തുറവൂർ: ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ആഞ്ഞുവീശിയ ശക്തമായ കാറ്റിലും മഴയിലും ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലകളിൽ വ്യാപക നാശനഷ്ടമുണ്ടായി. കുത്തിയതോട്, തുറവൂർ, പട്ടണക്കാട് പഞ്ചായത്തുകളിലാണ് കൂടുതൽ നാശം റിപ്പോർട്ട് ചെയ്തത്.
നിരവധി മരങ്ങൾ കടപുഴകി വീണ് വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. പല സ്ഥലങ്ങളിലും വൈദ്യുതി ലൈനുകൾ പൊട്ടി വീഴുകയും വൈദ്യുതി തൂണുകൾ ഒടിഞ്ഞു വീഴുകയും ചെയ്തതോടെ വൈദ്യുതി വിതരണം നിലച്ചു. വീടുകളുടെ മേൽക്കൂരകൾ പറന്നുപോയി.
തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ പള്ളിത്തോട് പുഷ്പത്തിൽ വീട്ടിൽ വർഗീസ് ഏലിയാസിന്റെ വീട്ടുമുറ്റത്ത് നിന്നിരുന്ന വലിയ മരം കടപുഴകി പൂർണമായും തകർന്നു. അപകടസമയത്ത് വീട്ടിനകത്തുണ്ടായിരുന്ന കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ വലിയ ശബ്ദം കേട്ട് ഉടൻ പുറത്തേക്ക് ഓടിയതിനാൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു. ആർക്കും പരിക്കേറ്റിട്ടില്ല.
മരങ്ങൾ റോഡിലേക്ക് വീണതിനെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ ഗതാഗതവും തടസപ്പെട്ടു. അന്ധകാരനഴി–ചെല്ലാനം റോഡിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നയാൾ കാറ്റിൽ തെറിച്ചുവീണ ഒരു കുല തേങ്ങ തലയിൽ പതിക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് മേഖലയിൽ ഉണ്ടായിട്ടുള്ളത്. വിവരം അറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |