
അമ്പലപ്പുഴ : അജ്ഞാത മൃതദേഹങ്ങളുടെ എണ്ണം കൂടുന്നത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ആകെയുള്ള 16ഫ്രീസറുകളിൽ 11ലും അജ്ഞാത മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ. ഈ വർഷം ഫെബ്രുവരി 25 ന് മരിച്ച അജ്ഞാതന്റെ മൃതദേഹം ഉൾപ്പെടെ ഫ്രീസറിലുണ്ട്.
കൂട്ടിരിപ്പുകാരില്ലാതെ ചികിത്സയിൽ കഴിയവെ മരിക്കുന്നവരുടേയും തെരുവിൽ നിന്നും ആംബുലൻസിൽ എത്തിക്കുന്നവരുടെ മൃതദേഹങ്ങളുമാണ് തിരിച്ചറിയാനാവാതെ അജ്ഞാതരുടെ പട്ടികയിൽ മോർച്ചറിയിലെ ഫ്രീസറുകളിലുള്ളത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുന്നവരുടെയും അപകടം, ആത്മഹത്യ എന്നിവയിൽ മരിക്കുന്നവരുടെയും മൃതദേഹങ്ങൾ സൂക്ഷിക്കാനായി 5 ഫ്രീസറുകൾ മാത്രമാണ് നിലവിൽ ഒഴിവുള്ളത്.
അജ്ഞാത മൃതദേഹങ്ങൾ മാസങ്ങളോളവും ഒരു വർഷവും വരെയും ഫ്രീസറിൽ സൂക്ഷിക്കേണ്ടി വരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സമയബന്ധിതമായി അജ്ഞാത മൃതദേഹങ്ങളുടെ വിവരം ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയും പൊലീസ് അമ്പലപ്പുഴ വടക്കു പഞ്ചായത്തിന് എൻ.ഒ.സി നൽകുകയും ചെയ്താലേ വലിയ ചുടുകാട് ശ്മശാനത്തിൽ ഈമൃതദേഹങ്ങൾ സംസ്ക്കാരിക്കാൻ കഴിയൂ.
നടപടികൾ വൈകുന്നു
1. നടപടികളിൽ വരുന്ന കാലതാമസമാണ് അജ്ഞാത മൃതദേഹങ്ങൾ കൂടുതൽ നാൾ സൂക്ഷിക്കേണ്ടിവരുന്നതിന് കാരണം
2. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ പോസ്റ്റുമാർട്ടം ചെയ്യാനായി ഫ്രീസറിൽ വെക്കേണ്ടതുണ്ട്
3. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ ഫ്രീസറിന് വാടക ഒരുദിവസം 750 ആണെങ്കിൽ സ്വകാര്യ ആശുപത്രി മോർച്ചറികളിൽ 1000 മുതൽ 3000 രൂപ വരെയാണ്
4. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലെ ഫ്രീസറുകളുടെ അപര്യാപ്തത മൂലം സ്വകാര്യ ആശുപത്രികകളെ ആശ്രയിക്കേണ്ടി വരുന്നവരുടെ എണ്ണം കൂടി
ആകെ ഫ്രീസറുകൾ
16
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള അജ്ഞാതമൃതദേഹങ്ങൾ എത്രയും വേഗം സംസ്കരിക്കുകയും ഫ്രീസറുകളുടെ എണ്ണം കൂട്ടുകയും വേണം
- വി.ഉത്തമൻ അമ്പലപ്പുഴ, പൊതുപ്രവർത്തകൻ
പൊലീസ് സ്റ്റേഷനിൽ നിന്നും എൻ.ഒ.സി ലഭിക്കാൻ അപേക്ഷിച്ചിട്ടുണ്ട്. എൻ.ഒ.സി കിട്ടിയാൽ ഉടൻ അജ്ഞാതമൃതദേഹങ്ങൾ സംസ്കരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്
- ഡോ.പി.എൽ.ലക്ഷ്മി സൂപ്രണ്ട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |