SignIn
Kerala Kaumudi Online
Saturday, 13 June 2026 6.28 PM IST

ചേർത്തല നഗരത്തിലെ വെള്ളക്കെട്ട്,​ സർവീസ് റോഡ് പൊളിച്ചുതുടങ്ങി

photo

ചേർത്തല: ചേർത്തല നഗരത്തിലെ പടിഞ്ഞാറൻ മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ദേശീയപാതയിൽ പൊലീസ് സ്റ്റേഷന് സമീപം എ.എസ് കനാലിന് കുറുകെയുള്ള സർവീസ് റോഡ് പൊളിച്ചു തുടങ്ങി. വെള്ളക്കെട്ടിന് പരിഹാരം ആവശ്യപ്പെട്ട് പി.പ്രസാദ് എം.എൽ.എ,നഗരസഭ ചെയർപേഴ്സൺ എസ്.സോബിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ പ്രതിഷേധം ശക്തമായതോടെയാണ് എ.എസ് കനാലിന് കുറുകെ ബണ്ട് കെട്ടി നിർമ്മിച്ച സർവീസ് റോഡ് പൊളിച്ച് കൂടുതൽ വ്യാസമുള്ള പൈപ്പിടൽ ജോലികൾ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ മേൽപാലത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള സർവീസ് റോഡ് മുറിച്ചാണ് പൈപ്പുകൾ സ്ഥാപിക്കുന്നത്. ഇതോടെ ദേശീയപാതയിലുണ്ടാകുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് വാഹന ഗതാഗതത്തിൽ നിയന്ത്രണവും ഏർപ്പെടുത്തും. രണ്ടു ദിവസമായി തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയപാത ഉൾപ്പെടെ ഉപരോധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതോടെയാണ് ഇന്നലെ രാവിലെ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി സർവീസ് റോഡ് പൊളിച്ചു നീക്കാൻ തീരുമാനമായത്.

വലിയ പൈപ്പുകൾ സ്ഥാപിക്കും

1.എ.എസ് കനാലിനു കുറുകെയുള്ള മേൽപാലത്തിനു ഇരുവശവും പൈപ്പുകൾ സ്ഥാപിച്ച് അതിനു മുകളിലാണ് സർവീസ് റോഡ് ഒരുക്കിയിരിക്കുന്നത്. ഇരുവശങ്ങളിലെയും പൈപ്പുകളിലുടെ വെള്ളം ഒഴുകിപ്പോകാത്തതിനാൽ ബണ്ടുകൾ പൊളിച്ച് കൂടുതൽ വ്യാസമുള്ള പൈപ്പുകൾ സ്ഥാപിക്കുന്ന നടപടികളാണ് ആരംഭിച്ചത്

2.തുടർച്ചയായി പെയ്ത മഴയിൽ നഗരസഭ പരിധിയിലെ ഭൂരിഭാഗം വാർഡുകളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു.എ.എസ് കനാലിനു കുറുകെ പൊലീസ് സ്റ്റേഷനു സമീപം മേൽപാലം നിർമ്മിച്ചപ്പോൾ സർവീസ് റോഡുകൾക്കായി ബണ്ടുകൾ നിർമ്മിച്ചതിനാൽ പെയ്തു വെള്ളം ഒഴുകിപ്പോകാത്തതാണ് കാരണം

3. 500 ഓളം വീടുകൾ വെള്ളക്കെട്ട് ഭീഷണി നേരിടുന്നുണ്ട്. വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാതെ പുരയിടങ്ങളിലും വീടുകളിലും വെള്ളം കയറിയതോടെയാണ് പ്രതിഷേധമുയർന്നത്. ആദ്യഘട്ടത്തിൽ റോഡിന് പടിഞ്ഞാറു ഭാഗത്തുള്ള സർവീസ് റോഡാണ് മുറിച്ചുമാറ്റുന്നത്

ഗതാഗത നിയന്ത്രണം

ദേശീയപാതയിൽ ചേർത്തല പൊലീസ് സ്റ്റേഷനിൽ വടക്കുവശം ഉള്ള ഹൈവേ പാലത്തിന്റെ അപ്രോച്ച് റോഡിൽ പണി നടക്കുന്നതിനാൽ എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മാരാരിക്കുളം കളിത്തട്ട് ജംഗ്ഷനിൽ നിന്നോ,കണിച്ചുകുളങ്ങര ജംഗ്ഷനിൽ നിന്നോ തിരുവിഴ ജംഗ്ഷനിൽ നിന്നോ തീരദേശ റോഡ് വഴി തുറവൂർ ഹൈവേയിൽ എത്തി എറണാകുളം ഭാഗത്തേക്ക് പോകണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL