SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.08 AM IST

മഴയിലും വെള്ളപ്പൊക്കത്തിലും 29.32കോടിയുടെ കൃഷിനാശം

ആലപ്പുഴ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയിൽ ഇടതടവില്ലാതെ പെയ്ത മഴയിലും വെള്ളപ്പൊക്കത്തിലും നെൽ, കരകൃഷികൾക്കുണ്ടായത് കനത്തനാശം. കൃഷിനാശം രജിസ്റ്റർ ചെയ്യുന്നതിനുള്ള കൃഷി വകുപ്പിന്റെ ഔദ്യോഗിക പോർട്ടലിൽ നിന്നുള്ള കണക്ക് പ്രകാരം 2,077.44ഹെക്ടറിലായി 29.32 കോടിയുടെ കൃഷിനാശമാണ് കണക്കാക്കിയിരിക്കുന്നത്.

ഓണവിപണി ലക്ഷ്യമാക്കി കൃഷി ചെയ്തതുൾപ്പെടെ കുലച്ചതും കുലയ്ക്കാത്തതുമായ അരലക്ഷത്തിലധികം വാഴകളാണ് ശക്തമായ മഴയിലും വെള്ളക്കെട്ടിലും നിലംപൊത്തിയത്. നെൽകൃഷി മേഖലയായ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലുംകനത്ത നഷ്ടമുണ്ടായി. ചെന്നിത്തല, തൃപ്പെരുന്തുറ, പുളിങ്കുന്ന്, മുട്ടാർ, കാവാലം, കുന്നുമ്മ, കരുവാറ്റ, രാമങ്കരി, കരുവാറ്റ, തകഴി മേഖലകളിലാണ് ഹെക്ടർ കണക്കിന് നിലത്തെ നെൽകൃഷി നശിച്ചത്.

പെയ്ത്തുവെളളത്തിനൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടി വർദ്ധിച്ചതാണ് ജില്ലയിൽ താഴ്ന്ന സ്ഥലങ്ങളിലുൾപ്പെടെ വെള്ളപ്പൊക്ക കെടുതികൾ രൂക്ഷമാക്കിയത്. ആറുകളും നദികളും കരകവിഞ്ഞത് തീരപ്രദേശങ്ങളിലെ കരകൃഷികൾക്കും ജില്ലയിലെ കിഴക്കൻ ഗ്രാമങ്ങളിലെ പച്ചക്കറി കൃഷിയ്ക്കും വിനയായി. താങ്ങുനൽകിയതും അല്ലാത്തതുമായ പച്ചക്കറി കൃഷിയുടെ പന്തലുകൾ തകർന്നുവീണ് പാവൽ,പടവലം,പയർ തുടങ്ങിയ കൃഷികൾ നശിച്ചപ്പോൾ വെള്ളക്കെട്ടാണ് കിഴങ്ങുവർഗങ്ങൾക്കും വെണ്ട,പച്ചമുളക്, ചീര, തക്കാളി, വഴുതന തുടങ്ങിയ ഇനങ്ങൾക്കും വിനയായത്.

പച്ചക്കറി, നെൽ, വാഴ , തെങ്ങ് കർഷകർക്ക് ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാകുമെന്ന് ആശ്വസിക്കാമെങ്കിലും ഓണവിപണി ലാക്കാക്കി പൂകൃഷിയിൽ വ്യാപൃതരായ കർഷകർക്ക് അതിലും പ്രതീക്ഷവേണ്ട. പൂക്കൃഷിയ്ക്ക് ഇൻഷുറൻസ് പരിരക്ഷയില്ലാത്തതിനാൽ പൂകൃഷി നടത്തുന്നവർ ആശങ്കാകുലരാണ്.

1300 ഹെക്ടറിലെ നെൽകൃഷി നശിച്ചു

 രണ്ടാംകൃഷിയുടെ ഭാഗമായി കുട്ടനാട്ടിലുൾപ്പെടെ വിളവിറക്കിയ 1300ഹെക്ടറിലേറെ നെൽകൃഷിയും മഴയിൽ നശിച്ചു

 മഴയ്ക്കൊപ്പം വീശിയടിച്ച അതിശക്തമായ കാറ്റാണ് വാഴകൾ കൂട്ടത്തോടെ നിലംപൊത്താൻ ഇടയാക്കിയത്

 വയൽക്കരകളിലെയും പറമ്പുകളിലേതുമുൾപ്പെടെ തെങ്ങുകളും കടപുഴകിയിട്ടുണ്ട്

 പൂ കൃഷി ചെയ്തവർക്കും കനത്ത നഷ്ടമുണ്ടായിട്ടുണ്ട്.ഇവർക്ക് ഇൻഷ്വറൻസ് പരിരക്ഷയില്ല

കൃഷിനാശം

2,077.44 ഹെക്ടറിൽ

എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത കണക്കുപ്രകാരം ജില്ലയിലെ 62 വില്ലേജുകളിൽ 2,077.44 ഹെക്ടറിലായി 29.32 കോടിയുടെകൃഷി നാശമാണ് കണക്കാക്കിയിരിക്കുന്നത്. പോർട്ടൽ മുഖേനയല്ലാതെ വില്ലേജ് ഓഫീസുകളിലും കൃഷി ഓഫീസുകളിലും ലഭ്യമായ അപേക്ഷകളുടെ കണക്ക് കൂടി വരുമ്പോൾ നാശനഷ്ടം ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത

- ജില്ലാ കൃഷി ഓഫീസ്

കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി കാലവർഷവും വെള്ളപ്പൊക്കകെടുതികളും രൂക്ഷമായിരിക്കെ പൂകൃഷിക്കാർക്കുകൂടി ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാൻ നടപടിവേണം

-വിനോദ്, പൂക്കർഷകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL