SignIn
Kerala Kaumudi Online
Saturday, 15 August 2026 3.39 AM IST

രക്ഷകർക്കും പരിരക്ഷയില്ല,​ കോസ്റ്റൽ വാർഡൻമാർക്ക് ദുരിതം

ആലപ്പുഴ: രക്ഷാപ്രവർത്തനത്തിലെ 'കേരളത്തിന്റെ സൈന്യം' അവഗണനയുടെ ആഴക്കടലിൽ. ഓഖി ദുരന്തത്തിനും പ്രളയങ്ങൾക്കും ശേഷം കേരളത്തിന്റെ തീരസംരക്ഷണത്തിലും കടൽ രക്ഷാപ്രവർത്തനങ്ങളിലും വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് രൂപീകരിച്ച കോസ്റ്റൽ വാർഡൻ വിംഗ് പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. കടലിന്റെ മക്കളെത്തന്നെ തീരത്തിന്റെ കാവൽക്കാരാക്കുക എന്ന ലക്ഷ്യത്തോടെ മത്സ്യത്തൊഴിലാളികളായ യുവാക്കളെ ഉൾപ്പെടുത്തി 2019-ൽ ആരംഭിച്ച സംവിധാനം, അർഹമായ പരിഗണന ലഭിക്കാതെ അവഗണന നേരിടുകയാണെന്ന് ഈ മേഖലയിലുള്ളവർ പരാതിപ്പെടുന്നു. കോസ്റ്റൽ വാർഡൻമാർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തങ്ങളുടെ തൊഴിൽ സുരക്ഷയില്ലായ്മയാണ്. പൂർണ്ണമായും കരാർ അടിസ്ഥാനത്തിലാണ് ഇവരുടെ നിയമനം. ഓരോ വർഷവും കാലാവധി നീട്ടി നൽകുമെന്ന ഉത്തരവിനായി കാത്തിരിക്കേണ്ട അവസ്ഥയിലാണ്. നിലവിൽ സർവീസിലുള്ള 148 വാർഡൻമാരുടെ കാലാവധി 2027 ജൂൺ 30 വരെ നീട്ടി നൽകിയിട്ടുണ്ടെങ്കിലും, എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാം എന്ന ഭീതിയിലാണ് ഇവർ ജോലി ചെയ്യുന്നത്. സ്ഥിരപ്പെടുത്തണമെന്നോ,​ അല്ലെങ്കിൽ കൂടുതൽ തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്നോ ഉള്ള അവരുടെ കാലങ്ങളായുള്ള ആവശ്യം ഇതുവരെ അധികൃതർ പരിഗണിച്ചിട്ടില്ല. ഓണക്കാലമായിട്ടും ഈ മാസം ഇതുവരെ ശമ്പളം പോലും ലഭിച്ചിട്ടില്ല.

കടലിലിൽ സ്വന്തം ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം നടത്തുന്നവരാണ് വാർഡൻമാർ. എന്നാൽ ഇവർക്ക് കൃത്യമായ സുരക്ഷാ ഉപകരണങ്ങളോ ആധുനിക സജ്ജീകരണങ്ങളോ ലഭ്യമല്ലെന്ന് ആക്ഷേപം ശക്തമാണ്. തീരദേശ പൊലീസ് സ്റ്റേഷനുകളിൽ മതിയായ ഇന്ധനമില്ലാത്തതും, ആധുനിക മറൈൻ ആംബുലൻസുകളുടെയും വലിയ രക്ഷാബോട്ടുകളുടെയും അഭാവവും സാരമായി ബാധിക്കുന്നു. പലപ്പോഴും പരമ്പരാഗത വള്ളങ്ങളെയും സ്വന്തം അനുഭവസമ്പത്തിനെയും മാത്രം ആശ്രയിച്ചാണ് ഇവർ കടലിലേക്ക് രക്ഷാപ്രവർത്തനം നടത്തുന്നത്.


കുറഞ്ഞവേതനം,​ വർദ്ധിച്ച ജോലിഭാരം


1.അപകടകരമായ തൊഴിൽ സാഹചര്യങ്ങളിൽ ജോലി ചെയ്യുമ്പോഴും ആശ്രിത നിയമനമോ മറ്റ് ആനുകൂല്യങ്ങളോ വാർഡന്മാർക്കായി ഇന്നോളം പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.ഇൻഷുറൻസ് പരിരക്ഷയോ മറ്റ് മെഡിക്കൽ ആനുകൂല്യങ്ങളോ കൃത്യമായി ലഭിക്കുന്നില്ല

2.ജോലിയിലുണ്ടാകുന്ന അപകടങ്ങൾ കാരണം പരിക്കേൽക്കുന്ന സാഹചര്യങ്ങളിൽ ചികിത്സാ ചെലവുകൾ പോലും സ്വന്തം കൈയിൽ നിന്നും എടുക്കേണ്ടി വരുന്ന അവസ്ഥ കോസ്റ്റൽ വാർഡൻമാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു


3. കേരള തീരത്ത് വള്ളങ്ങൾ മറിയുന്ന സംഭവങ്ങൾ വർദ്ധിച്ചു വരികയാണ്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ 24 മണിക്കൂറും കോസ്റ്റൽ വാർഡൻമാർക്ക് ഡ്യൂട്ടി ചെയ്യേണ്ടി വരുന്നു.എന്നാൽ,​ സ്റ്റാഫുകളുടെ എണ്ണക്കുറവ് കാരണം ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയാവുകയാണ്

4. വള്ളംകളി, വാവുബലി പോലുള്ള ജനം കൂടുന്ന പരിപാടികൾക്ക് വാ‌ർഡന്മാരെ നിയോഗിക്കാറുണ്ട്. വള്ളംകളി ഡ്യൂട്ടിക്ക് ഭക്ഷണത്തിനുള്ള പണം ലഭിക്കാറുണ്ട്. എന്നാൽ,​ മറ്റൊരു അധിക ഡ്യൂട്ടികൾക്കും യാത്രാബത്ത പോലും ലഭിക്കാറില്ല

സംസ്ഥാനത്ത് കോസ്റ്റൽ

വാർഡന്മാർ: 148

സംസ്ഥാനത്ത് 177 പേരുമായി ആരംഭിച്ച സേനയിൽ നിന്ന് വരുമാനക്കുറവ് കാരണം പലരും പിൻവാങ്ങി. കടലിൽ കാണാതെ പോകുന്നവരെ ജീവൻ പണയം വച്ചാണ് കരയ്ക്കെത്തിക്കുന്നത്. സേവനത്തിൽ എട്ട് വർഷം പിന്നിട്ടവർക്ക് സ്ഥിരം നിയമനം നൽകുന്നത് പരിഗണിക്കണം

- കോസ്റ്റൽ വാർഡന്മാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL