
അമ്പലപ്പുഴ: കൈനകരി കുട്ടമംഗലം മീനപ്പള്ളി പാടശേഖരത്തിലെ 127 ഏക്കർ നെൽക്കൃഷി വെള്ളപ്പൊക്കത്തിൽ പൂർണമായും നശിച്ചു. വിത കഴിഞ്ഞ് രണ്ടാഴ്ച മാത്രമായപ്പോഴാണ് കൃഷി വെള്ളത്തിനടിയിലായത്. പാടശേഖര സമിതിയുടെയും നാട്ടുകാരുടെയും പരിശ്രമത്തിൽ മട വീഴാതെ സംരക്ഷിക്കാൻ കഴിഞ്ഞെങ്കിലും, തുടർച്ചയായ മഴയും ക്രമാതീതമായി ഉയർന്ന ജലനിരപ്പും കാരണം ബണ്ട് കവിഞ്ഞ് പാടശേഖരത്തിലേക്ക് വെള്ളം കയറുകയായിരുന്നു. പാടശേഖരത്തിലെ മോട്ടോറുകൾ പ്രവർത്തിപ്പിച്ച് വെള്ളം പുറത്തേക്ക് പമ്പ് ചെയ്യാൻ കഴിയാതിരുന്നതാണ് കൃഷിനാശത്തിന് പ്രധാന കാരണം. 2018 ലെ പ്രളയത്തിൽ മട വീണത് മുതൽ മീനപ്പള്ളി പാടശേഖരത്തിലെ കർഷകർ തുടർച്ചയായി പ്രതിസന്ധികളും കൃഷിനഷ്ടവും അനുഭവിച്ചു വരികയാണ്. പാടശേഖരത്തിൽ നിലവിൽ രണ്ട് മോട്ടോർ തറകളാണുള്ളത്. ഇവ രണ്ടും വെർട്ടിക്കൽ പമ്പിംഗ് സംവിധാനത്തിലേക്ക് മാറ്റിയാൽ, പുറത്തെ ജലനിരപ്പ് ഉയർന്നാലും പാടശേഖരത്തിലെ വെള്ളം ഫലപ്രദമായി പുറത്തേക്ക് പമ്പ് ചെയ്യാൻ സാധിക്കുമെന്നും ഇത് കർഷകർക്ക് വലിയ ആശ്വാസമാകുമെന്നും പാടശേഖര സമിതി പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അധികാരികൾക്ക് പാടശേഖര സമിതി നിവേദനം നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |