
മാന്നാർ: മാന്നാർ പഞ്ചായത്ത് ഓഫീസ്- കോട്ടയ്ക്കൽ കടവ് റോഡിലെ അനന്തശിവക്ഷേത്രം മുതൽ കോട്ടയ്ക്കൽ കടവ് വരെയുള്ള യാത്രാദുരിതത്തിന് എട്ടുമാസം പിന്നിടുമ്പോഴും അവസാനമില്ല. സ്ഥലം എം.എൽ.എ സജി ചെറിയാന്റെ ശ്രമഫലമായി 45 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ പുനർനിർമ്മാണം. ഏകദേശം ഒരുകിലോമീറ്റർ ദൂരമുള്ള റോഡിന്റെ പഞ്ചായത്ത് ഓഫീസ് പടിക്കൽ നിന്നും വടക്കോട്ട് അനന്തശിവ ക്ഷേത്രം വരെയുള്ള അരകിലോമീറ്റർ ദൂരം മാത്രമാണ് സഞ്ചാരയോഗ്യമായുള്ളത്. അനന്ത ശിവക്ഷേത്ര ജംഗ്ഷനിൽ നിന്ന് വടക്കോട്ട് പരുമല ആശുപത്രി, പരുമലപള്ളി, പമ്പാ കോളജ് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിലെത്താൻ ജനങ്ങൾ ആശ്രയിക്കുന്ന കോട്ടയ്ക്കൽ കടവ് ആംബുലൻസ് പാലം വരെയുള്ള ഭാഗമാണ് പൊളിച്ചിട്ടിരിക്കുന്നത്. പരുമലപള്ളി പെരുന്നാളിന് ദിവസങ്ങൾക്ക് മുമ്പാണ് ഈ റോഡ് റീ ടാറിംഗിനായി കുത്തിപ്പൊളിച്ചിട്ടത്. പുനർനിർമ്മാണം വൈകുന്നത് മൂലം ഇരുചക്ര വാഹന യാത്രികർ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറി. പഞ്ചായത്തിൽ കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശവും സംസ്ഥാനത്തെ തന്നെ പ്രമുഖ ഓട്ടുപാത്ര നിർമ്മാണ കേന്ദ്രങ്ങളിലേക്കുള്ള പ്രധാന വഴിയും ഇതുതന്നെയാണ്. പത്തനംതിട്ട ജില്ലയിലെ പരുമലയിലേക്ക് കടക്കുന്ന കോട്ടയ്ക്കൽ കടവ് ആംബുലൻസ് പാലത്തിലേക്കാണ് ഈ റോഡ് എത്തുന്നത്. അത്യാവശ്യഘട്ടങ്ങളിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ പ്രദേശവാസികൾ പ്രധാനമായും ആശ്രയിക്കുന്ന റോഡിലെ ദുരിതമാണ് അധികൃതരുടെ അനാസ്ഥയിൽ അവസാനിക്കാതെ തുടരുന്നത്.
വേലിക്കെട്ടുകൾ
പൊളിച്ച്മാറ്റി നാട്ടുകാർ
ആഴ്ചകൾക്ക് മുൻപ് ടാറിംഗ് നടത്തുന്നതിനാണെന്ന് പറഞ്ഞ് വഴി കെട്ടിയടച്ചെങ്കിലും പണികൾ നടന്നില്ല. ഇതോടെ സഹികെട്ട നാട്ടുകാർ വേലിക്കെട്ടുകൾ പൊളിച്ചുമാറ്റി കല്ലുകൾ നിറഞ്ഞ പാതയിലൂടെ അപകടകരമായ രീതിയിൽ യാത്ര തുടരുകയാണ്. എപ്പോഴാണ് പണി പൂർത്തിയാകുക എന്ന ചോദ്യത്തിന് അധികൃതർക്കും കരാറുകാരനും മറുപടിയില്ല. റോഡിന്റെ ശോചനീയാവസ്ഥ കാരണം അപകടങ്ങളും ഇവിടെ പതിവായിരിക്കുകയാണ്. പണി പൂർത്തിയാകാത്ത ഈ റോഡിലൂടെയുള്ള ദുരിതയാത്ര ഇനിയും എത്രനാൾ തുടരുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |