
ആലപ്പുഴ: രാത്രിയായാൽ കോടതിപ്പാലം മുതൽ ഔട്ട് പോസ്റ്റ് വരെയുള്ള സർവീസ് റോഡിലൂടെ ഇരുട്ടിൽ തപ്പിത്തടഞ്ഞ് യാത്ര ചെയ്യേണ്ട ഗതികേടിലാണ് കാൽനടയാത്രക്കാർ. റോഡിൽ വഴിവിളക്കുകളില്ലാതായതോടെ രാത്രി ഈ വഴിയിലൂടെയുള്ള യാത്ര ദുരിതമായിരിക്കുകയാണ്.
വൈ.എം.സി.എ, മുല്ലയ്ക്കൽ ഭാഗങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള പ്രധാന വഴികളിലൊന്നാണിത്. ദിവസവും നിരവധി യാത്രക്കാരാണ് ഈ ഇടുങ്ങിയ റോഡിലൂടെ കടന്നുപോകുന്നത്. എന്നാൽ രാത്രിയായാൽ സമീപത്തെ കടകളിൽ നിന്നുള്ള അരണ്ട വെളിച്ചം മാത്രമാണ് വഴികാട്ടി.
കോടതിപ്പാലം നിർമ്മാണത്തിന്റെ ഭാഗമായി വൈദ്യുതി ലൈനുകൾ മാറ്റിസ്ഥാപിച്ചതോടെയാണ് ഈ ഭാഗത്ത് വഴിവിളക്കില്ലാതായത്. വാഹനഗതാഗതം നിരോധിച്ചതോടെ കാൽനടയാത്രക്കാർ മാത്രമാണ് നടന്നുപോകുന്നത്. റോഡിൽ അലക്ഷ്യമായി കിടക്കുന്ന കമ്പികളും വയറുകളും മറ്റും യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നുണ്ട്. വെളിച്ചമില്ലാത്തതിനാൽ ഇവ ശ്രദ്ധയിൽപ്പെടാതെ കാൽനടയാത്രക്കാർ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയും കൂടുതലാണ്.
.................................
# വഴികാട്ടികാട്ടിയായി കടകളിൽ നിന്നുള്ള വെളിച്ചം
പാലം നിർമ്മാണം നടക്കുന്നതിനാൽ നിലവിൽ റോഡിന്റെ അറ്റകുറ്റപ്പണി സാദ്ധ്യമല്ലെങ്കിലും അടിയന്തിരമായി താത്കാലിക വഴിവിളക്കെങ്കിലും സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
മഴ പെയ്യുമ്പോൾ റോഡിൽ ചെളിയും വെള്ളക്കെട്ടും രൂപപ്പെടുന്നതോടെ സ്ഥിതി കൂടുതൽ ദുരിതകരമാകും.
യാത്രക്കാരുടെ സുരക്ഷ മുൻനിറുത്തി നിർമ്മാണ കമ്പനിയോ നഗരസഭയോ അടിയന്തരമായി വഴിവിളക്കുകൾ സ്ഥാപിക്കാൻ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വെളിച്ചമില്ലാത്തതിനാൽ രാത്രികാലങ്ങളിൽ ഈ റോഡിലൂടെയുള്ള യാത്ര വലിയ ബുദ്ധിമുട്ടാണ്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വെളിച്ചം ഉറപ്പാക്കാൻ അധികൃതർ തയ്യാറാകണം.
-മഞ്ജു, യാത്രക്കാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |