# ഗ്രാന്റ് മുടങ്ങി, അംശാദായം വിലക്കി
ആലപ്പുഴ: സർക്കാർ ഗ്രാന്റ് മുടങ്ങുകയും കയർ കയറ്റുമതിക്കാരിൽ നിന്നുള്ള അംശാദായം കോടതി വിലക്കുകയും ചെയ്തതോടെ ശമ്പളവും വിവിധ ആനുകൂല്യങ്ങളും നൽകാനാവാതെ കയർത്തൊഴിലാളി ക്ഷേമനിധി ബോർഡ്. 2021ൽ ക്ഷേമനിധിയിലേക്കുള്ള തൊഴിലാളി വിഹിതം 20 രൂപയാക്കി വർദ്ധിപ്പിച്ചപ്പോൾ സർക്കാർ വിഹിതം ഇരട്ടിയാക്കുന്നതിന് പകരം അമ്പത് ശതമാനമായി കുറച്ചതും പ്രതിസന്ധി രൂക്ഷമാക്കി. കഴിഞ്ഞ രണ്ട് മാസമായി ശമ്പളം നൽകാനും പണമില്ലാത്ത നിലയാണ്. വിരമിക്കൽ ആനുകൂല്യം 2020ന് ശേഷം നൽകിയിട്ടില്ല. ഈ ഇനത്തിൽ മാത്രം 30 കോടിയാണ് കുടിശിക.
സർക്കാരിൽ നിന്നുള്ള മാച്ചിംഗ് ഗ്രാന്റും കയറുൽപ്പന്ന വിപണന സ്ഥാപനങ്ങളിൽ നിന്നും കയറ്റുമതിക്കാരിൽ നിന്നും ഈടാക്കുന്ന അംശദായവുമാണ് ബോർഡിന്റെ സാമ്പത്തിക ഉറവിടം. 1987ൽ കെ.ആർ.ഗൗരിഅമ്മ മന്ത്രിയായിരിക്കെയാണ് ആലപ്പുഴ കേന്ദ്രമാക്കി ബോർഡ് രൂപീകരിച്ചത്. ആലപ്പുഴ, ചിറയിൻകീഴ്, കൊല്ലം, തൃക്കുന്നപ്പുഴ, ചേർത്തല, തുറവൂർ, വൈക്കം, കോഴിക്കോട് എന്നിവിടങ്ങളിൽ ഓഫീസുകളുമുണ്ട്. 50 സ്ഥിരം ജീവനക്കാരും 10 താൽക്കാലിക ജീവനക്കാരും. തൊണ്ട് സംഭരണത്തിനും കയറുൽപ്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കാനും പദ്ധതികളില്ലാതെ പോയതാണ് പ്രതിസന്ധി.സഹകരണ സംഘങ്ങളും വിപണന കേന്ദ്രങ്ങളും പൂട്ടിക്കെട്ടിയതിനാൽ അംശദായ ഇനത്തിലുള്ള ധനവരവും നിലച്ചു.
ക്ഷേമനിധി അംഗങ്ങൾ: 82,931
പെൻഷൻകാർ: 79,767
വാർഷിക വരുമാനം: 3.37കോടി
പ്രതിമാസ ചെലവ് : 36,50,587
ആനുകൂല്യം, അപേക്ഷകൾ, കുടിശിക
വിദ്യാഭ്യാസം: 1482-18,15,750
പ്രസവാനുകൂല്യം:145-21,75,000
മറ്റ് ധനസഹായങ്ങൾ: 799-16,25,000
ആകെ: 2,426-56,15,750
കയറ്റുമതിക്കാരുടെ വിഹിതം ഈടാക്കുന്നതിനുള്ള നിയമപരമായ തടസം നീക്കാനും തൊണ്ട് സംഭരിച്ച് ചകിരിയും കയറും ഉൽപ്പാദിപ്പിക്കാനും വിപണനത്തിനുമുളള ഇടപെടലുണ്ടായാലേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ
-കെ.ശ്യാമപ്രസാദ്, മുൻ സി.ഇ.ഒ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |