SignIn
Kerala Kaumudi Online
Thursday, 27 August 2026 5.30 AM IST

തെരുവുവിളക്കിലെ ഓട്ടോമാറ്റിക് സ്വിച്ച് നഗരസഭ-വൈദ്യുതിവകുപ്പ് തർക്കം രൂക്ഷം

coir

ആലപ്പുഴ: ഓപ്പറേറ്ററുടെ സഹായമില്ലാതെ തെരുവുവിളക്കുകൾ ഓണാക്കാനും ഓഫാക്കാനും ഘടിപ്പിച്ച ഓട്ടോമാറ്റിക് സ്വിച്ചിന്റെ സാങ്കേതിക തകരാറിനെ ചൊല്ലി നഗരസഭ - കെ.എസ്.ഇ.ബി തർക്കം രൂക്ഷം. ആലപ്പുഴ നോർത്ത് കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽപ്പെട്ട വൈ.എം.സി.എ പാലത്തിന് സമീപത്തെ സൂപ്പർ മാർക്കറ്റ് മുതൽ കയർ മെഷീൻ ടൂൾസ് കമ്പനിയുടെ വടക്ക് തൊണ്ടൻകുളങ്ങര റോഡ് വരെയുള്ള തെരുവുവിളക്കിന്റെ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് വരെ എത്തിയിരിക്കുകയാണ്. ആലപ്പുഴ നഗരസഭയിൽ പുതിയ ഭരണ സമിതി അധികാരത്തിൽ വന്നതിന് പിന്നാലെയാണ് തെരുവുവിളക്ക് പരിപാലനത്തിന്റെ ഭാഗമായി ഓട്ടോമാറ്റിക് സ്വിച്ച് സംവിധാനം നടപ്പിലാക്കിയത്. എന്നാൽ,​ ആഴ്ചകളായി പ്രദേശത്തെ ലൈറ്റുകൾ പകൽ സമയത്ത് കത്തിയും രാത്രിയിൽ അണഞ്ഞും കിടക്കാൻ തുടങ്ങിയതോടെ വലിയ പരാതിയായി.

ഓട്ടോമേറ്റഡ് സ്വിച്ച് സംവിധാനത്തിൽ ലൈറ്റ് ഓണാകാനും ഓഫാകാനുമുള്ള സമയവും എ.എമ്മും പിമ്മും ക്രമീകരിച്ചതിലെ പിശകാണ് തകരാറിന് കാരണം.

ഇത് സംബന്ധിച്ച് നാട്ടുകാരും കൗൺസിലറും കെ.എസ്.ഇ.ബിയെയും നഗരസഭയെയും വിവരം അറിയിച്ചെങ്കിലും തെരുവു വിളക്ക് പരിപാലനവും മെയിന്റനൻസും നഗരസഭയുടെ ഉത്തരവാദിത്തമാണെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ മറുപടി. എന്നാൽ,​ സ്വിച്ചിന്റെ തകരാർ പരിഹരിക്കാൻ കെ.എസ്.ഇ.ബി തയ്യാറാകാത്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് നഗരസഭാ കൗൺസിലറുൾപ്പെടെ നൽകുന്ന വിശദീകരണം. ഇതോടെ തകരാർ പരിഹരിക്കുന്നതിലെ തർക്കം രൂക്ഷമാകുകയും പകൽ കത്തിയും രാത്രി അണഞ്ഞും കിടക്കുന്ന തെരുവുവിളക്കുകളെക്കുറിച്ച് പരാതി പറഞ്ഞ് നാട്ടുകാർ മടുക്കുകയും ചെയ്ത അവസ്ഥയാണ്.

പകൽ കത്തിക്കിടക്കും രാത്രിയിൽ അണയും

# വൈദ്യുതി പ്രതിസന്ധി അപരിഹാര്യമായ പ്രശ്നമായിരിക്കെയാണ് വഴിവിളക്കുകൾ പകൽ സമയത്ത് മണിക്കൂറുകളോളം കത്തികിടക്കുന്നത്. ജില്ലാക്കോടതി പാലം പൊളിച്ചിട്ടിരിക്കുന്നതിനാൽ എല്ലാ വാഹനങ്ങളും വൈ.എം.സി.എ പാലത്തിന്റെ കിഴക്ക്‌ ഭാഗത്തെ ഇടുങ്ങിയ റോഡിലൂടെയാണ് പോകുന്നത്.

# ഈ റോഡിൽ രാത്രിയിൽ വെളിച്ചമില്ലെങ്കിൽ കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാണ്. ഇക്കാര്യം നാട്ടുകാർ ഇലക്ട്രിസിറ്റി ഓഫീസിൽ അറിയിയിക്കുമ്പോൾ അത് തങ്ങളുടെ ജോലി അല്ലെന്നും കൗൺസിലറെയോ,​ നഗരസഭയെയോ അറിയിക്കാനാണ് മറുപടി ലഭിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു

# സ്കൂളുകൾ,കയർ മെഷീൻ ടൂൾസ് കമ്പനി, താലൂക്ക് ഓഫീസ്, പൊല്യൂഷൻ കൺട്രോൾ ബോർഡ്‌ ഓഫീസ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശത്ത് വഴിവിളക്കുകൾ മിഴിയടയ്ക്കുന്നത് നാട്ടുകാരെ മുഴുവൻ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്

# കെ.എസ്.ഇ.ബിയും നഗരസഭയും പ്രശ്ന പരിഹാരത്തിന് തയ്യാറാകാത്ത സാഹചര്യത്തിൽ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും പരാതി നൽകിയിരിക്കുകയാണ് നാട്ടുകാർ

വഴിവിളക്ക് കത്താത്തതിൽ പല തവണ കെ.എസ്.ഇ.ബി ഓഫീസിലെത്തി പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടാകാത്ത സ്ഥിതിയാണ്. വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കുമുൾപ്പെടെ പരാതി നൽകിയിരിക്കുകയാണ്

- മുരളീ കൃഷ്ണൻ, പ്രദേശവാസി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL