ആലപ്പുഴ: വേണ്ടത്ര പണം അനുവദിച്ചിട്ടും കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ടെണ്ടർ വൈകുന്നതിനു പിന്നിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് ആരോപണം. പദ്ധതിനിർവഹണം വേഗത്തിലാക്കാൻ കുട്ടനാട് കേന്ദ്രീകരിച്ച് എക്സിക്യുട്ടീവ് എൻജിനിയറുടെ നേതൃത്വത്തിൽ സബ് ഡിവിഷൻ പ്രവർത്തനം തുടങ്ങിയെങ്കിലും പദ്ധതി നടത്തിപ്പ് ഇഴഞ്ഞു നീങ്ങുകയാണ്.
ഇതോടൊപ്പം അനുവദിച്ച ചെങ്ങന്നൂർ കുടിവെള്ള പദ്ധതി കമ്മീഷൻ ചെയ്തിട്ട് വർഷം മൂന്ന് കഴിഞ്ഞിട്ടും കുട്ടനാട് പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം പോലും നടത്താനായിട്ടില്ല. ഒന്നരവർഷത്തിനുള്ളിൽ പദ്ധതി പൂർത്തികരിക്കണമെന്ന് ലഭിച്ച നിർദ്ദേശവും ഉദ്യോഗസ്ഥർ പാലിച്ചില്ല.
താൻ ജയിച്ചാൽ മൂന്ന് മാസത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തോമസ് കെ.തോമസ് നടത്തിയ പ്രഖ്യാപനവും പാഴ്‌വാക്കായി. കുട്ടനാട്ടുകാർ കുടിക്കാനും കുളിക്കാനും ആറുകളെയും തോടുകളെയുമാണ് ആശ്രയിക്കുന്നത്. കുട്ടനാട്ടിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഒമ്പത് വർഷം മുമ്പ് മുൻമന്ത്രി തോമസ് ഐസക് മുൻകൈയ്യെടുത്താണ്
370കോടി രൂപ പദ്ധതിക്കായി അനുവദിച്ചത്.
സബ്ഡിവിഷൻ തുടങ്ങിയിട്ടും പ്രയോജനമില്ല
പദ്ധതി നിർവഹണം വേഗത്തിലാക്കാനാണ് സബ്ഡിവിഷൻ പ്രവർത്തനം ആരംഭിച്ചത്
ഒരു എക്‌സിക്യുട്ടീവ് എൻജിനീയർ, മൂന്ന് അസി.എക്‌സിക്യുട്ടീവ് എൻജിനിയർമാർ എന്നിവരെ ഉൾപ്പെടെ നിയമിച്ചു
ഭൂരിഭാഗം ജീവനക്കാരും ആലപ്പുഴക്കാരല്ലാത്തതിനാൽ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞില്ല
പദ്ധതിയുടെ പ്രവർത്തന മേൽനോട്ടമാണ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ളത്.
ശമ്പളം, കെട്ടിടവാടക, വൈദ്യുതിചാർജ്ജ് എന്നിവക്കായി ലക്ഷങ്ങളാണ് ചെലവഴിച്ചത്
നദീജലം ശുദ്ധീകരിച്ച് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയുടെ പ്‌ളാൻ പൂർത്തീകരിക്കാൻ പോലും കഴിഞ്ഞിട്ടില്ല
അടങ്കൽ തുക : ₹370കോടി
ഗുണഭോക്താക്കൾ : 57,000കുടുംബങ്ങൾ
എം.പി.ഗംഗാധരൻ മന്ത്രിയായിരിക്കുമ്പോൾ സ്ഥാപിച്ച കുടിവെള്ള വിതരണ പൈപ്പുകൾക്ക് പകരം പുതിയവ സ്ഥാപിച്ച് ഓവർഹെഡ് ടാങ്കുകളുമായി ബന്ധിപ്പിക്കണം. സ്വകാര്യ വെള്ളക്കമ്പനികൾ അമിതവിലയ്ക്കാണ് കുടിവെള്ള വില്പന നടത്തുന്നത്. കുട്ടനാട് കുടിവെള്ള പദ്ധതി വേഗത്തിൽ പൂർത്തീകരിക്കണം.
-ജെയ്സപ്പൻ മത്തായി,ജില്ലാ പ്രസിഡന്റ്, കേരള കോൺഗ്രസ് (ബി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |