ആലപ്പുഴ : നാട്ടുരുചി പകരുന്ന ആഞ്ഞിലിച്ചക്കയ്ക്ക് ആവശ്യക്കാർ കൂടിയതോടെ വിലയും കുതിച്ചുയർന്നു. ഒരു കിലോഗ്രാമിന് 220രൂപയാണ് ഇപ്പോഴത്തെ വില. വലിപ്പമുള്ളതാണെങ്കിൽ നാല് ചക്കമതി ഒരു കിലോ തികയാൻ. നല്ല വരിക്ക ചക്കയ്ക്ക് നാട്ടിൻപുറങ്ങളിൽ കിലോയ്ക്ക് 50രൂപയുള്ളപ്പോഴാണ് ആഞ്ഞിലിച്ചക്കയുടെ തീവില.
മൂവാറ്റുപുഴയിൽ നിന്നാണ് ആലപ്പുഴയിലേക്ക് ആഞ്ഞിലിപ്പഴം, മറിയപ്പഴം, ഐനിച്ചക്ക, ആനിക്കാവിള, അയണിച്ചക്ക, അയിനിപ്പഴം എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ആഞ്ഞിലിച്ചക്കയുടെ വരവ്. കഴിഞ്ഞ പത്തുവർഷമായി സീസൺതോറും ആഞ്ഞിലിച്ചക്ക വിൽപ്പന നടത്തുന്ന കോഴിക്കോട് സ്വദേശി റഷീദാണ് ആലപ്പുഴയിലെ വ്യാപാരികളിലൊരാൾ. സ്‌കൂൾഅവധി സമയത്താണ് ആഞ്ഞിലിച്ചക്ക പഴുക്കുന്നത്.
ആഞ്ഞിലിമരങ്ങളിൽ കയറി കുട്ടികൾ ചക്ക പറിച്ചെടുക്കുന്നത് മുൻകാലങ്ങളിൽ നാട്ടിൻപുറങ്ങളിലെ പതിവ് കാഴ്ചയായിരുന്നു.
കേരളത്തിൽ ഭക്ഷ്യദൗർലഭ്യം രൂക്ഷമായിരുന്ന കാലത്തെ പ്രധാനഭക്ഷണവുമായിരുന്നു ഇത്. വിളവായ ആഞ്ഞിലിച്ചക്കയുടെ പുഴുക്കും തോരനും മലയാളിയുടെ വർഷകാലഭക്ഷണത്തിലെ പ്രധാന ഇനങ്ങളുമായിരുന്നു. ചുളയ്ക്ക് പുറമേ ആഞ്ഞിലിക്കുരുവെന്ന വിത്തും വറുത്തു ഭക്ഷിക്കാറുണ്ട്. പാക്കറ്റുകളിലാക്കി സൂപ്പർമാർക്കറ്റുകളിലാണ് ഇന്ന് അവയുടെ സ്ഥാനം.
വില പറയുക മരത്തിന്
താഴെവീഴാതെ പറിച്ചെടുക്കുന്ന ചക്കകളാണ് വിൽപ്പനയ്ക്കെത്തിക്കുന്നത്. ചക്കയുടെ ലഭ്യതയനുസരിച്ച് സ്ഥലഉടമകൾക്ക് മരം ഒന്നിന് കുറഞ്ഞത് 2000- 3000 രൂപവരെ നൽകിയാണ് ആ മരത്തിൽ വിളയുന്ന ചക്ക മൊത്തവില്പനക്കാർ വാങ്ങുക. വാഹനങ്ങളിൽ ഓരോ സ്ഥലങ്ങളിലായി മാറി മാറിയെത്തിച്ചാണ് വിൽപ്പന. തെക്കൻകേരളത്തിൽ മാർച്ച് അവസാനത്തോടെയേ ചക്ക പാകമാകൂ. കൂലിച്ചെലവാണ് വിലകൂടാൻ പ്രധാന കാരണം.
വൈറ്റമിനുകളുടെ കലവറ
ആഞ്ഞിലിച്ചക്കയിലെ വൈറ്റമിൻ എ, സി എന്നിവ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ആന്റി ഓക്സിഡന്റുകളുടെ സാന്നിധ്യം കാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്ന ഫ്രീറാഡിക്കിലുകളുടെ പ്രവർത്തനത്തെ മന്ദഗതിയിലാക്കാനും ഉപകരിക്കും
ബാക്ടീരിയ, വൈറസ് രോഗങ്ങളെ ചെറുക്കുന്നതിനൊപ്പം ചക്കച്ചുളയിലെ പൊട്ടാസ്യം, നാരുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ രക്തസമ്മർദ്ദം കുറയ്ക്കുവാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും
എൽ.ഡി.എൽ കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്.ഡി.എൽ കൊളസ്ട്രോൾ ഉയർത്താനും ഉപകരിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തുന്നതിനും വിളർച്ച മാറ്റുന്നതിനും നല്ലതാണ്
ചക്കയിലെ നാരുകൾ ദഹനപ്രക്രിയ ത്വരിതപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യും. കുടൽ കാൻസറിന്റെ സാദ്ധ്യത കുറയ്ക്കും.നിശാന്ധത, കണ്ണിന്റെ ഞരമ്പുകളുടെ ആരോഗ്യം എന്നിവയ്ക്ക് ഗുണം ചെയ്യും
വീട്ടിൽ ആഞ്ഞിലി മരമുള്ളവരും ആഞ്ഞിലിച്ചക്കയുടെ രുചിയറിഞ്ഞവരുമാണ് വാങ്ങാൻ താൽപ്പര്യപ്പെടുന്നവരിൽ കൂടുതലും
- റഷീദ്, വ്യാപാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |