
കൊച്ചി: കോർപ്പറേഷൻ പരിധിയിൽ അനധികൃതമായി പ്രവർത്തിക്കുന്നത് നൂറോളം ഡേ കെയറുകളും പ്ലേ സ്കൂളുകളും. വിവരാവകാശ രേഖകൾ പ്രകാരം, കോർപ്പറേഷനിലെ 12 ഡിവിഷനുകളിലായി 13 ഡേ കെയറുകൾക്ക് മാത്രമേ ലൈസൻസുള്ളൂ. കോർപ്പറേഷനിലെ 74 ഡിവിഷനിലും ഓരോ ഡേ കെയറെങ്കിലുമുണ്ട് എന്നതാണ് യാഥാർത്ഥ്യം. വീടുകൾ വാടകയ്ക്കെടുത്ത് 10000 രൂപവരെ ഫീസ് വാങ്ങി അനധികൃതമായി പ്രവർത്തിക്കുന്നവയാണ് കൂടുതലും. ഇവയുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ട്.
27-ാം ഡിവിഷനായ അമരാവതിയിലും 7-ാം ഡിവിഷനിലും ഓരോ അനധികൃത ഡേ കെയറുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന കൗൺസിലിൽ നഗരത്തിലെ എല്ലാ കെട്ടിടങ്ങളും സ്ഥാപനങ്ങളും കോർപ്പറേഷൻ ഹെൽത്ത്, എൻജിനീയറിംഗ്, റവന്യൂ വിഭാഗങ്ങൾ പരിശോധിക്കണമെന്നും അനധികൃതമായ സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കണമെന്നും മേയർ എം. അനിൽകുമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.
കോർപ്പറേഷന്റെ ലൈസൻസുള്ളത് 13 എണ്ണത്തിനു മാത്രം
10, 11, 16, 46, 48, 52, 55, 60, 63, 65, 72 എന്നീ ഡിവിഷനുകളിൽ ഓരോ ഡേ കെയർ/പ്ലേ സ്കൂൾ വീതവും ഡിവിഷൻ 39ൽ രണ്ടെണ്ണവും അടക്കം 12 ഡിവിഷനുകളിലായി 13 സ്ഥാപനങ്ങൾക്കാണ് കോർപ്പറേഷന്റെ ലൈസൻസുള്ളത്.
ലൈസൻസ് മാനദണ്ഡം
മുനിസിപ്പൽ ആക്ട് സെക്ഷൻ 447 പ്രകാരമുള്ള രേഖകൾ
കെട്ടിടം കൊമേഴ്‌സ്യൽ ആയിരിക്കണം
കെട്ടിട ഉടമയുടെ സമ്മതപത്രം, മുദ്രപത്രത്തിലെഴുതിയ വാടക കരാറിന്റെ കോപ്പി
പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കുന്നില്ല, ഉറവിട മാലിന്യ സംസ്കരണം, മലിനജലം പൊതു ഓടയിലേക്ക് വിടുന്നില്ല എന്നതിന്റെ സത്യവാങ്മൂലം
കെട്ടിട നികുതി അടച്ചതിന്റെ പകർപ്പ്
ശിശുസൗഹൃദ ടോയ്‌ലെറ്റ്
താഴത്തെ നിലയിലായിരിക്കണം സ്ഥാപനം പ്രവർത്തിക്കേണ്ടത്. ആവശ്യമായ സുരക്ഷ ഉറപ്പാക്കിയ ശേഷം മുകൾ നിലയിലും പ്രവർത്തിക്കാം.
സ്ഥാപനത്തിൽ നിന്ന് ഭക്ഷണം നൽകുന്നുണ്ടെങ്കിൽ ഹെൽത്ത് കാർഡ് എടുക്കണം
ലൈസൻസ് ഫീസ്
(വരുമാനം അനുസരിച്ച്)
10 ലക്ഷം രൂപ വരെ- 500
10-25 ലക്ഷം വരെ- 1000
25 ലക്ഷം മുതൽ രണ്ട് കോടി വരെ- 5000 രൂപ
രണ്ടുമുതൽ അഞ്ച് കോടി വരെ- 10000 രൂപ
അഞ്ച് കോടിമുതൽ മുകളിലേക്ക്- 150000 രൂപ
നഗരസഭ പരിധിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഡേകെയറുകളോ പ്ലേസ്കൂളുകളോ ഉണ്ടെങ്കിൽ അടിയന്തരമായി പരിശോധന നടത്തി നടപടി എടുക്കും
ഡോ. എ. ശശികുമാർ
ഹെൽത്ത് ഓഫീസർ
കോർപ്പറേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |