകകക്ഷികൾ വിജയിക്കുന്നത്. തിരഞ്ഞെടുപ്പ് വരുന്ന ഘട്ടത്തിൽ ഉചിതമായ തീരുമാനമുണ്ടാകും.

 പുന്നമടയിലെ വനിതാ നേതാവിന്റെ പരാതിയിൽ പാർട്ടി നടപടിയൊന്നുമുണ്ടായില്ലല്ലോ?

പരാതിക്കാരി ഉന്നയിച്ച വിഷയം പാ‌ർട്ടി പരിശോധിക്കുകയും ആരോപണ വിധേയനായ സഖാവിന്റെ ഭാഗത്തുനിന്ന് തെറ്റുണ്ടായിട്ടില്ലെന്ന് വ്യക്തമായതുമാണ്. നിലവിൽ ഇക്കാര്യം പൊലീസ് അന്വേഷണത്തിലാണ്.

 ജില്ലാ കമ്മിറ്റിയും സെക്രട്ടറിയേറ്റിലും വനിതാപ്രാതിനിധ്യം കൂട്ടുമോ?

ജില്ലാ സെക്രട്ടറിയേറ്റിൽ മുമ്പ് വനിതകളില്ലാതിരുന്നതാണ്. നിലവിൽ ഒരാളുണ്ട്. സമ്മേളന പ്രതിനിധികളുടെ നിർദേശത്തിന് വിധേയമായി അക്കാര്യങ്ങളിൽ തീരുമാനമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL