
അമ്പലപ്പുഴ : ഇന്ന് അർദ്ധരാത്രി മുതൽ കേരളതീരത്ത് ട്രോളിംഗ് നിരോധനം നിലവിൽ വരാനിരിക്കെ, ഇനിയുള്ള ദിവസങ്ങൾ പ്രതീക്ഷയോടെ കാണുകയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. ജൂലായ് 31വരെ 52ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം. കടലിന്റെ അടിത്തട്ടിളക്കിയുള്ള ട്രോളിംഗ് വല ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനാണ് നിരോധനം ഏർപ്പെടുത്തുന്നത്. മത്സ്യബന്ധന ബോട്ടുകൾ കടലിലിറങ്ങാത്ത ഈ ദിവസങ്ങളിൽ ചൂട,താങ്ങ്,നീട്ട്,എച്ച്.എം, വലയോട്ട,അടിവല തുടങ്ങിയ വലകൾ ഉപയോഗിച്ചുള്ള പരമ്പരാഗത മത്സ്യബന്ധനമാകും ആശ്വാസമാവുക. തങ്ങൾ പിടികൂടി കൊണ്ടുവരുന്ന മീനിന് നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ് പരമ്പരാഗത തൊഴിലാളികൾ. ലെയ്ലാൻഡ്, ബീഞ്ച്, ഡിസ്ക്കോ വള്ളങ്ങൾക്ക് ട്രോളിംഗ് നിരോധനം ബാധകമല്ല.
വലകളുടെ അറ്റകുറ്റപ്പണി ഉൾപ്പെടെ നടത്തുന്ന തിരക്കിലായിരുന്നു കഴിഞ്ഞദിവസങ്ങളിൽ തൊഴിലാളികൾ. തൊഴിലാളികൾ ദിവസങ്ങളോളം കൂട്ടമായി ഇരുന്നാണ് വലകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്. ഈ കാലയളവിൽ ഇൻബോർഡ് വള്ളങ്ങൾക്കും മത്സ്യബന്ധനം നടത്താമെങ്കിലും ഒരു ക്യാരിയർ വള്ളം മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളൂ. ചെറിയ ഒരുവള്ളം കടലിൽ പോയി മത്സ്യബന്ധനം കഴിഞ്ഞു തിരികെയെത്തുമ്പോൾ 6000 രൂപയോളം ഇന്ധന ചെലവ് മാത്രം വരും. ലെയ്ലാൻഡ് ഇനത്തിൽപ്പെട്ട വള്ളമാകുമ്പോൾ തുക ഇരട്ടിയിലധികമാകും. കഴിഞ്ഞ കുറച്ചുനാളുകളായി കടുത്ത പ്രതിസന്ധിയിലായിരുന്ന പരമ്പരാഗത തൊഴിലാളികൾ നല്ലൊരു ചാകരക്കോള് കിട്ടുമെന്ന പ്രതീക്ഷയിലാണ്.
മത്സ്യങ്ങളുടെ വംശവർദ്ധനവിനായാണ് കേന്ദ്രസർക്കാർ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയത്. 1988 മുതലാണ് സർക്കാർ ഈ നിരോധനം നടപ്പാക്കിയത്
ചാള, അയല തുടങ്ങിയവയുടെ പ്രജനനസമയമായ മൺസൂൺ കാലത്താണ് നിരോധനം. മുട്ടയിടാറായ മത്സ്യങ്ങൾ തീരങ്ങളിൽ ഇക്കാലത്ത് കൂടുതലായി ഉണ്ടാകും
ഈ സമയത്ത് ട്രോളിംഗ് വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിൽ മുട്ടയിടാറായ മത്സ്യങ്ങൾ കൂടുതലായി കുടുങ്ങുകയും മത്സ്യസമ്പത്ത് കുറയുകയും ചെയ്യും
പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ട്രോളിംഗ് നിരോധനത്തിൽ നിന്നൊഴിവാക്കുന്ന കേരള വർഷകാല മത്സ്യബന്ധന സംരക്ഷണ നിയമം 2007ലാണ് നിലവിൽ വന്നത്
മീൻവില കൂടും
ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യലഭ്യത കുറയുന്നതിനാൽ വിലയും വർദ്ധിക്കും
ട്രോളിംഗ് നിരോധന കാലയളവ്
52 ദിവസങ്ങൾ
പഴയവളളങ്ങൾ മാസങ്ങളോളം കരക്ക് കയറ്റിവെച്ച് അറ്റകുറ്റപ്പണികൾ നടത്തിയും വലകളിലെ പോരായ്മകൾ നെയ്തെടുത്തും ചാകരയുടെ വരവും കാത്തിരിക്കുകയാണ്
- മത്സ്യത്തൊഴിലാളികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |