
കുട്ടനാട്: ഫാ.ഫിലിപ്പോസ് മെമ്മോറിയൽ എൽ.പി സ്ക്കൂളിലെ കുരുന്നുകൾക്ക് അവിടെ എത്തണമെങ്കിൽ 'ഒരുകുളം' തന്നെ കടക്കേണ്ടിവരും. മാമ്പുഴക്കരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മുതൽ വടക്കേ ആറ്റുതീരം വരെ നീളുന്ന റോഡാണ് കാലവർഷത്തിൽ കുളമായത്. ഇതോടെ വിദ്യാത്ഥികൾ മാത്രമല്ല, അദ്ധ്യാപകരും നാട്ടുകാരുമെല്ലാം കടുത്ത ദുരിതത്തിലാണ്. മഴവെള്ളം ഒഴിഞ്ഞുപോകാൻ നിർവാഹമില്ലാതായതോടെയാണ് രാമങ്കരി പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകളിലൊന്നായ ഇവിടം വെള്ളക്കെട്ടിലായത്.കഴിഞ്ഞ കാലവർഷത്തിലും റോഡിന്റെ സ്ഥിതി ഇങ്ങനെ തന്നെയായിരുന്നു. നാട്ടുകാർ ശ്രമദാനവുമായി രംഗത്തെത്തി അന്ന് പ്രശ്നം ഒരു വിധത്തിൽ പരിഹരിക്കുകയായിരുന്നു. പുതിയ അദ്ധ്യയന വർഷത്തിന് തുടക്കത്തിൽ തന്നെ അതേ പ്രശ്നം ആവർത്തിക്കുകയായിരുന്നു. റോഡ് അടിയന്തരമായി ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ പലതവണ കഴിഞ്ഞ പഞ്ചായത്ത് സമിതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പരിഹാരം കാണാൻ തയ്യാറാകാതെ വന്നതാണ് വീണ്ടും പ്രതിസന്ധിക്ക് കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്. കാലവർഷം ശക്തിപ്രാപിക്കുന്നതോടെ വരും ദിവസങ്ങളിൽ പ്രശ്നം കൂടുതൽ രൂക്ഷമാകാനാണ് സാദ്ധ്യത.
ഗ്രാമശക്തിഫോറം പ്രതിഷേധിക്കും
# നിരവധി കുഞ്ഞുകുട്ടികളാണ് ഈ റോഡിലൂടെ നിത്യവും സ്ക്കൂളിലേക്ക് വരുകയും പോകുകയും ചെയ്യുന്നത്
# വെള്ളക്കെട്ട് നിറഞ്ഞ കുഴികളിൽപ്പെട്ട് കുട്ടികൾ അപകടത്തിൽപ്പെടാനും പരുക്കേൽക്കാനും സാദ്ധ്യതയുണ്ട്
# ഇതിലൂടെ ഒരു ഓട്ടോറിക്ഷ പോലും പോകാൻ കഴിയാത്ത സ്ഥിതിയാണ് അതിനാൽ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നതാണ് ആവശ്യം
# അല്ലാത്ത പക്ഷം ഗ്രാമശക്തി കുട്ടനാട് ഫോറം നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് രക്ഷാധികാരി ജിമ്മിച്ചൻ നടിച്ചിറ, സെക്രട്ടറി സൈനോ തോമസ് മൂക്കോടി എന്നിവർ അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |