SignIn
Kerala Kaumudi Online
Wednesday, 02 September 2026 9.27 AM IST

മെഡിക്കൽ കോളേജ് ആശുപത്രി റേഡിയോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല

ambala

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ റേഡിയോളജി വിഭാഗത്തിലെ ഡോക്ടർമാരുടെ കുറവും രോഗികളുടെ വർദ്ധനയും സി.ടി.പരിശോധനയും ചികിത്സയും വൈകാൻ കാരണമാകുന്നു. ഒരു പ്രൊഫസറും നാല് അസിസ്റ്റന്റ് പ്രൊഫസർമാരും വേണ്ടിടത്ത് രണ്ട് ഡോക്ടർമാർ മാത്രമാണുള്ളത്. റസിഡന്റ് ഡോക്ടർമാർ നാലെണ്ണം വേണ്ടിടത്ത് രണ്ട് ജൂനിയർ മാത്രമാണുള്ളത്. ഡോക്ടർമാരുടെ കുറവ്,​ റേഡിയോളജി വിഭാഗത്തിന് കീഴിലുള്ള പരിശോധനകളായ സി.ടി സ്കാൻ, എം.ആർ.ഐ, അൾട്രാസൗണ്ട് സ്കാനിംഗ് റിപ്പോർട്ടുകൾ വൈകുന്നതിന് കാരണമാകുകയും ഇത് രോഗികളുടെ ചികിത്സയെ ബാധിക്കുകയും ചെയ്യുന്നു. ഡോക്ടർമാർ തന്നെ റിപ്പോർട്ട് തയ്യാറാക്കേണ്ടതിനാൽ 15 ദിവസം വരെ കഴിഞ്ഞാണ് പരിശോധനാ ഫലം രോഗികൾക്ക് ലഭിക്കുന്നത്. സി.ടി സ്കാൻ, എം.ആർ.ഐ തുടങ്ങിയ പരിശോധനകൾ അത്യാവശ്യമായി വേണ്ടിയുള്ള രോഗികൾക്ക് പോലും ആഴ്ചകൾ കഴിഞ്ഞുള്ള ഡേറ്റ് കൊടുത്ത് വിടുന്നത്. ഇതുകാരണം ഉടൻ ചികിത്സ ലഭിക്കേണ്ട രോഗികൾക്ക് അത് കിട്ടാത്ത അവസ്ഥയാണ്. ദിവസേന 60 മുതൽ 80 പേർ വരെ സി.ടി പരിശോധനകൾക്കായി എത്തുന്നുണ്ടെന്നാണ് കണക്ക്.

പരിശോധനകൾ വൈകുന്നു

# ദേശീയപാതയോരത്തുള്ള ആശുപത്രിയായതിനാൽ അപകടത്തിൽപ്പെട്ടും അല്ലാതെയും അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ അടിയന്തരമായി സി.ടി പരിശോധനകൾക്ക് വിധേയമാക്കേണ്ടിയും വരുന്നു. വാർഡുകളിൽ ചികിത്സയിൽ കഴിയുന്നവർക്ക് സി.ടി സ്കാനിംഗിനായി ദിവസങ്ങളും ആഴ്ചകളും കിടക്കേണ്ടിയും വരുന്നു

# എം.ആർ.ഐ സ്കാനിംഗിനായി മൂന്നു മാസം വരെയുള്ള ഡേറ്റുകളാണ് നൽകുന്നത്. ഇവിടെ 1100 രൂപയ്ക്ക് സ്കാനിംഗ് ചെയ്യുമ്പോൾ സ്വകാര്യ സെന്ററുകളിൽ 2600 മുതൽ 3000 വരെയാണ് ചെലവ്. നീണ്ട ഡേറ്റ് കൊടുത്ത് വിടുന്നതിനാൽ പലരും സ്വകാര്യ ലാബുകളിൽ പരിശോധനകൾ നടത്താൻ നിർബന്ധിതരാകുകയാണ്

# ഹെൽത്ത് കാർഡുള്ളവർക്ക് പരിശോധനകൾക്കുളള തുക കാർഡിൽ നിന്നുമാണ് ഈടാക്കുന്നത്. ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുകയും, പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്ത് രോഗികളുടെ ദുരവസ്ഥ മാറ്റണമെന്നാണ് രോഗികളും ബന്ധുക്കളും ആവശ്യപ്പെടുന്നത്

സി.ടി, എം.ആർ.ഐ പരിശോധനകൾക്കായി മാസങ്ങൾക്ക് ശേഷമുള്ള ഡേറ്റ് കൊടുക്കുന്നത് രോഗികൾക്ക് ഏറെ ദുരിതത്തിലാക്കുന്നു. പലർക്കും സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നു. നിർധനരായ രോഗികളാണ് ഏറെ വലയുന്നത്

-വി. ഉത്തമൻ അമ്പലപ്പുഴ,​ പൊതുപ്രവർത്തകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL