
ആലപ്പുഴ: കുട്ടനാടാൻ താറാവ് ഇനി ബ്രാൻഡഡ് ഉത്പന്നമായി വിപണിയിലെത്തും. കുടുംബശ്രീയുടെ മൃഗസംരക്ഷണമേഖലയിലെ പ്രാദേശിക ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി 'ചീരു' എന്ന ബ്രാൻഡിലാകും ഇനി കുട്ടനാടൻ താറാവ് ഇറച്ചി ലഭ്യമാകുക. ആലപ്പുഴയിൽ സംഘടിപ്പിച്ച ദേശീയ സരസ് മേളയുടെ ഭാഗ്യചിഹ്നമായിരുന്ന ചീരു എന്ന താറാവ് ഏറെ ഹിറ്റായതോടെയാണ് ഈ പേരിൽ താറാവിറച്ചി ബ്രാൻഡ് ചെയ്ത് വിപണിയിലിറക്കാൻ ജില്ലാ മിഷനെ പ്രേരിപ്പിച്ചത്.
പ്രാദേശിക ഉത്പന്നങ്ങളുടെ വിപണി വിപുലീകരിക്കുകയും വിവിധ മേഖലകളിലെ ഉത്പന്നങ്ങൾ മറ്റു പ്രദേശങ്ങളിലേക്ക് എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ നിലവിൽ അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പുകൾ വഴിയാകും വില്പന നടത്തുക.
വിപണിയിലെത്തുക 'ചീരു' എന്ന പേരിൽ
കുടുംബശ്രീ ഉത്പന്നമെന്ന് തിരിച്ചറിയുംവിധമുള്ള പ്രത്യേക പാക്കിങ്ങിലാകും താറാവിറച്ചി വിപണിയിലെത്തുക
തുടക്കത്തിൽ കുട്ടനാട് വെളിയനാട് ബ്ലോക്കിലെ നീലംപേരുരിലാണ് പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുക
തുടർന്ന് ചമ്പക്കുളം ബ്ലോക്കിലും അംഗങ്ങളെ കണ്ടെത്തി വില്പന തുടങ്ങും
5അയൽക്കൂട്ടാംഗങ്ങളടങ്ങിയ പ്രൊഡ്യൂസർ ഗ്രൂപ്പുകൾ വഴിയാകും താറാവിറച്ചി ഉത്പാദനവും വിതരണവും
ഇവർക്ക് 2.5 ലക്ഷം രൂപ ധനസഹായവും കുടുംബശ്രീ നൽകും
900, 500 ഗ്രാം പാക്കുകൾ
900, 500 ഗ്രാം പാക്കറ്റുകളിലാക്കി ബ്രാൻഡ് ചെയ്ത് ഫ്രഷ് ഇറച്ചിയാണ് ആദ്യം വിൽപ്പനയ്‌ക്കെത്തിക്കുക. തുടർന്ന് റെഡി ടു ഈറ്റ് വിഭവങ്ങളും വിപണിയിലെത്തിക്കും. കുടുംബശ്രീയുടെ വ്യത്യസ്ത വിപണന സംവിധാനങ്ങൾ വഴി സംസ്ഥാനമൊട്ടാകെ താറാവിറച്ചി എത്തിക്കാനുള്ള ശ്രമങ്ങളും ജില്ലാ മിഷൻ നടത്തും. ഇതിനായി കൂടുതൽ പ്രൊഡ്യൂസർ ഗ്രൂപ്പുകളെ കണ്ടെത്തിവരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |