
കൊച്ചി: ബസിലും ബസ് സ്റ്റോപ്പുകളിലും കൃത്രിമ തിരക്കുണ്ടാക്കി സ്ത്രീകളുടെ മൊബൈൽ ഫോണുകൾ മാത്രം മോഷ്ടിക്കുന്നയാൾ പൊലീസ് പിടിയിൽ. മലയാറ്റൂർ സ്വദേശി ജിജോ ബാബുവിനെയാണ് (39) തൃപ്പൂണിത്തുറ ഹിൽപ്പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് കിഴക്കേകോട്ടയിൽ ബസ് കാത്തുനിന്ന കാഞ്ഞിരമ്മറ്റം സ്വദേശിനിയായ വീട്ടമ്മയുടെ മൊബൈൽ മോഷ്ടിച്ച കേസിലാണ് പിടിവീണത്. നൂറിലധികം ഫോണുകൾ മോഷ്ടിച്ചിട്ടുണ്ടെന്ന് ജിജോ സമ്മതിച്ചു. 2012ലാണ് ഇതിനുമുമ്പ് പിടിയിലായത്. ഇയാളുടെ കൂട്ടാളികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.
ഫോൺ മോഷണം പതിവായതോടെ കൊച്ചി സിറ്റി പൊലീസ് പ്രതിയെ ഏതുവിധേനയും പിടികൂടണമെന്ന തീരുമാനത്തിലായിരുന്നു. ഇതിനിടെ വൈകിട്ട് ഫോൺ മോഷണം പോയെന്ന പരാതിയുമായി വീട്ടമ്മ ഹിൽപ്പാലസ് പൊലീസ് സ്റ്റേഷനിലെത്തി. ഫോൺ ബാഗിലിട്ട് ബസിൽ കയറിയെന്നും പിന്നീട് കാണാതായെന്നും പറഞ്ഞതോടെ മോഷ്ടാവ് പൊലീസ് തിരയുന്ന ആൾ തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു. പൊലീസ് കിഴക്കേകോട്ട ബസ് സ്റ്റാൻഡിലെത്തിയപ്പോൾ പ്രതി അടുത്ത ഇരയെ ലക്ഷ്യമിട്ട് നിൽക്കുകയായിരുന്നു. മറ്റൊരു പരാതിയിലെ അന്വേഷണത്തിനിടെ സി.സി ടിവി ദൃശ്യത്തിൽ ജിജോ കുടുങ്ങിയിരുന്നു. ഈ ദൃശ്യമാണ് അറസ്റ്റ് എളുപ്പത്തിലാക്കിയത്.
കൃത്രിമ തിരക്കുണ്ടാക്കി മോഷണം
ഹൈക്കോടതി ജംഗ്ഷൻ, വൈറ്റില ഹബ്, കിഴക്കേകോട്ട തുടങ്ങിയ ജില്ലയിലെ തിരക്കേറിയ സ്ഥലങ്ങളിലാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. ജിജോയും കൂട്ടാളികളും കൃത്രിമ തിരക്കുണ്ടാക്കി ഹാൻഡ് ബാഗിലെ സിബ് തുറന്ന് മൊബൈൽ സൂത്രത്തിൽ കൈക്കലാക്കുന്നു. സ്ത്രീകൾ മൊബൈൽ ഫോണുകൾ ബാഗിൽ ഇടുന്നതിനാൽ എളുപ്പം മോഷ്ടിക്കാനാകുമെന്നും ഇതാണ് സ്ത്രീകളെ മാത്രം ലക്ഷ്യമിടുന്നതെന്ന് ജിജോ പൊലീസിനോട് വെളിപ്പെടുത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി.
ഫോൺ വാങ്ങുന്ന ഭായ്
ജിജോ ബാബു മോഷ്ടിക്കുന്ന ഫോണുകൾ കളമശേരി ഭാഗത്തെ അന്യസംസ്ഥാന തൊഴിലാളിയാണ് വാങ്ങിയിരുന്നത്. ഫോണുകൾ ഇയാൾ അന്യസംസ്ഥാനക്കാർക്ക് മറിച്ചുവിൽക്കുകയായിരുന്നുവെന്നാണ് വിവരം. ഇയാൾക്കായും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |