SignIn
Kerala Kaumudi Online
Monday, 20 July 2026 10.19 PM IST

'രക്ഷാപ്രവർത്തനം' കേസിന് പിന്നാലെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിനും ജീവൻ വയ്ക്കുന്നു

praveen

ആലപ്പുഴ: 'രക്ഷാപ്രവർത്തനം' കേസിന് പിന്നാലെ,​ കളക്ടറേറ്റ് മാർച്ചിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ.എം.പി.പ്രവീൺ അടക്കമുള്ള പ്രവർത്തകരെ പൊലീസ് ക്രൂരമായി മർദ്ദിച്ച സംഭവത്തിലും അന്വേഷണം.

കൊല്ലം റൂറൽ എസ്.പിക്ക് അന്വേഷണച്ചുമതല കൈമാറി. 2024 ജനുവരി 15ന് നടന്ന സംഭവത്തിൽ പരാതി നൽകിയിട്ടും മുൻ സർക്കാർ യാതൊരു നടപടിയും എടുക്കാതിരിക്കെ,​ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടിയായിരിക്കുന്നത്. വ്യാഴാഴ്ച ഡോ.എം.പി.പ്രവീണിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും.

യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന രാഹൂൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടേറേറ്റ് മാർച്ചാണ് അക്രമാസക്തമായത്. ടൗൺ ഹാളിൽ നിന്ന് ആരംഭിച്ച മാർച്ച് കളക്ടറേറ്റിന് സമീപം പൊലീസ് തടഞ്ഞു. രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. ജില്ലാ പ്രസിഡന്റ് പ്രവീണിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിച്ചതോടെയാണ് പൊലീസ് ലാത്തിവീശിയത്.നിലത്തുവീണ പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പ്രവർത്തകർക്കിടയിൽ നിന്ന് തന്നെ മാത്രം ലക്ഷ്യമാക്കിയെത്തിയ പൊലീസ് വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് പ്രവീൺ അന്നേ പരാതിപ്പെട്ടിരുന്നു.റോഡിന്റെ മൂലയ്ക്ക് കൊണ്ടുപോയി വളഞ്ഞിട്ട് ക്രൂരമായി ആക്രമിച്ചു. മുളവടിയാണ് ലാത്തിക്ക് പകരം ഉപയോഗിച്ചത്. പൊലീസ് പാലിക്കേണ്ട മിനിമം മര്യാദ പോലും പാലിച്ചില്ല.തലയ്ക്കുള്ളിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയ പ്രവീൺ, മൂന്നുമാസത്തോളം നീണ്ട ചികിത്സയ്ക്കുശേഷമാണ് ആരോഗ്യസ്ഥിതി വീണ്ടെടുത്തത്. അന്നത്തെ ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ.ജയരാജ്, സൗത്ത് സ്റ്റേഷൻ സി.ഐ അരുൺ, ഇരുപതോളം പൊലീസുകാർ എന്നിവരെ പ്രതികളാക്കിയാണ് പരാതി നൽകിയിരുന്നത്.

ദുരിതം മാറാതെ മേഘ

ലാത്തി ചാർജ്ജിൽ ഗുരുതര പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മേഘാരഞ്ജിത്തും ആരോഗ്യസ്ഥിതി പൂർണമായി വീണ്ടെടുത്തിട്ടില്ല. ഗുരുതര പരിക്കിന് നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസിൽ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല. പ്രതിഷേധക്കാർക്കിടയിൽ നിന്ന് മാറി നിൽക്കുമ്പോഴാണ് പൊലീസ് ക്രൂരമായി മർദിച്ചതെന്നും, തലയ്ക്കും കഴുത്തിനും ഗുരുതരപരുക്കേറ്റെന്നും മേഘയുടെ ഹർജിയിൽ പറയുന്നു. ദീർഘകാലത്തെ ചികിത്സയ്ക്കൊടുവിലാണ് മേഘയ്ക്കും സാധാരണ ജീവിതത്തിലേക്ക് കുറച്ചെങ്കിലും മടങ്ങിയെത്താനായത്. 25 ലക്ഷം രൂപയുടെ വായ്പയെടുത്ത് ആരംഭിച്ച ബ്യൂട്ടി പാർലർ നീണ്ട കാലത്തെ ചികിത്സയ്ക്ക് ശേഷമാണ് പുനരാരംഭിക്കാനായത്. രോഗബാധിതയായി കിടന്നിരുന്ന കാലത്ത് പാർട്ടിയിൽ നിന്ന് സഹായം ലഭിച്ചിരുന്നതായും നിലവിൽ കേസിന്റെ പുരോഗതികളെ കുറിച്ച് തനിക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും മേഘ പറയുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നൽകിയ പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഗുരുതര പരിക്കിനെ തുടർന്ന് ബിസിനസ് സംരംഭം പൂർണമായി തകർന്നു. രണ്ട് വർഷം പിന്നിട്ടിട്ടും ഇപ്പോഴും ആയുർവേദ ചികിത്സ തുടരുകയാണ്.

- ഡോ.എം.പി.പ്രവീൺ, യൂത്ത് കോൺ ജില്ലാ പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL