
മാന്നാർ: കഴിഞ്ഞ ദിവസം അന്തരിച്ച ഡോ.കെ.എം ചെറിയാന്റെ ജന്മദേശം
കായംകുളമാണെങ്കിലും കുടുംബം വ്യാപിച്ചുകിടക്കുന്ന ചെങ്ങന്നൂർ, തിരുവല്ല പ്രദേശങ്ങളെ അദ്ദേഹം ഏറെ സ്നേഹിച്ചിരുന്നു. സമയം കിട്ടുമ്പോഴെല്ലാം അദ്ദേഹം
ഇവിടത്തെ ബന്ധുവീടുകൾ സന്ദർശിക്കുകയും ബന്ധം കാത്തു സൂക്ഷിക്കുകയും ചെയ്തുപോന്നു.
നാടിനോടും നാട്ടുകാരോടുമുള്ള ഈ പ്രതിബദ്ധതയാണ് സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ, ആധുനിക സൗകര്യങ്ങളുള്ള കെ.എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ചെങ്ങന്നൂരിലെ കല്ലിശ്ശേരിയിൽ സ്ഥാപിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
വൈദ്യശാസ്ത്ര രംഗത്ത് പ്രശസ്തിയുടെ കൊടുമുടികൾ കയറുമ്പോഴും ഗ്രാമത്തിന്റെ ശാന്തതയും സൗന്ദര്യവും ഏറെ ഇഷ്ടപ്പെട്ടിരുന്ന കെ.എം ചെറിയാൻ, ഇരുപത് വർഷം മുമ്പ് പാടശേഖരവും പമ്പാനദിയും ചേർന്ന് കിടക്കുന്ന മാന്നാർ പാവുക്കരയിൽ ഒരേക്കർ സ്ഥലവും ഒരു വീടും സ്വന്തമാക്കിയിരുന്നു. ഇടയ്ക്കിടെ അദ്ദേഹം ഈ വീട്ടിൽ എത്താറുണ്ടായിരുന്നു.'ചെറിയാൻസ്' എന്ന് മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ ബോർഡ് മതിലിൽ തിളങ്ങി കിടപ്പുണ്ട്.
കാച്ചിൽ, ചേന, ചേമ്പ്, പുഴ മീൻ എന്നിവയോടായിരുന്നു അദ്ദേഹത്തിന് ഏറെ പ്രിയം.
മൂന്ന് മീൻ വളർത്തൽ കുളങ്ങളും ഇവിടെയുണ്ട്. വിദേശ ഡോക്ടർമാരൊത്തുള്ള കോൺഫറൻസിനും ആഘോഷങ്ങൾക്കും വീടും പരിസരവും വേദിയായിട്ടുണ്ട്. സുഹൃത്തുക്കൾക്കൊപ്പം പമ്പാ നദിയിൽ സ്പീഡ് ബോട്ട് യാത്ര അദ്ദേഹത്തിന്റെ പ്രധാന വിനോദമായിരുന്നു. ഡോക്ടർ എത്തുമ്പോൾ വീടും പരിസരവും വൃത്തിയാക്കാനും ഭക്ഷണം പാചകം ചെയ്യാനും സ്വന്തം ജോലിക്കാരുമെത്തും. കഴിഞ്ഞ നവംബറിലായിരുന്നു അദ്ദേഹം അവസാനമായി ഈ വീടിന്റെ പടികടന്നെത്തിയത്.
ഹൃദയവേദനയോടെ നിസാം
ഡോ.കെ.എം ചെറിയാന്റെ നിര്യാണത്തിൽ ഏറെ ദു:ഖിതനാണ് അദ്ദേഹത്തിന്റെ ഡ്രൈവർ മാന്നാർ കുരട്ടിക്കാട് വടക്കേവിളയിൽ നിസാം (39). ഡോക്ടർ നാട്ടിലെത്തുമ്പോൾ നിസാമിനെയാണ് കൂടെ കൂട്ടാറ്. തമിഴ്നാട് രജിസ്ട്രേഷനുള്ള പഴയ ബി.എം.ഡബ്ല്യു കാറാണ് ഉപയോഗിച്ചിരുന്നത്. ചെന്നൈയിൽ നിന്ന് ട്രെയിൻ കയറുമ്പോൾ നിസാമിനെ വിളിക്കും. ചെങ്ങന്നൂരിൽ ട്രെയിനിറങ്ങുമ്പോൾ കാറുമായി
നിസാം കാത്ത് നിൽപ്പുണ്ടാവും.തുടർന്ന്, മടക്കുന്നത് വരെ ഡോക്ടറോടൊപ്പം നിഴൽപോലെ നിസാമുണ്ടാവും. ഏറെ സ്റ്റേഹം പകർന്ന് നൽകിയ ഡോക്ടറെ അവസാനമായി ഒരു നോക്ക് കാണാൻ ചെന്നെയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് കെ.എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ ആംബുലൻസ് ഡ്രൈവർ കൂടിയായ നിസാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |