
തുറവൂർ: ദേശീയപാതയിലെ ഉയരപ്പാത നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന വിതരണ പൈപ്പ് വീണ്ടും പൊട്ടിയതിനെ തുടർന്ന് വിവിധ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം നിലച്ചു. തുറവൂർ കവലയ്ക്ക് തെക്കുഭാഗത്ത് ഇന്നലെ വൈകിട്ടാണ്പൈപ്പ് പൊട്ടിയത്.
ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് ശുദ്ധജല വിതരണത്തിന്റെ പ്രധാന പൈപ്പ് തകർന്നത്. പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴായി. വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജലവിതരണം താൽക്കാലികമായി നിർത്തിവച്ചു. തുറവൂർ, പട്ടണക്കാട്, വയലാർ, കടക്കരപ്പള്ളി പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് തടസപ്പെട്ടത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ചോർച്ച പരിഹരിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിച്ചിട്ടുണ്ടെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
ദേശീയപാത നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മേഖലയിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ നിരന്തരം പൊട്ടുന്നത് നാട്ടുകാരിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നിരവധി തവണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുകയും ദിവസങ്ങളോളം കുടിവെള്ള വിതരണം തടസപ്പെടുകയും ചെയ്തിട്ടും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. തുടർച്ചയായി ഉണ്ടാകുന്ന പൈപ്പ് പൊട്ടൽ കാരണം തുറവൂർ–അരൂർ മേഖലയിലെ ജനങ്ങൾ കടുത്ത കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |