
തുറവൂർ: പെരുമ്പളം ദ്വീപിൽ ബോട്ട് സർവീസ് മുടങ്ങിയതിനെത്തുടർന്ന് പ്രതിഷേധവുമായി ജനപ്രതിനിധികൾ രംഗത്തെത്തി. പെരുമ്പളം– ഇറപ്പുഴ – സൗത്ത് പറവൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന എസ്-35 ബോട്ട് തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി സർവീസ് മുടങ്ങിയിരിക്കുകയാണ്.
ഒരു ബോട്ട് സർവീസ് മുടങ്ങിയാൽ പകരം സംവിധാനമായി ഉപയോഗിച്ചിരുന്ന എസ്-49 സ്പെയർ ബോട്ട് പാണാവള്ളി ബോട്ട് സ്റ്റേഷനിൽ നിന്ന് എറണാകുളം മേഖലയിലെ സർവീസിനായി മാറ്റിയതിനാൽ നിലവിൽ ബദൽ സംവിധാനം ഒരുക്കാൻ കഴിയാത്ത അവസ്ഥയാണ്. ജലഗതാഗത വകുപ്പിന്റെ അധികാരികളെ പലതവണ സമീപിച്ചിട്ടും നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഇതിൽ പ്രതിഷേധിച്ച് പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ഗിരീഷിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ജനപ്രതിനിധികൾ പാണാവള്ളി എസ്.ഡബ്ല്യു.ടി.ഡി. ബോട്ട് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു. ബോട്ട് സർവീസ് പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടി അധികൃതർ സ്വീകരിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
അദ്ധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ ബോട്ട് സർവീസ് മുടങ്ങിയത് വിദ്യാർഥികളെ ബാധിച്ചിട്ടുണ്ട്. പെരുമ്പളത്ത് നിന്ന് വിവിധ സ്കൂളുകളിലേക്കും കോളജുകളിലേക്കും യാത്ര ചെയ്യുന്ന നിരവധി വിദ്യാർഥികൾ ബോട്ട് സർവീസിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
മഴക്കെടുതി മൂലം ഇതിനോടകം ദുരിതമനുഭവിക്കുന്ന ദ്വീപ് നിവാസികൾക്ക് ബോട്ട് സർവീസ് നിലച്ചത് വലിയ തിരിച്ചടിയായതായി സമരത്തിൽ പങ്കെടുത്തവർ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. ഷേർലി, ജനപ്രതിനിധികളായ ഷംനാസ് ഖരീം, കെ.പി. രഞ്ജിനി, ജയകുമാർ കാളിപറമ്പ്, അഞ്ജു ഓമനക്കുട്ടൻ, രജനി സുഭാഷ്, രജനി സഹദേവൻ, ഷൈലജ ശശികുമാർ, കെ. അഭിലാഷ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |