ആലപ്പുഴ: നെഹ്റുട്രോഫി ജലമേളയുടെ ചരിത്രത്തിലാദ്യമായി ഒരുകോടി രൂപയുടെ നീക്കിയിരിപ്പ്. 71-മത് നെഹ്റുട്രോഫി ജലമേളയുടെ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചപ്പോഴാണ് 1,02,27,433 രൂപയുടെ മിച്ചമുണ്ടായത്. കേന്ദ്രസർക്കാരിന്റെ 50 ലക്ഷം രൂപയുടെ സഹായംകൂടി ലഭിക്കുമ്പോൾ ഇത് 1.5 കോടിയാകും. ആകെ വരവ്- 4,44,90,938.92. കഴിഞ്ഞ വർഷത്തെ നെഹ്‌റു ട്രോഫി ബോട്ട് റേസ് കമ്മിറ്റി മികച്ച രീതിയിൽ പ്രവർത്തിച്ചതായും ജലമേള വലിയ വിജയമായതായും ജില്ലാ കളക്ടർ ഷാജി വി. നായർ പറഞ്ഞു. എൻ.ടി.ബി.ആർ സൊസൈറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 2025 ജലമേളയുടെ വരവ് ചെലവ് കണക്കുകൾ ഡെപ്യൂട്ടി കളക്ടർ പി.എൻ. അനി അവതരിപ്പിച്ചു. ഓഡിറ്റ് പരിശോധനയുടെ അടിസ്ഥാനത്തിലുള്ള അഭിപ്രായങ്ങളും കണ്ടെത്തലുകളും ഇന്റേണൽ ഓഡിറ്റ് കമ്മിറ്റിക്ക് വേണ്ടി എ.എൻ പുരം ശിവകുമാർ അവതരിപ്പിച്ചു. റെജി ചെറിയാൻ എം.എൽ.എ, നഗരസഭാദ്ധ്യക്ഷ മോളി ജേക്കബ്, മുൻ എം.എൽ.എ അഡ്വ. എ.എ. ഷുക്കൂർ, എ.ഡി.എം ബി. ജ്യോതി, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ വിനോദ് കുമാർ, ആർ.കെ. കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.
ചെലവിനെച്ചൊല്ലി വിമർശനം
ജലമേളയുടെ കൾച്ചറൽ കമ്മിറ്റി ചെലവിനെ ചൊല്ലി യോഗത്തിൽ വിമർശനമുയർന്നു. ബഡ്‌ജറ്റിലുള്ളതിൽ കൂടുതൽ തുക ചെലവാക്കിയെന്നാണ് ആക്ഷേപം.18 ലക്ഷം രൂപയാണ് ഇതിനായി ചെലവായത്. പല പ്രോഗ്രാമുകൾ മാറിപ്പോവുകയും മറ്റു ചിലത് കൂട്ടിച്ചർത്തതുമാണ് തുക കൂടാൻ കാരണമെന്നാണ് നടത്തിപ്പുകാരുടെ വിശദീകരണം. പുതിയ കമ്മിറ്റിക്ക് വേണ്ടിയുള്ള പ്രാരംഭ നടപടികൾ ഇന്നുമുതൽ ആരംഭിക്കുമെന്നും 22ഓടെ കമ്മറ്റി നിലവിൽ വരുമെന്നും ജില്ലാകളക്ടർ പറഞ്ഞു. വള്ളങ്ങൾക്കുള്ള ബോണസ് 10 ശതമാനം വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ നടപടി സ്വീകരിക്കാൻ അടുത്ത കമ്മറ്റിയോട് ശുപാർശ ചെയ്യാൻ യോഗം തീരുമാനിച്ചു. വള്ളംകളി സമിതിക്ക് സാമ്പത്തിക സഹായം നൽകുന്ന കാര്യവും എൻ.ടി.ബി.ആറിന്റെ ജേഴ്സി ധരിച്ച് തുഴയുന്നവരെ പ്രോത്സാഹിപ്പിക്കുന്ന കാര്യവും തീരുമാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |