SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.48 AM IST

കുട്ടനാടിന് ഭീഷണിയായി ഉയർന്ന ലവണ സാന്നിദ്ധ്യം

saline

ആലപ്പുഴ: കുട്ടനാട്ടിൽ കായലുകളിലും പൂക്കൈതയാറിലും കൃഷിക്കും ജന ജീവിതത്തിനും ഭീഷണിയായി ഉയർന്ന ലവണ സാന്നിദ്ധ്യം. പള്ളാതുരുത്തി ഭാഗത്ത് നിന്ന് മങ്കൊമ്പ് നെൽകൃഷി ഗവേഷണ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം പരിശോധനയ്ക്കെത്തിച്ച സാമ്പിളിലാണ് ഉയർന്ന ഉപ്പുസാന്നിദ്ധ്യം കണ്ടെത്തിയത്. നെൽകൃഷി മേഖലയിൽ വെള്ളത്തിലെ ലവണസാന്നിദ്ധ്യം 1.5 ഇലക്ട്രിക്കൽ കണ്ടക്ടിവിറ്റിയിലധികരിക്കാൻ പാടില്ലെന്നിരിക്കെ,​ ഉയർന്ന ലവണനിരക്കായ 3.3 ആണ് രേഖപ്പെടുത്തിയത്. മണ്ണിൽ ലവണാംശം കൂടുമ്പോൾ നെൽച്ചെടികൾക്ക് വെള്ളം ആഗിരണം ചെയ്യുന്നത് ബുദ്ധിമുട്ടാകുന്നു. ഇത് വളർച്ച മുരടിക്കാനും ഉൽപ്പാദനം കുറയാനും കാരണമാകും.

കുട്ടനാട്ടിൽ ഓരുവെള്ളത്തിന്റെ സാന്നിദ്ധ്യം ഒഴിവാക്കാൻ തണ്ണീർമുക്കം, തോട്ടപ്പള്ളി ഷട്ടറുകൾ ഡിസംബർ പകുതിയോടെ അടച്ചിടുകയാണ് പതിവെങ്കിലും ഷട്ടറുകളുടെയും ഓരുമുട്ടുകളിൽ അടുക്കിയിരിക്കുന്ന മണൽചാക്കുകളുടെയും വിടവിലൂടെ ഉപ്പുവെള്ളം പൂക്കൈതയാറിലേക്ക് പ്രവഹിക്കുകയും തിരിച്ചിറങ്ങാതിരിക്കുകയും ചെയ്യുന്നതാണ് ലവണ സാന്നിദ്ധ്യം വർദ്ധിക്കാൻ കാരണമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ഓരുമുട്ടുകളും ഷട്ടറുകളും ശാസ്ത്രീയമാക്കുകമാത്രമാണ് ഇതിന് പരിഹാരം. അല്ലെങ്കിൽ വേനൽക്കാലത്ത് പമ്പയാർ തുറന്നുവിട്ട് പാടങ്ങളിലെ ലവണ നിരക്ക് കുറയ്ക്കാൻ കഴിയണം.

തോട്ടപ്പള്ളി സ്പിൽവേയിൽ ഡ്രഡ്ജിംഗ് നടന്നതോടെ വേലിയേറ്റത്തിൽ ആറ്റിലേക്കുള്ള ഒഴുക്ക് കൂടിയിട്ടുണ്ട്. ഷട്ടറുകൾക്ക് അടിയിലൂടെയും വിടവിലൂടെയും വെള്ളം തള്ളിക്കയറുന്നത് ഒഴിവാക്കണം.തണ്ണീർമുക്കത്തെ ഷട്ടറുകളിൽ മിക്കതും തകരാറിലാണ്. ഇവിടെയും വെള്ളം കവിഞ്ഞുകയറുന്നത് തടയണം. മണൽച്ചാക്ക് അടുക്കി ഓരുജലം നിയന്ത്രിക്കുന്ന ചെറിയ ഓരുമുട്ടുകളെല്ലാം ഷട്ടർ സംവിധാനത്തിലേക്ക് മാറണം എന്നിവയാണ് പരിഹാരം.

വിളവ് മൂന്നിലൊന്നായി കുറഞ്ഞു

1. വേമ്പനാട്ട് കായലിലെയും ആറിലെയും ജലനിരപ്പ് താഴുകയും ഉപ്പിന്റെ അംശം കൂടുകയും ചെയ്തതാണ് കൃഷിക്ക് വിനയായത്. പൂക്കൈതയാറിന്റെ വശങ്ങളിലെ പ്രധാന പാടങ്ങളിലെല്ലാം ഏക്കറിന് 22 ക്വിന്റലിൽ നിന്ന് വിളവ് 7ക്വിന്റലായി താഴുകയും നെൽച്ചെടികൾ വ്യാപകമായി നശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കർഷകർ ലവണാംശം പരിശോധിക്കാൻ തയ്യാറായത്

2. പൂക്കൈതയാറിന്റെ തീരത്തുള്ള കാടുകയ്യാർ, ഇരുമ്പനം, കാക്കനാട്ടുവരി, കുറുവപ്പാടം, ഓണമ്പള്ളി, മുട്ടനാവേലി, പഴയകരി, പൂന്തുരം, വെട്ടിക്കരി, പൊന്നാകരി, പുത്തൻകരി, പണ്ടാരക്കുളം കായൽ, വാഴയിൽപാടം തുടങ്ങി ഹെക്ടറുകണക്കിന് പാടങ്ങളിലാണ് നെൽകൃഷി ഇത്തവണ വൻ നഷ്ടത്തിൽ കലാശിച്ചത്

3. കൃഷിയിറക്കിയശേഷമുള്ള ആദ്യ പരിശോധനയിൽ 6.1വരെ ലവണസാന്നിദ്ധ്യമുണ്ടായിരുന്നെങ്കിലും ഒരുമാസം മുമ്പ് ഇടവിട്ട് പെയ്ത മഴയിൽ ലവണ സാന്നിദ്ധ്യം പകുതിയായി കുറയുകയായിരുന്നു. തണ്ണീർമുക്കം ബണ്ട് ഇന്ന് തുറക്കാനിരിക്കെ,​ ലവണ സാന്നിദ്ധ്യം വീണ്ടും ഉയർന്നാൽ രണ്ടാം കൃഷിയുൾപ്പെടെ തുടരാൻ കഴിയില്ലെന്ന നിലപാടിലാണ് കർഷകർ

12 ഏക്കറിൽ കൃഷി ചെയ്തതാണ്. ഉപ്പുവെള്ളം കയറിയതിനാൽ 240 ക്വിന്റൽ വിളവ് ലഭിക്കേണ്ടിടത്ത് 90 ക്വിന്റലാണ് കിട്ടിയത്. മില്ലുകാരുടെ കിഴിവ് കൊള്ളകൂടി കഴിച്ചപ്പോൾ വൻ നഷ്ടമാണുണ്ടായത്

-പി.എസ് വേണു,കർഷകൻ, കാടുകയ്യാർ പാടം

ലവണ സാന്നിദ്ധ്യം പരിഹരിക്കാൻ ഷട്ടറുകളുടെ തകരാറുപരിഹരിക്കലുൾപ്പെടെ നടപടികൾ ആവിഷ്കരിക്കും

- പ്രിൻസിപ്പൽ കൃഷി ഓഫീസ്, ആലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL