SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.45 AM IST

അവധിയിൽ ആടിയുലയും സ്വകാര്യ ബസ് മേഖല

ആലപ്പുഴ : അവധിക്കാലമെത്തിയതോടെ ആലപ്പുഴ നഗരത്തിലൂടെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ബസുടമകൾ. നഗരത്തിൽ കോടതിപ്പാലം പൊളിച്ചതിനെത്തുടർന്ന് റൂട്ട് പരിഷ്കരിച്ചതാണ് സ്വകാര്യ ബസ് മേഖലയ്ക്ക് തിരിച്ചടിയായത്.

ഈ നഷ്ടത്തിനിടെയാണിപ്പോൾ അവധിക്കാലംകൂടി എത്തിയത്. ഇതോടെ ഒരുദിവസം ശരാശരി 700-1000 രൂപയുടെ അധികനഷ്ടം ഉണ്ടാകുമെന്ന് ഉടമകൾ പറയുന്നു. വിദ്യാർത്ഥികളുടെ കൺസഷൻ കൂടാതെ അദ്ധ്യാപകർ, സ്കൂളുകളിലെ മറ്റ് ജീവനക്കാർ എന്നിവരടങ്ങുന്ന യാത്രക്കാരുടെ കുറവ് അടുത്ത രണ്ടുമാസം മേഖലയെ ബാധിക്കും.

കോടതിപ്പാലം പൊളിച്ചതിനെത്തുടർന്നുണ്ടായ വഴിമാറ്റങ്ങളിൽ യാത്രാസമയം കൂടിയതോടെ ട്രിപ്പുകൾ നഷ്ടത്തിലായി വരുമാനത്തിലും ഇടിവുണ്ടായി. നിലവിൽ കൃത്യമായ സമയക്രമീകരണമില്ലാതെയാണ് ബസുകൾ സ‌ർവീസ് നടത്തുന്നത്.

പുതിയ സാഹചര്യത്തിൽ സമയക്രമം പുതുക്കി നൽകണമെന്ന് മോട്ടോർ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ബസുടമകളുടെ പരാതി. നിലവിൽ 15മിനിട്ടോളം അധികസമയം സർവീസ് നടത്തണം. മണ്ണഞ്ചേരി- ഇരട്ടക്കുളങ്ങര, മണ്ണഞ്ചേരി- റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകളാണ് കൂടുതൽ പ്രതിസന്ധി നേരിടുന്നത്.

വരുമാനത്തിൽ കുറവ്

 മുമ്പ് ദിവസം 8000-7000 രൂപ വരെ വരുമാനം ലഭിച്ചിരുന്നത് ഇപ്പോൾ 6000-5000 വരെ ആയി കുറഞ്ഞു

 അവധിക്കാലത്ത് 700-1000 രൂപ വരെ ഇനിയും വരുമാനത്തിൽ ഇടിവുണ്ടാകുമെന്ന് ബസുടമകൾ

 റൂട്ട് പരിഷ്കരണം വന്നതോടെ 1000 രൂപയുടെ അധിക ഡീസൽ അടിക്കേണ്ടി വരുന്നു

 ഒരുദിവസം 1000 രൂപ പോലും മിച്ചം ലഭിക്കാത്ത അവസ്ഥയിലാണെന്നും ഉടമകൾ ചൂണ്ടിക്കാട്ടുന്നു

അമ്പലപ്പുഴ താലൂക്കിൽ

പെർമിറ്റുള്ള ബസുകൾ

120

ഒരുദിവസം സർവീസ്

നടത്തുന്ന ബസുകൾ

90

കോടതിപ്പാലം പൊളിച്ചതോടെ സ്വകാര്യ ബസ് മേഖല ആകെ തകർന്നു. മേഖലയെ പിടിച്ചു നിറുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം. വരുമാനം കുത്തനെ കുറഞ്ഞാൽ ഉടമകൾ കടക്കെണിയിലാകും

-പി.ജെ. കുര്യൻ, ജില്ലാ പ്രസിഡന്റ്

കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL