SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

കേന്ദ്ര അനുമതി വൈകുന്നു,​ സർക്കാർ ഹാച്ചറിയിൽ മുട്ട വിരിയിക്കാൻ നീളും

ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന് ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച് ഒരുമാസം കഴിഞ്ഞിട്ടും ചെങ്ങന്നൂരിലെ സെൻട്രൽ ഹാച്ചറിയിൽ മുട്ട വിരിയിക്കാൻ കേന്ദ്ര അനുമതി ലഭിക്കാത്തത് കർഷകർക്ക് തിരിച്ചടിയായി.

സർക്കാർ ഹാച്ചറിയിലെ മുട്ടവിരിയിക്കൽ കേന്ദ്രങ്ങൾ വൃത്തിയാക്കി അണുമുക്തമാക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കിയിരുന്നു.

നിയന്ത്രണം പിൻവലിച്ച ശേഷവും രോഗം റിപ്പോർട്ട് ചെയ്ത പ്രദേശത്തെ പക്ഷികളുടെ രക്തം രണ്ട് ആഴ്ചകൂടുമ്പോൾ പരിശോധിക്കുകയും ഫലം നെഗഗറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നിട്ടും കേന്ദ്രം പച്ചക്കൊടി കാട്ടാത്തതാണ്

കർഷകരെ വലയ്ക്കുന്നത്. പക്ഷിപ്പനി നിയന്ത്രണം പിൻവലിച്ചത് മേഖലയിലെ കർഷകരിലും തൊഴിലാളികളിലും വലിയ പ്രതീക്ഷ ഉണർത്തിയിരുന്നു. കർഷകരും ഇറച്ചി വിൽപ്പനക്കാരുമായി 10,000ത്തോളം കുടുബങ്ങൾക്ക് ഇത് പുത്തൻ ഉണർവ് നൽകുമെന്നാണ് കരുതിയത്. എന്നാൽ,​ കേന്ദ്ര അനുമതി വൈകുന്നതോടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റ അവസ്ഥയാണ്. ജില്ലയിലെ ചില സ്വകാര്യ ഹാച്ചറികളിൽ മാത്രമാണ് ഇപ്പോൾ മുട്ട വിരിയിക്കുന്നത്.

അനുമതി ലഭിച്ചാലും

വേണം മൂന്നുമാസം

മുട്ട വിരിയിക്കാൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ തന്നെ ഉത്പാദനം തുടങ്ങാൻ

മൂന്ന് മാസമെങ്കിലും വേണ്ടിവരും. മാസത്തിൽ 1.5ലക്ഷം പിടക്കോഴി കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ചെങ്ങന്നൂരിലെ സെൻട്രൽ ഹാച്ചറിയിൽ ബയോ സെക്യൂരിറ്റി സംവിധാനം കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. ഇതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. കോഴിക്കുഞ്ഞുങ്ങളെ സൂക്ഷിക്കാനുള്ള പ്രധാന ഷെഡ് ഉൾപ്പെടെയുള്ളവയുടെ അറ്റകുറ്റപ്പണികളും നടത്തേണ്ടതുണ്ട്. ഇവയെല്ലാം വൈകാതെ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഒരോ യൂണിറ്റിലും തുടക്കത്തിൽ 1000 കുഞ്ഞുങ്ങളെയാവും ഉത്പാദിപ്പിക്കുക. ആറ് മാസം കൊണ്ട് ഉത്പാദനം പൂർണ്ണതോതിലെത്തും.

നഷ്ടപരിഹാരത്തിന്

നീളുന്ന കാത്തിരിപ്പ്

# 2024ഏപ്രിൽ മുതൽ വിവിധ ഘട്ടങ്ങളിലായി ജില്ലയിൽ 3,52,851പക്ഷികളെ കൊന്നൊടുക്കിയെങ്കിലും നഷ്ടപരിഹാരം പൂർണമായി ലഭിച്ചിട്ടില്ല. നശിപ്പിച്ച മുട്ടയുടെ വില വേറെയും

# കോഴിയും താറാവും കാടയും ഉൾപ്പെടെ രോഗം ബാധിച്ച് 1,23,640 പക്ഷികളാണ് ചത്തൊടുങ്ങിയത്. ഈ ഇനത്തിൽ 780 കർഷകർക്കായി 2.95 കോടി രൂപ ഇനിയും നഷ്ടപരിഹാരമായി കിട്ടാനുണ്ട്

കേന്ദ്ര അനുമതി ലഭിച്ചാൽ മാത്രമേ ഉത്പാദനം ആരംഭിക്കാൻ കഴിയൂ. ഹാച്ചറിയിലെ ബയോ സെക്യൂരിറ്റി സംവിധാനം കൂടുതൽ ശക്തമാക്കും

- ഡോ.എസ്.സന്തോഷ്, പ്രൊഡക്ഷൻ മാനേജർ,

സെൻട്രൽ ഹാച്ചറി,​ ചെങ്ങന്നൂർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL