
ആലപ്പുഴ: ഊത്ത മത്സ്യങ്ങളുടെ സംരക്ഷണവും ജലാശയങ്ങളിലെ അനധികൃത മത്സ്യബന്ധനവും തടയുന്നത് ലക്ഷ്യമാക്കി നടപടികൾ കടുപ്പിച്ച് ഫിഷറീസ് വകുപ്പ്. ഇതിന്റെ ഭാഗമായി പള്ളിപ്പാട് നാലുകെട്ടുംചിറ, 28-ാം കടവ്, കരിപ്പുഴ, പനയ്ക്കൽതോട് തുടങ്ങിയ പ്രദേശങ്ങളിൽ ഇൻലാൻഡ് പട്രോളിംഗ് നടത്തി. പുഴകളിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന മത്സ്യബന്ധന വലകൾ കണ്ടെത്തി നശിപ്പിച്ചു.
വംശനാശഭീഷണി നേരിടുന്ന തദ്ദേശീയ മത്സ്യയിനങ്ങളായ മഞ്ഞക്കൂരി, ആറ്റുവാള, പുലിവഹാൽ (വഹാവരൽ) എന്നിവ ചെറിയ കണ്ണിവലിപ്പമുള്ള അനധികൃത വലകളിൽ കുടുങ്ങിയ നിലയിലായിരുന്നു. ഇവയെ ഉദ്യോഗസ്ഥർ തിരികെ ജലാശയത്തിലേക്ക് തുറന്നുവിട്ടു.
മത്സ്യങ്ങളുടെയും ജലത്തിന്റെയും സ്വാഭാവിക ഒഴുക്കിന് തടസം സൃഷ്ടിച്ച അഞ്ച് നിർമ്മിതികൾ പൂർണമായും പൊളിച്ചുനീക്കുകയും ജലാശയങ്ങളിൽ സ്ഥാപിച്ചിരുന്ന മത്സ്യക്കൂടുകൾ തകർക്കുകയും ചെയ്തു. നിരോധിത വല ഉപയോഗിച്ചും മത്സ്യബന്ധന രജിസ്‌ട്രേഷനും ലൈസൻസും ഇല്ലാതെയും മത്സ്യബന്ധനം നടത്തിയ ഒരാൾക്ക് നോട്ടീസ് നൽകി. ഇയാൾക്കെതിരെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർനടപടികൾ സ്വീകരിക്കും.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രുതി ജോയുടെ നേതൃത്വത്തിൽ നടന്ന പട്രോളിംഗിൽ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സീതാലക്ഷ്മി, ഫിഷറീസ് ഓഫീസർമാരായ അമൽ, ഓഫീസ് അറ്റൻഡന്റ് ചന്ദുരാജ്, അക്വാകൾച്ചർ പ്രൊമോട്ടർ സലീന, സാഗർമിത്ര ഹിലാൽ, മോട്ടിവേറ്റർ ബിന്റോ, സീ റെസ്‌ക്യൂ സ്‌ക്വാഡ് അംഗങ്ങളായ രാഹുൽ, ബാസ്റ്റിൻ, ഹരിപ്പാട് സി.പി.ഒ ശ്രീനാഥ് എന്നിവർ പങ്കെടുത്തു.
മത്സ്യബന്ധനം സംബന്ധിച്ച പരാതികൾ 0477 2251103 എന്ന നമ്പറിലോ സമീപത്തെ മത്സ്യഭവൻ ഓഫീസുകളിലോ അറിയിക്കാവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |