
ആലപ്പുഴ: വേനൽ മഴയ്ക്ക് പിന്നാലെ കാലവർഷവുമെത്തിയതോടെ കുട്ടനാട്ടിൽ രണ്ടാം കൃഷിയുടെ വിത തടസപ്പെട്ടു. ജൂൺ ആദ്യവാരം വിത പൂർത്തിയാക്കേണ്ട പാടങ്ങളിൽ കളകിളിർപ്പിക്കാനുള്ള വെള്ളം വറ്റിക്കലിനിടെയാണ് കാലവർഷം ശക്തമായത്. കളകിളിർത്താൽ കളനാശിനി പ്രയോഗിച്ച് വീണ്ടും വെള്ളം കയറ്റിനിർത്തി അത് വറ്റിച്ച് വിത തുടങ്ങാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ എങ്ങനെയും ജൂൺ അവസാനമെങ്കിലുമാകും.
കഴിഞ്ഞ കൃഷിയുടെ നെല്ലിന്റെ പണംപോലും ഇനിയും ലഭ്യമായിട്ടില്ലെന്നിരിക്കെ, വിതയ്ക്കുള്ള വിത്തും കൃഷി വകുപ്പ് കർഷകർക്ക് ലഭ്യമാക്കിയിട്ടില്ല. നെടുമുടിയിലെ 36 പാടങ്ങളിൽ നാലോ അഞ്ചോ പാടങ്ങളിലാണ് വിത്ത് വിതരണം നടന്നത്. ഒരു ഏക്കറിന് 40 കിലോ വിത്താണ് കൃഷി വകുപ്പ് കിലോഗ്രാമിന് 42 രൂപ നിരക്കിൽ നൽകുന്നത്. അതിലധികം വിത്ത് വേണ്ടവർ വിലകൊടുത്ത് വാങ്ങണം. കൃഷിക്ക് പാടമൊരുക്കാനുൾപ്പെടെ കടം വാങ്ങുന്ന കർഷകർ ഇനി വിത്തിന് കൂടി പണം കണ്ടെത്തേണ്ട സ്ഥിതിയാണ്. വിത്ത് ക്ഷാമം മുതലെടുത്ത് കർഷകരെ ചൂഷണം ചെയ്യാൻ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ഏജന്റുമാർ കുട്ടനാട്ടിൽ വട്ടം ചുറ്റുകയാണ്. കിലോഗ്രാമിന് 46-48 രൂപവരെയാണ് ഇവർ ഈടാക്കുന്നത്.
പുഞ്ചക്കൃഷിയെ ബാധിക്കും
# 120 ദിവസം കൊണ്ട് മൂപ്പെത്തുന്ന ഡി.1 (ഉമ)ആണ് കൃഷിയെങ്കിലും മഴക്കാലമായതിനാൽ അത് മൂപ്പെത്താൻ 120 ദിവസമെങ്കിലുമെടുക്കും. രണ്ടാം കൃഷി ഒരുമാസത്തോളം വൈകുമ്പോൾ പുഞ്ച കൃഷിയെയാണ് അത് കൂടുതലായി ബാധിക്കുക
# കുട്ടനാട്ടിൽ ഏറ്റവുമധികം രണ്ടാം കൃഷിയുളളത് നെടുമുടി പഞ്ചായത്തിലാണ്. 36 പാടശേഖരങ്ങളിൽ 34ലും രണ്ടാംകൃഷിയുണ്ട്.തകഴി, കൈനകരി, ചമ്പക്കുളം മേഖലകളിലും അത്ര വ്യാപകമല്ലെങ്കിലും രണ്ടാം കൃഷിയുണ്ട്. ഇവിടങ്ങളിലെല്ലാം വിത വൈകിയത് ബാധിക്കും
# രണ്ടാം കൃഷിയുടെ വിളവെടുപ്പ് സമയമാകുമ്പോഴോക്കുണ്ടാകുന്ന വൃശ്ചിക വേലിയേറ്റം വൻതോതിലുള്ള കൃഷി നാശത്തിന് വഴിവയ്ക്കും. തണ്ണീർമുക്കം,തോട്ടപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് ഉപ്പുവെള്ളം ബണ്ട് തകർന്ന പാടങ്ങളിലേക്ക് കയറിയാൽ വൻവിളനഷ്ടത്തിന് ഇടയാക്കും
# ഇപ്പോഴത്തെ സാഹചര്യത്തിൽ ഡിസംബറിൽ പുഞ്ചകൃഷി ആരംഭിക്കാൻ സാധിക്കില്ലെന്ന് ഉറപ്പാണ്. അങ്ങനെ വന്നാൽ രണ്ട് കൃഷി ചെയ്തുവന്ന പാടങ്ങളിലെ കർഷകരിൽ പലർക്കും പുഞ്ച കൃഷി ഉപേക്ഷിക്കേണ്ടിവരും
# ഡിസംബർ ആദ്യമാണ് പുഞ്ചകൃഷിക്ക് വിതയ്ക്കേണ്ടത്. പുഞ്ചകൃഷി ആരംഭിച്ചാൽ തന്നെ ഏപ്രിൽ, മേയ് മാസങ്ങളിലെ കൊടും ചൂടും ഉഷ്ണതരംഗവും വൻ തോതിലുള്ള കൃഷി നാശത്തിനാണ് ഇടയാക്കുക
കാലാവസ്ഥയിലെ മാറ്റം കൃഷി തകിടം മറിച്ചു. വിത കഴിയേണ്ടിടത്ത് ഇപ്പോൾ കളകിളിർപ്പിക്കുന്നതേയുള്ളൂ. എങ്ങനായാലും ജൂലായ് പകുതിയിലേ വിത പൂർത്തിയാകൂ. വിളവെടുപ്പ് വൈകുന്നത് പുഞ്ചകൃഷിയെയും ബാധിക്കും.
-ലാലിച്ചൻ പള്ളിവാതുക്കൽ,പൊങ്ങപ്പാടം
ഈ ആഴ്ച എല്ലാ കൃഷി ഭവനുകളിലും വിത്ത് വിതരണം പൂർത്തിയാകും.കുമ്മായവും ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. -ജില്ലാ കൃഷി ഓഫീസർ, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |